Skip to main content

ഒറ്റകത്ത് പുതിയ മാളിയേക്കല്‍ തറവാട്

മലപ്പുറം വലിയങ്ങാടിയിലെ ഒറ്റകത്ത് പുതിയ മാളിയേക്കല്‍ തറവാട് ഭവനം ഏറെ പ്രസിദ്ധമാണ്. മലപ്പുറം ശുഹദാക്കളുടെ ജാറത്തിന് സമീപമുള്ള ഈ വീടിന് 177 വര്‍ഷം പഴക്കമുണ്ട്. ഹിജ്റ: വര്‍ഷം 1251ല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ലാഹില്‍ മുശയ്യഖാണ് ഈ വീട് നിര്‍മ്മിച്ചതെന്ന് പൂമുഖത്തെ പ്രധാന കവാടത്തില്‍ മരത്തില്‍ കൊത്തി വെച്ചിട്ടുണ്ട്. പതിറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ക്ക് സജീവ സാക്ഷിയായി, പഴമയുടെ പ്രൗഡിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ തറവാട് ധാരാളം പ്രതിഭകള്‍ക്ക് ജന്മം നല്‍കി. ഇപ്പോഴത്തെ മലപ്പുറം ഖാസി ഒ.പി.എം. സയ്യിദ് മുത്തുക്കോയ തങ്ങളും അദ്ദേഹത്തിന്റെ പിതാമഹാന്‍മാരായ മലപ്പുറം ഖാസി പരമ്പരയിലെ പൂര്‍വ്വികന്‍മാരും ഈ തറവാടിന്റെ സന്തതികളാണ്. ചരിത്ര പ്രസിദ്ധമായ പൊന്നാനി വലിയ ജാറത്തിങ്ങല്‍ ഐദറൂസ് സയ്യിദ് വംശത്തിന്റെ ശാഖയാണ് ഈ കുടുംബം.

മലപ്പുറം ശുഹദാക്കളെക്കുറിച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച മലപ്പുറം ഖിസ്സപ്പാട്ട് ആദ്യമായി പാടിക്കേള്‍പ്പിച്ചത് ഈ വീട്ടിലാണ്. ഇക്കാര്യം ഖിസ്സപ്പാട്ടിന്റെ അവസാന ഭാഗത്ത് വൈദ്യര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മതപ്രബോധന രംഗത്തും സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പൂക്കോയ തങ്ങള്‍ , ഖാന്‍ ബഹദൂര്‍ ഒ.പി.എം.മുത്തുക്കോയ തങ്ങള്‍ , ചെറുകോയ തങ്ങള്‍ തുടങ്ങിയവര്‍ ഈ തറവാട്ടില്‍ ഏറെ ശോഭിച്ചവരാണ്. മലബാര്‍ കലാപ സമയത്ത് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റാന്‍ വിധിച്ച ഒട്ടേറെ നിരപരാധികളെ സ്വന്തം ജാമ്യത്തില്‍ മോചിപ്പിച്ച ഈ തറവാടിന്റെ സന്തതിയായ മുന്‍ മലപ്പുറം ഖാസി ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍ ഏറനാടന്‍ മുസ്ലികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ പൗത്രനാണ് പിന്നീട് ഖാസിയായിരുന്ന ഒ.പി.എം.സയ്യിദ് മുത്തുക്കോയ തങ്ങള്‍ .

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.