Skip to main content

വിനോദസഞ്ചാരം

സഞ്ചാരികളുടെ മലപ്പുറം

കാറ്റഗറി :

നിളയുടെ തീരത്തു നിന്നു തുടങ്ങി അറബിക്കടല്‍ത്തീരം ആസ്വദിച്ച് കുന്നുകളും മലകളും കയറിയിറങ്ങി പടയോട്ടങ്ങളുടേയും ചെറുത്തുനില്‍പ്പിന്റേയും വീരേതിഹാസം രചിച്ച മണ്ണില്‍ ചവിട്ടി നീലഗിരിയുടെ താഴ്വാരത്തിലേക്ക് ഒരു യാത്ര. നിളയില്‍ മുങ്ങിക്കുളിച്ചു വരുന്ന കതിരിനോടൊപ്പം നമുക്കും യാത്ര പുറപ്പെടാം. പ്രകൃതി മലപ്പുറത്തിന് നല്‍കിയ ദൃശ്യവിസ്മയങ്ങളുടെ ലോകത്തേക്കുള്ള യാത്ര.  പുലരിയില്‍ നിളയുടെ മാറില്‍ പൊന്‍പ്രഭയാണ്. ഈ തീരത്തു നില്‍ക്കമ്പോള്‍ പോയ കാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ അനുഭൂതി. പേരുകേട്ട തൂലികകള്‍ അക്ഷരങ്ങള്‍ കൊണ്ടു വരച്ച നിള. കെ സി.എസ്. പണിക്കരും, ടി.കെ. പത്മിനിയും, നമ്പൂതിരിയും പിന്നെ പേരറിയാത്ത എത്രയോ പേരും നമ്മുടെ മനസ്സില്‍ വരച്ചിട്ട നിള സ്ക്രീനില്‍ പാട്ടിനും പടയ്ക്കും സംഘട്ടനത്തിനും പശ്ചാത്തലമാകുന്ന നിള. നിളയുടെ മണല്‍ത്തിട്ടയിലൂടെ പുലരിയില്‍ തുടങ്ങിയ യാത്ര സന്ധ്യയായാലും അവസാനിപ്പിക്കണമെന്ന് തോന്നില്ല.

ബിയ്യം കായല്‍

കാറ്റഗറി :

പൊന്നാനി നഗര ഹൃദയത്തില്‍ നിന്നും കിഴക്ക് മാറി കുണ്ടുംകടവ് ജംഗ്ഷനില്‍ ഗുരുവായൂര്‍ മാറഞ്ചേരി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബിയ്യം കായലിലെത്താം. വടക്ക് കിഴക്കേ അതിരില്‍ ബണ്ട് കെട്ടി വേര്‍തിരിച്ചിരിക്കുന്നു. ബണ്ടിനപ്പുറം വിശാലമായ ചതുപ്പാണ്. ഈ ചതുപ്പിലൂടെ ഊര്‍ന്നിറങ്ങുന്ന നീരൊഴുക്കാണ് ബിയ്യം കായലിലെ ജലസമൂദ്ധിക്ക് നിദാനം. എല്ലാ വര്‍ഷവും ഓണക്കാലത്ത് നടക്കുന്ന ജലോത്സവം കാണാന്‍ ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. സ്പീഡ് ബോട്ടുകള്‍ , പെടല്‍ ബോട്ടുകള്‍ , തുഴച്ചില്‍ ബോട്ടുകള്‍ , ഹൗസ് ബോട്ടുകള്‍ എന്നിവ ഡി.ടി.പി.സി. ഒരുക്കിയിരിക്കുന്നു.

കൊടികുത്തി മല

കാറ്റഗറി :

സമുദ്ര നിപ്പില്‍ നിന്നും 1500 അടി ഉയരത്തിലുള്ള തണുത്ത കലാവസ്ഥയുള്ള പ്രദേശം. 1000 അടിതാഴ്ചയിലേക്ക് നോക്കാവുന്ന തരത്തില്‍ ആത്മഹത്യാ മുനമ്പ് പ്രത്യേക ആകര്‍ഷണം തന്നെ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിച്ച നിരീക്ഷണ ഗോപുരമാണ് കൊടുത്തിമലയിലെ പ്രത്യേകത. 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകൃതിയുടെ ദൃശ്യഭംഗിയും കൊടികുത്തി മലക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. വിപുലമായ പൂന്തോട്ടവും അനുബന്ധ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ഡി.ടിപി.സി ക്ക് പദ്ധതിയുണ്ട്. മുമ്പ് ഇവിടെ ഗിരിവര്‍ഗ്ഗക്കാരായ ആളന്മാരുടെ ആവാസ കേന്ദ്രമായിരുന്നു. പെരിന്തലമണ്ണയില്‍ നിന്ന് ഇവിടേക്ക് 7കിലോമീറ്റര്‍ ദൂരംമേയുള്ളൂ.

ആഢ്യന്‍പാറ വെള്ളച്ചാട്ടം

കാറ്റഗറി :

ആഢ്യന്‍പാറ വെള്ളച്ചാട്ടം ഹ്യദയഹാരിയായ ഒരു ദ്യശ്യമാണ്. വയനാട്ടിലെ ലക്കിടിയില്‍ നിന്നും ഉത്ഭവിച്ച് കരിമ്പുഴയായികൂടുംപാറയും പാമ്പും മുടിയും കടന്ന് പാറക്കെട്ടുകളിലൂടെ തടം തല്ലിയൊഴുകി ചാലിയാറില്‍ ചേരുന്നതിന് മുമ്പാണ് വെള്ളച്ചാട്ടത്തിന്റെ മാസ്മരികതയിലൂടെ ആഢ്യന്‍പാറ സഞ്ചാരികളുടെ കണ്ണിന് വിരുന്നെരുക്കുന്നത്. നിലമ്പൂര്‍ ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇടത്തോട്ട് തിരിയുന്ന റോഡ് ആഢ്യന്‍പാറയിലേക്ക് നയിക്കുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മുന്നാം വാര്‍ഡായ മുട്ടിയേല്‍ നിന്നും ഒന്നര കിലോമീറ്റര്‍ കുത്തനേയുള്ള കയറ്റം കയറി വേണം ആഢ്യന്‍പാറയിലേക്ക് എത്താന്‍. വെള്ളച്ചാട്ടത്തിന് താഴെ കരിമ്പുഴയുടെ പ്രശാന്തതയില്‍ നീന്തി കളിക്കാം. വനപാതകളിലൂടെ കൂടംപാറയിലേക്കുള്ള ട്രക്കിംഗ് മനസ്സിനും വപുസ്സിനും കുളകമയേകുന്നു. അഡ്യന്‍പാറയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരോസഞ്ചാരിയും ആശിച്ച് പോകും ഒരിക്കല്‍ കൂടി അഡ്യന്‍പാറയില്‍ എത്താന്‍ .

കൊണോലീസ് പ്ലോട്ട്

കാറ്റഗറി :

ലോകത്തിലാദ്യമായി ആസൂത്രിതമായി തേക്കു കൃഷി നടത്തിയിട്ടുള്ളത് നിലമ്പൂരിലാണെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. അക്കാലത്ത് മലബാര്‍ കലക്ടറായിരുന്ന എച്ച്.വി. കൊണോലിയുടെ നിര്‍ദ്ദേശാനുസരണം ശ്രീ.ചാത്തുമേനോനാണ് 1841നും 1855 നം മധ്യേ നിലമ്പൂരില്‍ 1500 ഏക്കര്‍ തേക്ക് തോട്ടം വെച്ചു പിടിപ്പിച്ചത്. ഇതില്‍ 14.8 ഏക്കറിലെ തോട്ടം കൊണാലീസ് പ്ലോട്ട് എന്ന പേരില്‍ പ്രത്യേക സംരക്ഷണത്തില്‍ നിലനിര്‍ത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ യുദ്ധാവശ്യങ്ങള്‍ക്കായി മുറിച്ചു കൊണ്ടുപോയതായി രേഖകള്‍ പറയുന്നു. അവശേഷിക്കുന്ന 5.7 ഏക്കര്‍ സ്ഥലത്തെ തേക്കുമരങ്ങള്‍ ചരിത്രത്തിനു സാക്ഷിയായി ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.

നെടുങ്കയം

കാറ്റഗറി :

നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്നും പുതുമയും ബലവും വേരോടെ നില്‍ക്കുന്ന 1930കളില്‍ നിര്‍മ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്.  ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശില്‍പി. കരിമ്പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു ഡോസന്‍ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.

Syndicate content