കേരളത്തിലെ പ്രധാനപ്പെട്ട നാല് നദികള്‍ ജില്ലയിലൂടെ കടന്നു പോകുന്നു. ചാലിയാര്‍ , കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍ പുഴ എന്നവയാണിവ. തമിഴ് നാട്ടിലെ ഇല്ലമ്പലേരി കുന്നകളില്‍ നിന്നും ഉത്ഭവിക്കുന്ന 169 കി.മീ. നീളമുള്ള ചാലിയാറിന്റെ പ്രധാന പോഷക നദികളാണ് ചാലിപ്പുഴ, കുന്നപ്പുഴ, പാണ്ടിയാര്‍ , കരിമ്പുഴ, ചേരുപുഴ, വാടാപുറം പുഴ എന്നിവ. നിലമ്പൂര്‍ , മമ്പാട്, എടവണ്ണ, അരീക്കോട്, വാഴക്കാട് എന്നവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന ചാലിയാര്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ അറബിക്കടലിനോട് ചേരുന്നു.
ചേരകൊമ്പന്‍ മലകളില്‍ നിന്നും ഉത്ഭവിക്കുന്ന ഒലിപ്പുഴയും, ഏരാട്ട കൊമ്പന്‍ മലകളില്‍ നിന്നും ഉത്ഭവിക്കുന്ന വെലിയാറും കൂടിച്ചേര്‍ന്ന് 130 കി.മീ. നീളമുള്ള കടലുണ്ടിപ്പുഴയായി മാറുന്നു. സൈലന്റ് വാലി വനങ്ങള്‍ താണ്ടി ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലൂടെ ഒഴുകി കടലുണ്ടി നഗരത്തില്‍ വെച്ച് കടലിലേക്കൊഴുകുന്നു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ ജില്ലയുടെ തെക്കന്‍ അതിര്‍ത്തികളിലൂടെ ഒഴുകി പൊന്നാനി തീരത്തു വെച്ച് കടലില്‍ അവസാനിക്കുന്നു. ഭാരതപ്പുഴയുടെ പ്രധാന പോഷക നദിയായ തൂതപ്പുഴ സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിച്ച് തൂത, ഏലംകുളം, പുലാമന്തോള്‍ എന്നിവിടങ്ങളിലൂടെ ഒഴുകി പള്ളിപ്പുറത്ത് വെച്ച് ഭാരതപ്പുഴയോടു കൂടിച്ചേരുന്നു. 48 കി.മീ. നീളമുള്ള തിരൂര്‍പ്പുഴ ആതവനാട് കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് തിരുന്നാവായ, തിരൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി പൊന്നാനി തുറമുഖത്തിനടുത്തു വെച്ച് ഭാരതപ്പുഴയില്‍ അലിയുന്നു.







Post new comment