Skip to main content

ജില്ലയില്‍ ഉത്പാദിപ്പിച്ച മുഴുവന്‍ നെല്ലുംസര്‍ക്കാര്‍ സംഭരിക്കും-മന്ത്രി.കെ.പി.മോഹനന്‍

കാറ്റഗറി :

ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചു. മഞ്ചേരിയില്‍ നടന്ന കര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നെല്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.

സുസ്ഥിര നെല്‍ കൃഷി പദ്ധതി, ഭക്ഷ്യസുരക്ഷ പദ്ധതി, തരിശു നില കൃഷി വികസന പദ്ധതി, വനിതകളുടെ തരിശു ഭൂമി പാട്ടകൃഷി പദ്ധതികളിലൂടെ ഉത്പാദിപ്പിച്ച ആയിരക്കണക്കിന് ടണ്‍ നെല്ലിന് ന്യായവില നല്‍കി വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പലയിടങ്ങളിലായി കെട്ടിക്കിടക്കുകയായിരുന്നു. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കിലോക്ക് 15 രൂപ നിരക്കിലാണ് നെല്ല് സംഭരിക്കുക. സുസ്ഥിര നെല്‍ കൃഷിയില്‍ നല്‍കിയിരുന്ന ഉത്പാദന ബോണസ് 5000 രൂപയാക്കി ഉയര്‍ത്തുമെന്നും, തരിശു നില കൃഷി വികസനത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു.

മാതൃകാ കര്‍ഷകരായ റ്റി.വി തോമസ്, എം.അവറാന്‍ , മുഹമ്മദ് നബീല്‍ എന്നിവരെ മന്ത്രി ആദരിച്ചു. കാര്‍ഷിക യന്ത്രവത്കരണത്തില്‍ പരിശീലനം നേടിയ യുവാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രകൃതി ക്ഷോഭ ദുരിതാശ്വാസം, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ധനസഹായം, കേരശ്രീ ധനസഹായം, ആര്‍ .കെ.വി.വൈ പദ്ധതി, നീര്‍ത്തട വികസനം തുടങ്ങിയ പദ്ധതികളുടെ ധന സഹായവും, മേളയോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ വിജയിച്ച കര്‍ഷകര്‍ക്കുള്ള സമ്മാനവും മന്ത്രി നല്‍കി. മികച്ച സ്റ്റാള്‍ ഒരുക്കിയതിന് സീഡ് ഡാര്‍ഡന്‍ കോംപ്ലക്‌സ് മുണ്ടേരി തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില്‍ എം.എല്‍എ അഡ്വ.എം.ഉമ്മര്‍ അധ്യക്ഷനായി. എം.എല്‍.എ പി.ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മുഹമ്മദ് ഹാജി, നഗരസഭ ചെയര്‍മാന്‍ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ , അഡ്വ.ഐ.ടി നജീബ്, സബാഹ് പുല്‍പ്പറ്റ, ഇ.അബ്ദു, കെ.ടി.ജോണി, സാദ്ദിഖലി, കാദര്‍ തേഞ്ഞിപ്പലം, കെ.പി ഗോപിനാഥ്, കുഞ്ഞിക്കോട തങ്ങള്‍ , ജി.സുദര്‍ശനന്‍ , എന്നിവര്‍ പ്രസംഗിച്ചു. കൃഷി ജോയിന്റ് ഡയറക്ടര്‍ ആമിന വെങ്കിട്ട സ്വാഗതവും, ഡെപ്യൂട്ടി ഡയറക്ടര്‍ ശാരംഗന്‍ നന്ദിയും പറഞ്ഞു.

മഞ്ചേരി സി.എച്ച്. മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന കര്‍ഷക സംഗമവും `ആത്മ' മേളയും എം.എല്‍.എ. അഡ്വ എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ.എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ അധ്യക്ഷനായി. കൃഷി ജോയിന്റ് ഡയറക്ടര്‍ ആമിന വെങ്കിട്ട പദ്ധതി വിശദീകരിച്ചു.നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നന്ദിനി വിജയകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കണ്ണിയന്‍ അബൂബക്കര്‍ . കൗണ്‍സിലര്‍ കെ.പി. രാവുണ്ണി, അഡ്വ തോമസ് ബാബു, അഡ്വ.അബ്ദുള്‍ ജലീല്‍ , ടി.പി.വിജയകുമാര്‍ , ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.പി.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയുടെ പ്രൊജക്ട് ഡയറക്ടര്‍ സി.ബ്രില്ലിന്‍ സ്വാഗതവും മഞ്ചേരി കൃഷി അസി.ഡയറക്ടര്‍ എം.പി.വത്സമ്മ നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന സെമിനാറില്‍ ഫലപ്രദമായ ജൈവമാലിന്യ സംസ്കരണത്തെക്കുറിച്ച് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.എ അയൂബ്, ക്ഷീരവികസന സങ്കേതങ്ങളെക്കുറിച്ച് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ പി.മോഹനന്‍, ശാസ്ത്രീയ മത്സ്യ കൃഷിയെക്കുറിച്ച് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ഫൈസല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.