കടലില്‍ പോയവര്‍ക്കു കരയിലേക്കു വഴികാട്ടാന്‍ മലപ്പുറം ജില്ലയുടെ തീരത്തുള്ള ഏക ദീപസ്തംഭമാണ് പൊന്നാനി ലൈറ്റ് ഹൗസ്. പൊന്നാനി തീരത്തിന്റെ ഗതകാല പ്രതാപങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ ഇന്നു നിലവിലുള്ള തലയെടുപ്പുള്ള ഏക സ്മാരകമാണിത്. 1896-ലാണു പൊന്നാനി തുറമുഖത്ത് ആദ്യമായി ദീപസ്തംഭം സ്ഥാപിച്ചത്. നവീകരിച്ച ആധുനിക ലൈറ്റ് ഹൗസ് 1983ല്‍ സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ ചാലിയത്തിനും തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനുമിടയില്‍ മലബാര്‍ തീരത്തെ ഏക ലൈറ്റ് ഹൗസാണിത്.
നൂറടി ഉയരമുള്ള സ്തംഭത്തിന്റെ മുകളിലെത്താന്‍ 140 പടികള്‍ താണ്ടണം. വൈകിട്ട് ആറു മണി മുതല്‍ ഉദയം വരെയാണ് പ്രവര്‍ത്തനം. കടലില്‍ 30 കിലോമീറ്റര്‍ അകലെവരെ ഇതിന്റെ വെളിച്ചം കാണാമെന്നാണ് കണക്ക്. വെളിച്ചം ഒരു തവണ കറങ്ങി വരാന്‍ 15 സെക്കന്‍റ് എടുക്കും. ഈ സമയം കണക്കുകൂട്ടിയാണ് മത്സ്യബന്ധന തൊഴിലാളികള്‍ സ്ഥലം തിരിച്ചറിയുക. ഓരോ സ്ഥലത്തെ ലൈറ്റ് ഹൗസിനും വ്യത്യസ്ഥ ദൈര്‍ഘ്യമാണുണ്ടാവുക.സ്തംഭത്തിന്റെ നിറവും ഡിസൈനും പ്രധാനമാണ്. കറുപ്പും വെളുപ്പും വളയങ്ങളാണ് പൊന്നാനിയിലെത്.
പശ്ചിമ തീരത്ത് ഇതെ ഡിസൈനിലും നിറത്തിലും വേറെ ലൈറ്റ് ഉണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്. ഇതും മീന്‍ പിടുത്തക്കാര്‍ക്കു വഴി കണ്ടുപിടിക്കാന്‍ എളുപ്പമാവുന്നു. പൊന്നാനി കടപ്പുറത്തുനിന്നു ചക്രവാളത്തിലേക്കു ഏകദേശം 20 കിലോമീറ്ററാണു ദൂരം. അതുവരെയേ ലൈറ്റ് ഹൗസിന്റെ വെളിച്ചം നേരിട്ട് കാണാനാവൂ. അതിനപ്പുറത്തേക്കും സ്തംഭം കാണാനാവില്ലെങ്കിലും വെളിച്ചമെത്തും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനു കീഴിലാണു പൊന്നാനി ലൈറ്റ് ഹൗസ്.







Post new comment