വ്യവസായ വകുപ്പ് നല്‍കിയ മാര്‍ജിന്‍ മണി വായ്പക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവായി. മാര്‍ച്ച് 31 വരെയാണ് കാലാവധി. തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കാണ് പദ്ധതി ബാധകമാവുക. വായ്പ വാങ്ങിയ സംരംഭകന്‍ മരണപ്പെടുകയും സ്ഥാപനം നിന്നുപോകുകയും സ്ഥാപനത്തിന്റെ ആസ്തികള്‍ നിലവിലില്ലാതിരിക്കയും ചെയ്ത കേസുകളില്‍ മുതലും പലിശയും പിഴപ്പലിശയും എഴുതിതള്ളും. മരണപ്പെട്ട സംരംഭകന്റെ അവകാശികള്‍ ഇതിനായി അപേക്ഷിക്കണം.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ നെറ്റ് വര്‍ത്ത് നെഗറ്റീവ് ആണെങ്കില്‍ അന്‍പത് ശതമാനം പലിശയും പിഴപലിശയും എഴുതിത്തള്ളും. പീഡിത വ്യവസായ പദ്ധതി പ്രകാരം പുന:രുദ്ധാരണത്തിനായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ മുതലിന്റെ അന്‍പത് ശതമാനം ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ഗഡുക്കളായി അടക്കുകയാണെങ്കില്‍ ബാക്കി തുക അടക്കുന്നതിന് രണ്ട് വര്‍ഷം സാവകാശം ലഭിക്കും. കൂടാതെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. പദ്ധതിയുടെ ആനുകൂല്യത്തിനായി രേഖകള്‍ സഹിതം മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസിലോ മാര്‍ച്ച് 25 നകം അപേക്ഷ നല്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബ്ലോക്കിലെയും നഗരസഭയിലുമുള്ള വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടാം. ഫോണ്‍ : 0483 2734812, 2737405.






