എഴുത്തച്ഛന്റെ പാരമ്പര്യത്തില്‍ വെട്ടത്തുനാട്ടില്‍ ജനിച്ച മഹാകവി വള്ളത്തോളാണ് ഇരുപതാം നൂറ്റാണ്ടിലെ നമ്മുടെ സ്വാതന്ത്ര്യ ബോധത്തിന്റെ ശക്തിചൈതന്യമായി ജില്ലയെ പ്രതിനിധീകരിക്കുന്ന ദേശീയ മഹാകവി. വള്ളത്തോള്‍ക്കളരി കവിതയുടെ ഒരു മഹാ പ്രസ്ഥാനമായിരുന്നു. വള്ളത്തോളിനോടൊപ്പം പ്രശസ്ത കവികളായിരുന്ന കുറ്റിപ്പുറത്ത് കേശവന്‍ നായരും, വള്ളത്തോള്‍ ഗോപാലമേനോനും, കിട്ടുണ്ണി നായരുമൊക്കെ കാവ്യ സാധകം ചെയ്യുന്നത് കേട്ടായിരുന്നു ഒരു കാലത്ത് വെട്ടത്തുനാട്ടില്‍ പുലര്‍കാലം വെട്ടമുണര്‍ന്നിരുന്നത്. പിന്നീട് പൊന്നാനിക്കളരി എന്ന് പ്രസിദ്ധമായിത്തീര്‍ന്ന സാഹിത്യ കൂട്ടായ്മയുടെ സാംസ്കാരിക സ്രോതസ്സ് വള്ളത്തോള്‍ പാരമ്പര്യമായിരുന്നു. വള്ളത്തോളിന്റെ ജന്മദേശമായ ചെന്നരക്ക് തൊട്ടടുത്തുള്ള തൃപ്പങ്ങോട്ടാണ് മലയാള സാഹിത്യ വിചാരങ്ങളെ ഭാരതീയ സൗന്ദര്യമീമാംസയോടു ചേര്‍ത്തു വെച്ച കുട്ടികൃഷ്ണമാരാരുടെ ജന്മഗൃഹം. മാരാരുടെ ഭാരത പര്യടനം തീര്‍ത്തും മൗലികമായ ഒരു സാംസ്കാരിക പര്യടനമായിരുന്നു. ഇടശ്ശേരിയും, ഉറൂബും, എം.ഗോവിന്ദനും, കടവനാട് കുട്ടികൃഷ്ണനുമൊക്കെ ആ പാരമ്പര്യത്തിന്റെ വിവിധ തരത്തിലുള്ള തുടര്‍ച്ചകളാണ്. അവസാനിക്കാത്ത മനുഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള സര്‍ഗാന്വേഷണത്തിന്റെ മൗലികസുന്ദരമായ ഓട്ടനവധി മാര്‍ഗ്ഗങ്ങള്‍ ഇടശ്ശേരിയും, ഉറൂബും, എം.ഗോവിന്ദനുമൊക്കെ നമുക്ക് തുറന്നിട്ടു തന്നു. എല്ലാ മനുഷ്യരും സുന്ദരികളും, സുന്ദരന്മാരുമാണെന്ന ഉന്നത മനുഷ്യ ദര്‍ശനത്തെ പൊന്നാനിക്കളരി വിളംബരം ചെയ്തു.
പൊന്നാനിക്ക് ഇസ്ലാമിക പാരമ്പര്യത്തിന്റേതായ മഹത്തായൊരു സാഹിത്യ പൈതൃകമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ച ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ധം മലബാറിലുണ്ടായ ആദ്യത്തെ ചരിത്ര ഗ്രന്ഥമായി ഗണിക്കപ്പെടുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പൊന്നാനിയില്‍ സ്ഥാപിച്ച ദര്‍സിലെ പ്രശസ്തരായ ശിഷ്യന്മാരായിരുന്നു കുഞ്ഞായിന്‍ മുസ്ലിയാര്‍ , വെളിയങ്കോട് ഉമര്‍ ഖാസി, ഫരീദ് ഔലിയ തുടങ്ങിയവര്‍ . ഉമറുല്‍ ഫക്കീര്‍ എന്ന പേരില്‍ ഈജിപ്തില്‍ പോലും കവിയായി അറിയപ്പെട്ടിരുന്ന ഉമര്‍ഖാസി കവി എന്നതിലുപരി ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ സമരം തുടങ്ങിവെച്ച സാമൂഹിക വിപ്ലവകാരി കൂടിയായിരുന്നു. പൊന്നാനിയില്‍ തന്നെ മലയാളത്തിലെ പ്രശസ്തമായ ഒരു ചിത്രകലാ പാരമ്പര്യവും പിറന്നു. വിശ്വപ്രസിദ്ധ ചിത്രകാരന്‍ കെ.സി.എസ്. പണിക്കരും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും, ചിത്രകാരി പത്മിനിയും (എടപ്പാള്‍ ) ആ പാരമ്പര്യത്തിന്റെ സൃഷ്ടികളാണ്.







Post new comment