ഇന്ത്യയിലെ ഏറ്റവും മനോഹരമായി രൂപകല്‍പന ചെയ്ത വിമാനത്താവള ങ്ങളിലൊന്നായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ എന്ന സ്ഥലത്താണ്. ജില്ലാ ആസ്ഥാനത്തു നിന്നും ഇവിടേക്ക് ദൂരം 26 കിലോമീറ്ററാണ്. നൈറ്റ് ലാന്‍ഡിംഗ് സൗകര്യമുള്ള ഇവിടേക്ക് 140 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നു. 2002 ജനുവരി 15ന് ഹജ്ജ് വിമാന സര്‍വ്വീസ് ഇവിടെ നിന്നും ആരംഭിച്ചു. മംഗലാപുരം-ചെന്നൈ റെയില്‍പാത, നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ റെയില്‍പാത എന്നീ രണ്ട് റെയില്‍ പാതകള്‍ ജില്ലയിലൂടെ കടന്നു പോകുന്നു. തിരൂര്‍ ആണ് ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ .
ജില്ലയിലെ റോഡ് ഗതാഗതം വളരെ മികച്ചതാണ്. ദേശീയ പാത 17 വടക്ക് ഇടിമൂഴിക്കലില്‍ ജില്ലയില്‍ പ്രവേശിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോട്ടക്കല്‍, വളാഞ്ചേരി, പുതുപൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലൂടെ കടിക്കാട് വെച്ച് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നു. 82 കി.മീ. ദൂരമാണ് ദേശീയ പാത 17 ജില്ലയിലൂടെ കടന്നു പോകുന്നത്. രാമനാട്ടുകരക്കടുത്ത് ഐക്കരപ്പടിയില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന ദേശീയ പാത 213 കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ എന്നീ പ്രദേശങ്ങള്‍ കടന്ന് കരിങ്കല്ലത്താണിയിലൂടെ പാലക്കാട് ജില്ലയിലേക്കും പ്രവേശിക്കുന്നു. കോഴിക്കോട്-നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റോഡ്, തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡ്, പാലക്കാട് - പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റോഡ്, കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ റോഡ് എന്നീ പ്രധാന സംസ്ഥാന പാതകള്‍ ജില്ലയിലൂടെ കടന്നു പോകുന്നു. മൊത്തം 208.178 കി.മീ സംസ്ഥാന പാതകളും, 1220.202 കി.മീ പ്രധാന ജില്ലാ റോഡുകളും, 160 കി.മീ. ഗ്രാമീണ റോഡുകളും ജില്ലയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു.
ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം, തൂതപ്പാലം, പുലാമന്തോള്‍ പാലം എന്നിവയും, കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള കടലുണ്ടിക്കടവ്, കോട്ടക്കടവ്, തയ്യിലക്കടവ്, പനമ്പുഴ, കൂമന്‍കല്ല്, നൂറടി, കൂട്ടിലങ്ങാടി, ആനക്കയം, മേലാറ്റൂര്‍ , കാളികാവ്, ഒലിപ്രം കടവ് പാലങ്ങളും, ചാലിയാറിന്റെയും പോഷക നദികളുടെയും കുറുകെയുള്ള അരീക്കോട്, എടവണ്ണ, മമ്പാട്, വടപ്പുറം, മയിലാടി, കരിമ്പുഴ, കൂരാട്, കാറ്റാടിക്കടവ്, ചേരുപ്പുഴ, കടുങ്ങല്ലൂര്‍ , പൂങ്കുടി എന്നീ പാലങ്ങളും തിരൂര്‍പുഴക്ക് കുറുകെയുള്ള എടക്കുളം, തലക്കടത്തൂര്‍ , തിരൂര്‍ , ഉണ്യാല്‍ , മാങ്ങാട്ടിരി, എട്ടിരിക്കടവ് എന്നീ പാലങ്ങളും ടി.എന്‍ കനാലിന് കുറുകെയുള്ള താനൂര്‍ പാലവും ജില്ലയുടെ റോഡ് ഗതാഗതത്തെ സഹായിക്കുന്നു.







Post new comment