Skip to main content

ഇ.എം.എസ്. നമ്പൂതിരിപ്പാട്

1909 ജൂണ്‍ 13ന് അഷ്ട ഗ്രഹത്തില്‍ ആഢ്യന്മാരില്‍പ്പെട്ട വള്ളുവനാട്ടിലെ ഏലംകുളത്തു മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും വലപ്പുഴ വടക്കിനിയേടത്ത് വിഷ്ണുദത്ത അന്തര്‍ജ്ജനത്തിന്‍റെയും നാലാമത്തെ പുത്രനായി ശങ്കരന്‍ ജനിച്ചു. കുട്ടിക്കാലത്ത് ഔപചാരിക വിദ്യാഭ്യാസത്തിനു പകരം പാരമ്പര്യ രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസമാണ് ലഭിച്ചത്. മകനെ മിടുക്കനായ ഒരു വേദജ്ഞനാക്കണമെന്നായിരുന്നു അമ്മയുടെ മോഹം. അച്ഛന്‍ നേരത്തെ മരിച്ചു പോയത്കൊണ്ട് അമ്മയുടെ ശിക്ഷണത്തിലാണ് വളര്‍ന്നത്. അദമ്യമായ ഇച്ഛാശക്തിയും നിസ്തന്ദ്രമായ അന്വേഷണ തൃഷ്ണയും ഉണ്ടായിരുന്നതു കൊണ്ട് കൈയില്‍ കിട്ടിയ പുസ്തകങ്ങളും പത്രമാസികകളും തപ്പിപ്പിടിച്ചു വായിച്ചു. അങ്ങനെ എഴുതാനറിയില്ലെങ്കിലും നല്ലൊരു വായനക്കാരനായി. ദേശീയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത് മാതൃഭൂമി ദിനപത്രമാണ്. ആദ്യകാലത്ത് പ്രവര്‍ത്തിച്ചത് സാമൂഹ്യപരിഷ്കരണ രംഗത്താണ്.

പതിനാലാമത്തെ വയസ്സില്‍ നമ്പൂതിരി യോഗക്ഷേമസഭയുടെ കീഴിലുള്ള വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പൊതു പ്രവര്‍ത്തന രംഗത്തേക്കുള്ള ആദ്യത്തെ കാല്‍വെപ്പായിരുന്നു അത്. ഇതെല്ലാം കഴിഞ്ഞ് 16-മത്തെ വയസ്സിലാണ് സ്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. 1925ല്‍ പെരിന്തല്‍മണ്ണ ഗവ.ഹൈസ്കൂളില്‍ തേര്‍ഡ് ഫോറത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പിന്നീട് പ്രമുഖ കോണ്‍ഗ്രസ് നേതാവായി മാറിയ എം.പി. ഗോവിന്ദ മേനോനായിരുന്നു ചരിത്രാധ്യാപകന്‍ .

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് ചേര്‍ന്നു. 1932 ജനുവരിയില്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് പഠനം ഉപേക്ഷിച്ച് സിവില്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുക്കുവാന്‍ കോഴിക്കോട്ടേക്ക് പോയി. ജനുവരി 18ന് നിയമം ലംഘിച്ച് അറസ്റ്റ് വരിച്ചു. ഹൈസ്കൂള്‍ അഞ്ചാം ഫോറത്തിലായിരുന്നപ്പോള്‍ മദിരാശിയില്‍ എ.ഐ.സി.സി സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. തൃശ്ശൂരില്‍ സെന്‍റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് നമ്പൂതിരി യോഗ ക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. യോഗ ക്ഷേമസഭയുടെ മുഖപത്രമായ ഉണ്ണിനമ്പൂതിരി മാസികയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സിവില്‍ നിയമലംഘനത്തിന് അറസ്റ്റ് ചെയ്ത് ശിക്ഷിക്കപ്പെട്ട് തടവുകാരനായി കഴിയുന്ന കാലത്താണ് പി.കൃഷ്ണ പിള്ള, എ.കെ.ഗോപാലന്‍ തുടങ്ങിയവരുമായി പരിചയപ്പെടുന്നത്. ഇവരൊക്കെ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷചിന്താഗതിക്കാരായിരുന്നു. ലാഹോര്‍
ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബംഗാളികളായ പല വിപ്ലവകാരികളും ജയിലില്‍ ഉണ്ടായിരുന്നു. അവരുമായുള്ള സമ്പര്‍ക്കം ഇടതുപക്ഷ കാഴ്ചപ്പാടിന് കൂടുതല്‍ വ്യക്തതയും സംഘടിതരൂപവും നല്‍കാന്‍ സഹായകമായി.

1933ല്‍ വെല്ലൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തകനായി. കൃഷ്ണപിള്ളയായിരുന്നു പ്രേരണ  നല്‍കിയത്. 1934ല്‍ ബോംബെയിലെ റസിമണി മാന്‍ഷനില്‍ വെച്ച് ജയപ്രകാശ് നാരായണന്‍ സെക്രട്ടറിയായി രൂപം കൊണ്ട അഖിലേന്ത്യ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ്  പാര്‍ട്ടിയുടെ നാല് ജോ.സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് കെ.പി.സി.സിയുടെ സെക്രട്ടറിയായിരുന്നു. ഈ സ്ഥാനത്ത് തുടരുമ്പോള്‍ തന്നെ 1935ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകം രൂപീകരിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. 1935ല്‍ ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം പത്രം പ്രസിദ്ധീകരിച്ചു. 1940 ഒക്ടോബര്‍ 12ന് കെ.പി.സി.സി പിരിച്ചുവിട്ടുകൊണ്ട് എ.ഐ.സി.സി വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ ഇ.എം.എസ്. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജോ.സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍, കെ.പി.സി.സി സെക്രട്ടറി എന്നീ മൂന്ന് സ്ഥാനങ്ങളും വഹിച്ചു. 1939 ഫെബ്രുവരിയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മദിരാശി നിയമസഭാംഗമായി. 1940 മുതല്‍ 3 വര്‍ഷക്കാലം ഒളിവില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1937ല്‍ ആണ് ഇ.എം.എസ് വിവാഹിതനായത്.  കോട്ടയം കുടമാളൂര്‍ തെക്കേടത്ത് അന്തര്‍ജ്ജനമായിരുന്നു വധു.

1957ല്‍ ലോക ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നായകനായി. കേവലം 17 മാസം മാത്രം നിലനിന്ന ആ ഭരണമാണ് കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ച നിയമങ്ങള്‍ നടപ്പിലാക്കിയത്. 1959ല്‍ കേന്ദ്ര ഗവണ്‍മെന്‍റ് മന്ത്രിസഭ പിരിച്ചുവിട്ടു.1960ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി. 1963 – 64 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ (എം) രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായി (അന്ന് അസംബ്ലി കൂടാതെ പിരിച്ചുവിടുകയായിരുന്നു.) 1967ല്‍ ഐക്യമുന്നണി മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി. 1977 മുതല്‍ 1989 വരെ കമ്മ്യൂണിസ്റ്റ് (മാര്‍കിസ്റ്റ്) പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എ.കെ.ജി. പൂനെ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ , മാര്‍കിസ്റ്റ് സംവാദം ത്രൈമാസികയുടെ പത്രാധിപര്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മാര്‍ച്ച് മാസത്തില്‍ സംഭവബഹുലവും കര്‍മ്മനിരതവുമായ ആ ജീവിതത്തിന് തിരശ്ശീല വീണു. സമ്പന്നമായ തറവാട് ഭാഗിച്ചപ്പോള്‍ തന്റെ ഓഹരിയായി ലഭിച്ച ഭൂസ്വത്ത് മുഴുവന്‍ വിറ്റ് കിട്ടിയ ധനമത്രയും പാര്‍ട്ടിക് സംഭാവന ചെയ്ത ഇ.എം.എസ്. പത്രമാസികകള്‍ക്ക് ലേഖനമെഴുതിയതിന് ലഭിച്ചിരുന്ന റോയല്‍റ്റി കൂടി പാര്‍ട്ടിക്ക് നല്‍കി. തന്റെ സമ്പത്തും ബുദ്ധിയും, കര്‍മ്മ ശക്തിയുമെല്ലാം പാര്‍ട്ടിക്ക് സമര്‍പ്പിച്ച് അവധുതുല്യനായി ജീവിച്ച ഇ.എം.എസ്സിന് തുല്യനായ ഒരാളെ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയില്ല.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.