Skip to main content

ജില്ലയിലെ സ്ഥലനാമങ്ങള്‍ - ഒരു പഠനം

കാറ്റഗറി :

നാടോടി വിജ്ഞാനീയത്തിന്റെ അവിഭാജ്യമായി വളര്‍ന്നു കൊണ്ടിരിക്കുന്ന വൈജ്ഞാനിക ശാഖയാണ് സ്ഥല നാമ പഠനം. ഒരു സ്ഥലത്തിന്റെ / ദേശത്തിന്റെ ചരിത്രം, സസ്കാരം, ജീവിത രീതി, ഭൂമിശാസ്ത്ര സവിശേഷതകള്‍ എന്നിവ അറിയുന്നതിന് സ്ഥല നാമങ്ങള്‍ ഏറെ സഹായിക്കുന്നു. പ്രാചീന കാലം മുതല്‍ക്കു തന്നെ വ്യത്യസ്ത ദേശങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി ദേശ നാമങ്ങള്‍ നല്കി വന്നിരുന്നു. ജനജീവിത കേന്ദ്രങ്ങളെ സൂചിപ്പിക്കാനാണ് ഇത് ഉപകരിച്ചത്. സംഘ കാലത്തെ ഐന്തിക സങ്കല്പം (കുറിഞ്ഞി നിലം, മുല്ലൈനിലം, മരുത നിലം, പാലൈ നിലം, നൈതല്‍ നിലം) ഇതിന്റെ ഭാഗമാണ്. കുട്ടം, കുടം, കര്‍ക്ക, പുഴി, ചിത, വെണ്‍ , മല എന്നിങ്ങനെ ചേര നാടിനെ വിഭജിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.  സ്ഥല ചരിത്രത്തോട് ബന്ധപ്പെട്ടതാണ് സ്ഥലനാമങ്ങളധികവും. പ്രകൃതി സംബന്ധം, ദേവസംബന്ധം, ചരിത്ര സംബന്ധം എന്നിങ്ങനെ സ്ഥലനാമങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. മലപ്പുറം, വള്ളിക്കുന്ന്, വാലില്ലാ പുഴ, വട്ടപ്പാറ, എന്നിവ പ്രകൃതി സംബന്ധിയാണ്. രാമപുരം, കാളികാവ്, ഹനുമാന്‍ കാവ്, അമ്പലവട്ടം എന്നിവ ദേവ സംബന്ധിയായ സ്ഥലപ്പേരുകളില്‍ പെടുന്നു. രായിരമംഗരം (രാജരാജമംഗലം), കേരളാധീശപുരം, കോട്ടക്കല്‍, കോട്ടപ്പടി, പടപ്പറമ്പ് എന്നിവ ചരിത്ര ബന്ധത്തെയാണ് കാണിക്കുന്നത്.

ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി രൂപപ്പെട്ടു വന്നിട്ടുള്ള സ്ഥലനാമങ്ങളാണ് മലപ്പുറം ജില്ലയില്‍ കൂടുതല്‍ കാണുന്നത്. കാട്, മല, കുന്ന്, പാറ, കല്ല്, മണ്ണ്, കര, തുരുത്ത്. പടപ്പ് (മരുതനിലം-വിളഭൂമി), പറമ്പ്, പാടം, കുളമ്പ് (വെള്ളം കിട്ടുന്ന ഉയര്‍ന്ന കൃഷിയിടം). വള്ള് (കൃത്യമായ രൂപമില്ലാത്ത വിളഭൂമി), കടല്‍, പുഴ, തോട്, ചോല, ഏരി (വെള്ളം കൂടുതലായി കെട്ടി നില്‍ക്കുന്ന സ്ഥാനം-ജലാശയം), കുളം, ചിറ (വെള്ളം കെട്ടിനിര്‍ത്തിയത്), ചിന (പായറക്കുഴികളിലെ ജലാശയം), കുഴി, കുണ്ട് എന്നിവയോടു കൂടിയ സ്ഥലനാമങ്ങള്‍ ഭൂപ്രകൃതിയെയാണ് സൂചിപ്പിക്കുന്നത്.
കാട് - കാവില്‍ക്കാട്, വാഴക്കാട്, പൂക്കാട്ടിരി
മല-മലപ്പുറം, പൊന്മല
കുന്ന്-കുന്നുംപുറം, കുന്നിന്മേല്‍ , ചെറുകുന്ന്, വലിയകുന്ന്, വള്ളിക്കുന്ന്, കാരക്കുന്ന്
പാറ - വട്ടപ്പാറ, എടവണ്ണപ്പാറ, കരിങ്ക(ല്‍)പ്പാറ, വെറ്റിലപ്പാറ, പാറപ്പുറം
കല്ല് - കൊടക്കല്ല്.
മണ്ണ് - മണ്‍ചേരി (മഞ്ചേരി) , മണ്‍പാട് (മമ്പാട്), മണ്‍പുറം (മമ്പുറം), ചെമ്മന്തിട്ട (ചെമ്മണ്‍തിട്ട), പെരുമണ്ണ (ണ്ണ്)
കര - ചെറുകര, നറുകര, എടക്കര
തുരുത്ത് - ബാലതുരുത്തി
പടപ്പ് - പെരുമ്പടപ്പ്
പറമ്പ് - ചെറുപറമ്പ്, വലിയ പറമ്പ്, പുതുപറമ്പ്, കീഴുപറമ്പ്, പടപ്പറമ്പ്, വട്ടപ്പറമ്പ്
പാടം - പൂക്കോട്ടുപാടം
കുളമ്പ് - ചെറുകുളമ്പ്, തെക്കേകുളമ്പ്
വള്ള്, പെരുവള്ളൂര് (പെരു+വള്ള്+ഊര്)
കടല്‍ - കടലുണ്ടി
പുഴ - പെരുമ്പുഴ, പനമ്പുഴ, വാലില്ലാപുഴ
തോട് - കാരാത്തോട്, അണ്ടത്തോട്, തോട്ടുമുക്കം
ചോല - ചെറുശ്ശോല, ഇരുമ്പുചോല
ഏരി - വന്നേരി (വന്‍+ഏരി), പരപ്പേരി (പരപ്പ്+ഏരി)
കുളം - ഏലംകുലം, എടക്കുളം, കുളങ്ങര, പുതുകുളങ്ങര
ചിറ - വെട്ടിച്ചിറ, പാക്ക (നാര്‍ )ച്ചിറ, ചിറക്കല്‍
ചിന - കൊല്ലംചിന, ചെനപ്പുറം, ചെനക്കല്‍
കുഴി - കുഴിമണ്ണ, കുഴിപ്പുറം, താമരക്കുഴി
കുണ്ട് - കരുവാരക്കുണ്ട്, കിഴക്കെകുണ്ട്
ദേശത്തിന്റെ ആകൃതിയനുസരിച്ചും പ്രത്യേകതക്കനുസരിച്ചുമുള്ള സ്ഥലപ്പേരുകള്‍
പരപ്പ്നാട് - പരപ്പ്+നാട് (പരന്നു കിടക്കുന്ന നാട്)
പരപ്പൂര് - പരപ്പ്+ഊര് (പരന്നു കിടക്കുന്ന ഊര്)
താനാളൂര് - താഴ്ന്നു കിടക്കുന്ന മണ്‍പ്രദേശം.
ദേവതാ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള സ്ഥലനാമങ്ങളും മലപ്പുറം ജില്ലയില്‍ ഏറെ പരിചയമുള്ളതാണ്. ഇതില്‍ ഏറെ പ്രാചീനമായിട്ടുള്ളതാണ് കാവുകള്‍ - ഉദാ:- കാളികാവ്, ഹനുമാന്‍ കാവ്, ഗരുഡന്‍ കാവ്, ചെറുകാവ്, ചന്ദനക്കാവ്, തൃക്കാവ്, കാവുംപുറം, കാവില്‍ക്കാട്.
തറ, കോട്ട എന്നിങ്ങനെയുള്ള ആരാധനാ കേന്ദ്രങ്ങളെ സൂചിപ്പിക്കുന്ന സ്ഥലപ്പേരുകള്‍ - മുണ്ട്യേന്‍തറ, നിറങ്കൈതക്കോട്ട.
ദേവനാമ സാന്നിദ്ധ്യമുള്ള മറ്റു ദേശങ്ങള്‍ - രാമപുരം, തൃക്കണ്ണാപുരം, നാരായണപുരം, കുറുമ്പത്ത് ഊര്, ചങ്ങരന്‍കുളം (ശങ്കരന്‍കുളം), തൃപ്രങ്ങോട്, തൃക്കണ്ടിയൂര്, വളവന്നൂര്, പരിഹാരപുരം.
ചരിത്രപരമായ വസ്തുതകളെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങള്‍: - രായിരമംഗലം (രാജരാജ മംഗലം), കേരളാധീശപുരം, വള്ളുവനാട്, ആതവനാട്, തിരുവ്വൂര് (തിരൂര്‍), കോട്ടക്കല്‍ , കോട്ടക്കുന്ന്, കോട്ടപ്പടി, പുറത്തൂര് (രാജഭരണത്തിന് പുറത്തുള്ള ഊര്), പടപ്പറമ്പ്, പോരൂര് (പോര്+ഊര്), പള്ളിപ്പുറം, കൊടക്കല്ല്, ക്ലാരി (കളരിയുടെ ഉച്ചാരണ ഭേദം).
ചുങ്കം, കച്ചേരി, കടത്ത്, അത്താണി എന്നിങ്ങനെ ചരിത്രത്തിന്റെ ഭാഗമായി കണക്കാക്കാവുന്ന പദങ്ങളുള്ള സ്ഥലനാമങ്ങളുമുണ്ട്. ഉദാ:- ചുങ്കത്തറ, കച്ചേരിപ്പടി, കച്ചേരിച്ചിറ (കച്ചേരി യുടെ മുന്നിലുള്ള ചിറ) തലക്കടത്തൂര്, കരിങ്കല്ലത്താണി, രണ്ടത്താണി, പുത്തനത്താണി.
തലവെട്ടി ശിക്ഷ നടപ്പാക്കിയിരുന്നു വെട്ടത്തു രാജാക്കന്മാര്‍. അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടുള്ള സ്ഥലനാമങ്ങളാണ്
തലക്കാട് - (വെട്ടിയ തലകള്‍ പുഴയിലേക്കെറിഞ്ഞ് അവ വന്നടിഞ്ഞു കൂടിയ കാട്).
തലക്കര - (തല അക്കരെ എന്നു പറഞ്ഞ് പുഴയിലേക്കെറിഞ്ഞിരുന്ന സ്ഥലം)
കഴുപ്പാടം - (കഴുമരം നിന്നിരുന്ന പാടം)
സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായി രൂപപ്പെട്ടു വന്ന സ്ഥലനാമങ്ങള്‍ :-
കഞ്ഞിപ്പുര, കഞ്ഞിക്കുളം, കഞ്ഞിക്കുഴിങ്ങര.
ജാതിയുടെ അടിസ്ഥാനത്തിലുള്ള ചില സ്ഥലനാമങ്ങള്‍ - മണ്ണാര്‍മല, കാവുതിക്കുളം, ചാലിയത്തെരു, എഴുവന്‍ (ഈഴവന്‍ ) തുരുത്തി, കരുവാന്‍തുരുത്തി, കൊല്ലന്‍ ചിന, ചെട്ടിപ്പടി, വാണിയന്നൂര്, നായര്‍‌തോട്, പട്ടര്‍ നടക്കാവ്.         
വൃക്ഷ-സസ്യാദികളെ അടിസ്ഥാനമാക്കിയും സ്ഥലനാമങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ആല്‍ , പാല, നെല്ലി, പുഴി, കാഞ്ഞിരം, വാഴ, വാക, അത്തി എന്നിങ്ങനെ വൃക്ഷ സാന്നിദ്ധ്യമുള്ള സ്ഥലപ്പേരുകള്‍:-
ആല് - ആല്‍ത്തറ, ആലിങ്ങല്‍ , ആലിന്‍ ചോട്, ആലത്തിയൂര്, തറയിട്ടാല്‍ , തയ്യാലുങ്ങല്‍
പാല - പാലക്കല്‍ , പാലത്തറ, പാലപ്പെട്ടി, കുറ്റിപ്പാല
നെല്ലി - നെല്ലിക്കുന്ന്, നെല്ലിക്കുത്ത്, നെല്ലിപ്പറമ്പ്
പുളി - പുളിക്കല്‍
കാഞ്ഞിരം - കാഞ്ഞിരമുക്ക്, കാഞ്ഞിരക്കോല്‍ , വള്ളിക്കാഞ്ഞിരം.
വാഴ - വാഴയൂര് , വാഴക്കാട്
വാക - വാകയൂര്
അത്തി - അത്തിപ്പൊറ്റ            
വൃക്ഷ-സസ്യങ്ങളുടെ പേരുകള്‍ വരുന്ന അപൂര്‍വ്വമായ ചില സ്ഥലനാമങ്ങള്‍
വെള്ളില,, കൊന്നക്കാവ്, മൂച്ചിക്കല്‍ (മൂച്ചി=മാവ്), പറങ്കി മൂച്ചിക്കല്‍ (പറങ്കി മൂച്ചി = കശുമാവ്), താന്നിയൂര് (താനൂര്), തുവ്വക്കാട്, നിറമരുതൂര്‍, വാളമരുതൂര്‍
പക്ഷി-മൃഗാദികളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലപ്പേരുകള്‍ കുറഞ്ഞ തോതില്‍ മലപ്പുറം ജില്ലയിലുണ്ട്. ശുകപുരം, കാക്കഞ്ചേരി, വെള്ളാമശ്ശേരി, പട്ടിക്കാട്, പോത്തുകല്ല്.
ദിക്ക്, ദിശ എന്നിങ്ങനെ സ്ഥാന നിര്‍ണ്ണയത്തിനുതകുന്ന പദങ്ങള്‍ ചേര്‍ന്ന സ്ഥല നാമങ്ങളുമുണ്ട്. തെക്കുംമുറി, വടക്കുംമുറി, പടിഞ്ഞാറ്റുംമുറി, കിഴക്കിനിത്തറ, മേല്‍മുറി, കീഴ്‌മുറി, ഇടയൂര്.
പ്രാചീന ദ്രാവിഡ ജനത ഉപയോഗിച്ച ഗ്രാമം / ദേശം എന്നര്‍ത്ഥം വരുന്ന പദങ്ങളാണ് ഊര്, പുരം, കോട് എന്നിവ. പഴയ തമിഴകത്തിന്റെ സംഭവനയായ ഈ പദങ്ങളോട് കൂടിയ സ്ഥല നാമങ്ങള്‍ മലപ്പുറം ജില്ലയില്‍ ധാരാളമായി കാണാം.
ഊര് - ചൂനൂര്, ഇന്ത്യനൂര്, തിരൂര്, ആലത്തിയൂര്, താനൂര്, ചേറൂര്, താനാളൂര്, പുറത്തൂര്, പോരൂര്, നിലമ്പൂര്, വണ്ടുര്, മൂന്നിയൂര്, പുത്തൂര്, പറപ്പൂര്, കുണ്ടുര്, മൊറയൂര്, തലക്കടത്തൂര്, ചമ്രക്കാട്ടൂര്
പുരം- രാമപുരം, കടുങ്ങപുരം, വടപുരം, കേരളാധീശപുരം, തിരുനാരായണപുരം, തൃക്കണാപുരം.
കോട്- എടരിക്കോട്, അരീക്കോട്, വെളിയങ്കോട്, തൃക്കലങ്ങോട്                   
സംഘ കാലത്തെ ഐന്തിണ സങ്കല്പ്പത്തില്‍ വരുന്ന സ്ഥലനാമങ്ങള്‍ അപൂര്‍വ്വമായി കാണുന്നു. ഉദാ :- മരുത, മുതുകുരിശ്ശി, കുറുഞ്ഞിക്കാട്, പാലക്കല്‍ .
പ്രാചീന തമിഴകത്തിന് ഏറെ സുപരിചിതമായ സ്ഥലനാമമാണ് മംഗലം. മംഗളാദേവി തമിഴകത്തിന്റെ ഇഷ്ട ദേവതയാണ്. ഈ വിധമുള്ള സ്ഥലനാമങ്ങള്‍ - മംഗലം, ചെറുമംഗലം, എരമംഗലം, എരവി മംഗലം.
മലപ്പുറം ജില്ലയിലെ സ്ഥലനാമ പഠനത്തിനൊരു ആമുഖം മാത്രമാണിത്. വളരെ ഗൌരവമേറിയ പഠനം ഈ രംഗത്ത് ഇനിയും ആവശ്യമാണ്.      
 

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.