Skip to main content

തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും-മന്ത്രി പി.കെ അബ്ദുറബ്ബ്

കാറ്റഗറി :

തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. മലയാളം സര്‍വകലാശാല തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ചന്റെ പേരില്‍ തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് സി.മമ്മൂട്ടി എം.എല്‍ .എ, സര്‍വകലാശാല സ്‌പെഷല്‍ ഓഫീസര്‍ കെ.ജയകുമാര്‍ എന്നിവരോടൊപ്പം തുഞ്ചന്‍ സ്മാരകവും, തുഞ്ചന്‍ കോളേജും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുഞ്ചന്‍ കോളേജിനോടനുബന്ധിച്ചുള്ള 20 ഏക്കറിന് പുറമെ വെട്ടം വില്ലേജിലെ പുറമ്പോക്കുകളും മറ്റു ലഭ്യമായ ഭൂമിയും ഏറ്റെടുത്ത് 100 ഏക്കര്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നും മന്ത്രി അറിയിച്ചു. സര്‍വകലാശാലക്ക് ഉപയോഗപ്പെടുത്താവുന്ന വെട്ടം വില്ലേജിലെ പുറമ്പോക്ക് പ്രദേശങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഒരാഴ്ചക്കകം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായി സി.മമ്മൂട്ടി എം.എല്‍ .എ അറിയിച്ചു.

സര്‍വകലാശാല സംബന്ധിച്ച് പൂര്‍ണ്ണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് നല്‍കുമെന്ന് അഡീ.ചീഫ് സെക്രട്ടറിയും സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറുമായ കെ.ജയകുമാര്‍ അറിയിച്ചു.സര്‍വകലാശാല സംബന്ധിച്ച് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.