Skip to main content

മുസ്ലിം കേരളത്തിന്റെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്ത് നേത്യത്വവും, പ്രശ്നങ്ങളില്‍ തീര്‍പ്പും നല്‍കിപ്പോരുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മലയാള നാട്ടിലെ രേഖകള്‍ക്ക് മാത്രം മൂന്ന് നൂറ്റാണ്ടോളം നിറഞ്ഞ് നില്‍ക്കുന്ന ചരിത്രമുണ്ട്. അന്ത്യ പ്രവാചകന്റെ വംശപരമ്പര ജീവിത മാത്യക കൊണ്ട് കേരള ജനതയുടെ മനസ്സില്‍ പതിനെട്ടാം നൂറ്റാണ്ടു മുതല്‍ സ്വാധീന ശക്തിയായി വളരുകയായിരുന്നു. അറേബ്യയിലെ ഹളര്‍ മൊത്തില്‍ നിന്ന് താമസമാക്കിയ സയ്യിദ് അലി ശിഹാബുദ്ദീനിലൂടെയാണ് ആ മഹായാനം ആരംഭിക്കുന്നത്. സയ്യിദ് മുഹ്ളാര്‍ തങ്ങളാണ് കടലുണ്ടിപ്പുഴയുടെ തീരത്തെ പാണക്കാട് ഗ്രാമം ഈ മഹാപരമ്പരയുടെ കേന്ദ്രമാക്കിയത്. ഹിജ്റ വര്‍ഷം 1258ല്‍ അദ്ദേഹം മരണമടഞ്ഞു. ഹിജ്റ 1239ല്‍ മുഹ്ളാര്‍ തങ്ങള്‍ക്ക് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ എന്ന ഒരു പുത്രന്‍ ജനിച്ചു. പില്‍ക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു മഹാപുരുഷന്റെ  പിറവി.

അടിമത്തം ഇരുട്ടുപാകിയ ബ്രിട്ടീഷ് ഭരണകാലത്ത് ദേശസ്നേഹത്തിന്റെ വിപ്ലവം മുഴക്കിയ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ഒരു ചരിത്രത്തിന് നാന്ദി കുറിക്കുകയായിരുന്നു. പണ്ഡിതന്മാരുടെ പണ്ഡിതന്‍ , സ്വാതന്ത്ര്യ സമര വേദിയില്‍ നേതാക്കന്മാരുടെ നേതാവ്, സര്‍‌വ്വോപരി മുസ്ലിം ജനതയുടെ ഗുരുവും വഴികാട്ടിയും. ജീവിതം മുഴുക്കെ ആദര്‍ശം ചൂടി നിന്ന തങ്ങള്‍ പിറന്ന മണ്ണിനുമേല്‍ അധീശത്വം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടത്തിന്റെ കൊടിയേന്തി. പാണക്കാട് സയ്യിദ് ഹുസൈന്‍ തങ്ങളും, മമ്പുറം സയ്യിദ് ഫസല്‍ തങ്ങളും മാപ്പിള സമൂഹത്തിന്റെ മത-രാഷ്ട്രീയ രംഗത്ത് ഒരേ കാലത്തിന്റെ നേതാക്കളായി മുന്നില്‍ നിന്നു.

ബ്രിട്ടീഷുക്കാര്‍ക്കെതിരെ കലാപം ചെയ്യാന്‍ ആഹ്വാനം നല്‍കികൊണ്ട് എ.ഡി.1880ല്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഫത്‌വ പുറപ്പെടുവിച്ചു. ചരിത്ര പ്രസിദ്ധമായ ഈ ഫത്‌വയിലൂടെ മുസ്ലിം സമൂഹം വെള്ളക്കാര്‍ക്കെതിരെ അണിചേര്‍ന്നു. ത്യക്കളൂര്‍ കലാപത്തില്‍ പങ്കെടുത്ത മാപ്പിളമാര്‍ക്ക് പ്രചോദനം നല്‍കിയിരുന്നത് ഹുസൈന്‍ തങ്ങളായിരുന്നുവെന്ന് മലബാര്‍ കലക്ടര്‍ കുറ്റാരോപണം ചെയ്തു. കലാപം ചൂടുപിടിച്ചതോടെ 1882ല്‍ പട്ടാളം തങ്ങളെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ആജീവനാന്തം തടവിന് തങ്ങളെ വെല്ലൂര്‍ ജയിലിലടച്ചു. ഹിജ്റ 1302ല്‍ ജയിലില്‍ വെച്ച് തങ്ങള്‍ മരണപ്പെട്ടു. മുസ്ലിം മനസ്സില്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഒരുക്കിയ സിംഹാസനത്തില്‍ സമുദായത്തിന്റെ സര്‍വ്വ സ്നേഹവുമാര്‍ജ്ജിച്ച് പുത്രന്‍ സയ്യിദ് അഹ്മദ് കോയഞ്ഞി തങ്ങള്‍ ഉപവിഷ്ഠനായി.

അദ്ദേഹത്തിന്റെ കാലശേഷം കടന്നു പോയ പൂര്‍വ്വ പിതാക്കളുടെ ദൗത്യ നിര്‍വ്വഹണത്തിനായി സയ്യിദ് കോയഞ്ഞി തങ്ങളുടെ പുത്രന്‍ പി.എം.എസ്.എ.പൂക്കോയ തങ്ങള്‍ (ജനനം 1917) സമുദായ നേത്യത്വമേറ്റെടുത്തു. 1936ല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തില്‍ വന്ന പൂക്കോയ തങ്ങള്‍ ചുരുങ്ങിയ കാലത്തിനകം മുസ്ലിം ലീഗില്‍ ചേര്‍ന്നു. വിഭജനത്തെ തുടര്‍ന്നുള്ള കലങ്ങിയ കാലഘട്ടത്തില്‍ ആദര്‍ശ സംരക്ഷണത്തിനായി സര്‍വ്വം ത്യജിക്കാനുള്ള സന്നദ്ധതയോടെ തങ്ങള്‍ സമുദായത്തിന് ധൈര്യം പകര്‍ന്നു. 1948ല്‍ ഹൈദറാബാദ് കലാപത്തെ തുടര്‍ന്ന് പൂക്കോയ തങ്ങള്‍ ജയിലിലടക്കപ്പെട്ടു.

മഞ്ചേരി, കോഴിക്കോട് ജയിലുകളില്‍ പതിനേഴ് ദിവസം തടവ്. ജയില്‍ വിട്ട് പുറത്ത് വന്ന തങ്ങളെ ചക്രവര്‍ത്തിയെപ്പോലെ ജനം വരവേറ്റു. കേരള മുസ്ലിംകളുടെ സര്‍വ്വസ്വവുമായ പൂക്കോയ തങ്ങള്‍ കേരളമാകെ പടര്‍ന്ന് പന്തലിച്ച ഒരു പ്രസ്ഥാനമായി മാറി. മത – രാഷ്ട്രീയ രംഗങ്ങളില്‍ ശരിയെന്നു തോന്നിയത് സൗമ്യവും ധീരവും ദ്യഢവുമായ പ്രഖ്യാപിച്ചു. മതരംഗത്ത് സുന്നി യുവജന സംഘത്തിന്റെയും രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെയും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരുന്ന തങ്ങള്‍ കേരളത്തിലെ മുസ്ലിം സാംസ്കാരിക സംരംഭങ്ങളുടെ ആത്മാവായിരുന്നു. ജനാധിപത്യ രാഷ്ട്രീയത്തിലെ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് കളമൊരുക്കിയ പൂക്കോയ തങ്ങളില്‍ ഒരു മഹാനായ രാഷ്ട്രീയക്കാരനേയും കേരളം ദര്‍ശിച്ചു. മുസ്ലിം കേരളത്തിന്റെ ശബ്ദവും ശക്തിയുമായിരുന്നു പൂക്കോയ തങ്ങള്‍ . 1975 ജൂലൈ ആറിന് മഹാനായ പൂക്കോയ തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

പൂക്കോയ തങ്ങളുടെ പിന്‍ഗാമിയായി മൂത്ത പുത്രന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമുദായത്തിന്റെ ഹ്യദയത്തിലിടംനേടി. 1975 സെപ്തംബര്‍ 1ന് മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ഘട്ടത്തില്‍ തന്നെ പൂക്കോയ തങ്ങള്‍ വഹിച്ചിരുന്ന നിരവധി മഹല്ല് ഖാളി സ്ഥാനങ്ങളും അദ്ധ്യക്ഷപദവികളും ശിഹാബ് തങ്ങളില്‍ വന്ന് ചേര്‍ന്നു. ഈജിപ്തിലെ വിശ്വവിഖ്യാതമായ കെയ്റൊ സര്‍വകലാശാലയില്‍ നിന്ന് ഭാഷാ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളത്തിലെ ബഹുജന രാഷ്ട്രീയ സംഘടനകളുടെ അദ്ധ്യക്ഷ പദവിയിലെത്തിയവരില്‍ അത്യുന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തിയെന്ന ബഹുമതിക്കര്‍ഹനാണ്. എട്ട് വര്‍ഷങ്ങള്‍ നീണ്ട വിദേശ വിദ്യാഭ്യാസ ജീവിതം അനന്യസാധാരണമായ നേത്യഗുണങ്ങളാണ് ശിഹാബ് തങ്ങള്‍ക്ക് സമ്മാനിച്ചത്.

എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു വിധിതീര്‍പ്പിന്റെ വട്ടമേശ കൊട്ടപ്പനക്കല്‍ വസതിയിലുണ്ട്. പൂക്കോയ തങ്ങളുടെ വേര്‍പ്പാടിന് ശേഷമുള്ള ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന ആരോ പറഞ്ഞു: താന്‍ പോയാലുണ്ടാവുന്ന ഇരുട്ടകറ്റാന്‍ നാലഞ്ചു വിളക്കുകള്‍ കത്തിച്ചുവെച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്ന്. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ , മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ . പ്രശ്ന പരിഹാരങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലും അഭിപ്രായ പ്രകടനങ്ങളിലും ഈ സഹോദരങ്ങള്‍ക്കുള്ള അത്ഭുത സിദ്ധി കാലം വാഴ്‌തുന്നതാണ്.

 

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.