Skip to main content

ദേശീയപാത കടന്നുപോകുന്ന, കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന തവനൂരില്‍ ആദ്യം വികസനത്തിന് വഴിയൊരുക്കിയത് കെ.കേളപ്പനും കൂട്ടരുമാണ്. മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വത്തെ തുടര്‍ന്നുണ്ടായ അനുസ്മരണ ചടങ്ങുകളാണ് കേളപ്പനെ തവനൂരില്‍ പിടിച്ചു നിര്‍ത്തിയത്. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം 1948 ഫിബ്രുവരി 12ന് ഭാരതപ്പുഴയില്‍ തിരുനാവായ ഭാഗത്ത് കേളപ്പന്‍ നിമജ്ജനം ചെയ്തു. രക്തസാക്ഷി ദിനമായി ജനുവരി 30 മുതല്‍ ശ്രദ്ധാദിനമായി ഫിബ്രുവരി 11 വരെ സര്‍‌വോദയ പക്ഷമായി ആചരിക്കുകയുണ്ടായി. 1949മുതല്‍ സര്‍‌വ്വോദയ മേളയായും 1949-ലും 1950-ലും ഈ സമയത്ത് രാഷ്ട്രീയ സമ്മേളനങ്ങളാണ് നടന്നത്. 1951 മുതലുള്ള മേള ഇപ്പോഴും നടക്കറുണ്ട്. തവനൂരിലെ വകസന പ്രശ്നങ്ങളെപറ്റി 1949ല്‍ ടി.എം.വാസുദേവന്‍ നമ്പൂതിരിയും പിന്നീട് കേളപ്പന്റെ വലം കയ്യായി പ്രവര്‍ത്തിച്ച പൊന്നാനിയിലെ വക്കീല്‍ രാമമേനോനും പി.സി.സി.പ്രസിഡണ്ട് ശങ്കുണ്ണി നായരും ടി. ഗോപാലകുറുപ്പും ഇരുന്ന് ആലോചിച്ചു. തവനൂര്‍ വഴി കുറ്റിപ്പുറത്തേക്ക് ശ്രമദാനമായി 400 പേര്‍ പങ്കെടുത്ത് റോഡ് വെട്ടി. കേളപ്പനും ഇക്കണ്ടവാരിയരുമാണ് അതിന് നേതൃത്വം കൊടുത്തത്. ആ റോഡാണ് ഇന്നത്തെ ദേശീയ പാത 17ന്റെ ഭാഗമായത്. 1958ല്‍ കേളപ്പന്‍ തവനൂരില്‍ താമസം തുടങ്ങി. അതിന് സ്ഥലം കൊടുത്തത് ടി.എം.വാസുദേവന്‍ നമ്പൂതിരിയാണ്. അതാണ് ശാന്തികുടീരം. 1971-ല്‍ അന്തരിക്കുന്നതുവരെ കേളപ്പന്‍ തവനൂരിലാണ് താമസിച്ചത്. ഡോ.രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് അനുവദിച്ച് കിട്ടിയ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തവനൂരില്‍ സ്ഥാപിക്കപ്പെട്ടത് കേളപ്പന്‍ ദില്ലിയില്‍ നെഹ്റുവുമായി ബന്ധപ്പെട്ടതിന്റെ ഫലമായാണ്. 1961-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നടന്നു. 1972ല്‍ കേന്ദ്ര സഹായം നിര്‍ത്തിയതോടെ സര്‍ക്കാര്‍ അതിനെ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജാക്കി. റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പത്ത് കൊല്ലത്തോളം പ്രവര്‍ത്തിച്ചപ്പോള്‍ സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സ്, അഗ്രക്കള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഡി.സി.ആര്‍.ഇ. പോളിടെക്നിക്കിലേതിന് തുല്യമായ എഞ്ചിനീയറിങ്ങ് ഡിപ്ലോമ കോഴ്സ്, ബി.എ.ബി.എസ്.സിക്ക് തുല്യമായ ഡി.ആര്‍.എസ്.കോഴ്സ് എന്നിവയായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നത്. ഈ പത്തു കൊല്ലം ഇവിടെ പഠിച്ചു ജയിച്ച ആര്‍ക്കും തന്നെ തൊഴിലില്ലാത്ത പ്രശ്നം ഉണ്ടായിരുന്നില്ല. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് കോളേജില്‍ ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ 100 ഏക്കറിലധികം വരുന്ന സ്ഥലത്ത് സ്ഥിചെയ്യുന്ന കാര്‍ഷിക എഞ്ചിനീയറിങ് കേളേജില്‍ 15-ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഈ കോളേജിന് ആവശ്യമായ ഭൂമി കൊടുത്തത് ടി.എം.വാസുദേവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ സ്വന്തക്കാരുമാണ്. 1959ല്‍ തവനൂരില്‍ ടി.ടി.സി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് പ്രശ്നത്തില്‍ കേളപ്പന്‍ നിരാഹാര സമരം നടത്തുകയുണ്ടായി. 9 ദിവസം നീണ്ടു നിന്ന നിരാഹാരം സമരം നിര്‍ത്തിയത് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ്.
 

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.