പാണക്കാട് പി.എം.എസ്.എ. പൂക്കോയ ّഒരുകാലത്ത് മലബാറിലെ മുസ്ലിംകളുടെ നേതാവായിരുന്നു. നിത്യേന അദ്ദേഹത്തിന്റെ ആശിര്‍വാദവും ഉപദേശവും വാങ്ങുവാനായി പ്രവഹിക്കുന്ന എത്രയോ ആളുകളാണ് ഉണ്ടായിരുന്നത്. രോഗശാന്തിക്കും, മാനസിക വിഷമതകള്‍ക്ക് ശാന്തിയും ഉണ്ടാക്കാനായി എത്തുന്നവരും ആ കൂട്ടത്തില്‍ കാണാം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരേവിധം ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുന്ന അദ്ദേഹം പ്രയാസപ്പെടുന്നവര്‍ക്കൊക്കെ ഒരത്താണിയായിരുന്നു. തെക്കേ മലബാറില്‍ അക്കാലത്തുണ്ടായിരുന്ന മിക്കവാറും എല്ലാ പള്ളികളുടേയും ഖാസിസ്ഥാനം അദ്ദേഹത്തില്‍ അവരോധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ നൂറുകണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അവയുടെ വളര്‍ച്ചയിലും തങ്ങള്‍ക്കുണ്ടായിരുന്ന പങ്ക് അവഗണിക്കാന്‍ പറ്റുന്നതല്ല.
അനാഥക്കുട്ടികളുടെ സംരക്ഷണവും അവരുടെ ഉല്‍കര്‍ഷവും അദ്ദേഹത്തിന്റെ ജീവിത വ്രതമായിരുന്നു. മതപരവും സാമുദായികവുമായ കാര്യങ്ങളില്‍ അതീവ തല്‍പ്പരനായിരുന്ന അദ്ദേഹം പൊന്നാനി മൗനത്തുല്‍ ഇസ്ലാം സഭയുടെ പ്രസിഡന്റുകൂടിയായിരുന്നു. മത-സാമൂഹിക രംഗങ്ങളില്‍ മുസ്ലിം കേരളത്തിന്റെ പ്രഭാവവും പ്രസക്തിയും പ്രസരിപ്പിച്ച അദ്ദേഹം സമുദായത്തെ കെട്ടുറപ്പുള്ള ഘടകമാക്കി തീര്‍ന്നു. ഹാജി അബ്ദുല്‍ സത്താര്‍ ഹാജി ഇസ്ഹാക്ക് സേട്ടു സാഹിബുമായുണ്ടായിരുന്ന നിത്യ സമ്പര്‍ക്കമാണ് ലീഗിന്റെ നേതൃ നിരയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ത്യാഗ സുരഭിലവും ആദര്‍ശ നിഷ്ഠവുമായ സേവനങ്ങളിലൂടെ അദ്ദേഹം മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായി വളര്‍ന്നു. പ്രതിസന്ധിയില്‍ പാര്‍ട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ആത്മധൈര്യം പകര്‍ന്നുകൊണ്ട് എന്തും അഭിമുഖീകരിക്കുവാന്‍ തയ്യാറാണെന്ന പ്രഖ്യാപനത്തോടു കൂടി അദ്ദേഹം കാണിച്ച ധീരസാഹസികത എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
ആദര്‍ശധീരത ആദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അംശമായിരുന്നു. ഹൈദരാബാദ് നടപടിക്കു ശേഷമുണ്ടായ കലുഷമായ രാഷ്ട്രീയ പരിതസ്ഥിതികളുടെ മറപറ്റി അക്കാലത്ത് അദ്ദേഹത്തേയും കല്‍തുറങ്കിലടച്ചു. ഇവയൊന്നും ആ കര്‍മ്മധീരന്റെ വീര്യം കെടുത്തിയില്ല. ബാഫഖി തങ്ങളുടെ മരണശേഷം മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായിത്തീര്‍ന്നു. സുശിക്ഷിതരായ ഒരു അനുയായി വ്യന്ദത്തെ വാര്‍ത്തെടുക്കുവാന്‍ കര്‍മ്മ കുശലനും നീതിമാനുമായ അദ്ദേഹത്തിന് കഴിഞ്ഞു. തെക്കേ മലബാറിന്റെ അന്ധകാരമയമായ സാമൂഹിക വേദിയില്‍ പ്രകാശം പരത്തി ജ്വലിച്ചു നിന്നിരുന്ന ആ ദീപം 1975 ജൂലായ് മാസം ആറാം തിയ്യതി അണഞ്ഞുപോയി.







Post new comment