Skip to main content

മത മൈത്രിയുടെ പുണ്യദേശം

മലപ്പുറത്തിന്റെ മഹനീയ പാരമ്പര്യത്തിന് അതിവിശിഷ്ടമായ ചില വശങ്ങളുണ്ട്. അതില്‍ സുപ്രധാനമാണ് ഈ മണ്ണില്‍ പാര്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ ശതകങ്ങളിലൂടെ നിലനിന്നു പോന്ന മമതയും മൈത്രിയും. സമുദായ  സൗഹാര്‍ദ്ദം എന്നത് മലപ്പുറത്ത് ഓരാശയമോ സങ്കല്‍പമോ അല്ല. അനര്‍ഘമായ ഒരു പ്രയോഗവും അനിഷേധ്യമായ സത്യവുമാക്കുന്നു. പുറത്തുവല്ല പ്രശ്നങ്ങളും ഉണ്ടായാല്‍ തന്നെ അത് മലപ്പുറത്തിന്റെ പരമ്പരാഗത സൗഹൃദത്തെ ഒരിക്കലും പ്രതികൂലമായ ബാധിക്കാറില്ല. പ്രതിസന്ധികല്‍ക്കിടയിലും മാനവമൈത്രി കാത്തു സൂക്ഷിച്ചു പോരാന്‍ ഈ ജില്ലയിലെ ജനങ്ങല്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ പ്രേരണയല്ല, സ്വര്‍ഗീയവും നിഷ്കളങ്കവുമായ അഭിനിവേശമാണ് മലപ്പുറത്തുകാരനെ സൗഭ്രാതൃത്വത്തിന്റെ കാവല്‍ക്കാരനാക്കിത്തീര്‍ക്കുന്നത്.

മലപ്പുറത്തുകാരെയും അവരുടെ സ്വഭാവ വിശേഷങ്ങളെയും വംശീയമായി നിരീക്ഷണ പഠനങ്ങള്‍ക്ക് വിധേയമാക്കിയാല്‍ ജനങ്ങളുടെ പെരുമാറ്റത്തിലെ അസാധാരണമായ ഒരു പ്രത്യേകത മനസ്സിലാക്കാന്‍ സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ പുറത്തേക്കു കാണപ്പെടുന്ന കാര്‍ക്കശ്യത്തിനും പൗരുഷ്യത്തിനും ഉള്ളില്‍ ഇവിടുത്തുകാന്‍ കൈവിടാതെ സൂക്ഷിക്കുന്ന ലാളിത്യത്തിന്റെയും, ആര്‍ദ്രതയുടെയും നീരുറവയാണ്. മലപ്പുറത്തെ  ജനങ്ങളി‍ല്‍ ഭൂരിഭാഗവും പൊരുവേ മതപരമായ വിശ്വാസ പ്രമാണങ്ങളേയും അനുഷ്ഠാന ക്രമങ്ങളേയും പാലിക്കുന്നവരാണ്. എന്നാല്‍ അത് അവരുടെ സൗഹാര്‍ദ്ദപരമായ പരസ്പര ബന്ധത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. മതവിശ്വാസമല്ല അതിലെ അപഭ്രംശമാണ് വര്‍ഗ്ഗീയതക്ക് നിദാനം എന്ന സത്യത്തെ ഇത് ബോധ്യപ്പെടുത്തുന്നു. ആരെങ്കിലും എപ്പോഴെങ്കിലും വര്‍ഗ്ഗീയത കുത്തിപൊക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇവിടുത്തെ ജനത സൈദ്ധാന്തികമായ ആലംബം തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിലും, പ്രായോഗികമായ ആലംബം തങ്ങളുടെ സാമൂഹിക ജീവിത്തതിന്റെ ആലംഖനീയമായ യാഥാര്‍ത്ഥ്യങ്ങളിലുമാണ് കണ്ടെത്തിയത്.

മസ്ജിദും, ക്ഷേത്രവും, ചര്‍ച്ചും തോളുരുമി നില്‍ക്കുന്ന ദ്യശ്യം സാധാരണമല്ല. ഒറ്റ ഉദാഹരണം കാണാന്‍ തിരൂരിനടുത്ത് മംഗലത്ത് പോയാല്‍ മതി. അവിടെ ഒരേ വളപ്പിലാണ് വ്യത്യസ്ത മതസ്ഥരുടെ രണ്ട് ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പ്രാര്‍ഥനാ മന്ത്രങ്ങള്‍ അങ്ങുമിങ്ങും മുഴങ്ങും വിധം തൊട്ടടുത്ത് ആരാധനാലയങ്ങള്‍ നിലകൊണ്ടിട്ടും അതിന്റെ പേരില്‍ ഒരു കശപിശപോലും മലപ്പുറത്ത് ഇന്നോളം ഉണ്ടായിട്ടില്ല. അപൂര്‍വമായി വല്ല തര്‍ക്കങ്ങളും ഉണ്ടായാല്‍ തന്നെ അത് വളരെ രമ്യമായും സൗഹാര്‍ദ്ദപരമായും പരിഹരിച്ചതിന്റെ ശോഭന മാത്യകകളും ഇവിടെ ലഭ്യമാണ്. അങ്ങാടിപ്പുറം തളിക്ഷേത്ര സംബദ്ധിയായ ചര്‍ച്ചകള്‍തന്നെ ഉദാഹരണം.

മലപ്പുറത്തിന്റെ ചരിത്രം സൗഹാര്‍ദ്ദത്തിന്റെ നിസ്തുല ഭാവങ്ങളാല്‍ ധന്യമാണ്. പണ്ടുകാലം മുതലേ ഇവിടുത്തെ ഹിന്ദു തറവാടുകള്‍ സൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലങ്ങളായി നിലകൊണ്ടു. ഔദാര്യപൂര്‍വ്വം അതിഥികളെ സല്‍കരിക്കുന്നതിലും,  മറ്റുള്ളവര്‍ക്കായി ഇഷ്ടംപോലെ വെച്ചുവിളമ്പുന്നതിലും പുകള്‍പെറ്റ കുടുംബങ്ങള്‍തന്നെ ഇവിടെയുണ്ടായി. സ്നേഹത്തിന്റെ ഈ നീര്‍ച്ചാല്‍ തീരത്താണ് ഇസ്ലാമിന്റെ സാഹോദര്യ സന്ദേശം വന്നണഞ്ഞത്. അവര്‍ ഹിന്ദുക്കളുമായി സുദ്യഢമായ അയല്‍പക്ക ബന്ധങ്ങള്‍ പണിതു. അധ്വാനത്തിന്റെ കരുത്തുമായി മലപ്പുറത്തിന്റെ മലമ്പ്രദേശത്ത് ആഗമനം കൊണ്ട ക്രൈസ്തവനാകട്ടെ സ്നേഹ സമ്പന്നമായ മൂന്നാമത്തെ അയല്‍ക്കാരനുമായി.

കേരളത്തെക്കുറിച്ചു രചിക്കപ്പെട്ട ആദ്യത്തെ പ്രാമാണിക ചരിത്രക്യതിയായ തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ പൊന്നാനിയിലെ മഖ്ദൂം കുടുംബത്തില്‍പ്പെട്ട പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂം അക്കാലത്തെ സാമൂഹിക ജീവിതം അവതരിപ്പിച്ചുകൊണ്ട്. ഹിന്ദുകുടുംബങ്ങളുടെ ആചാര വിശേഷങ്ങള്‍ സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. ഹിന്ദു തറവാടുകള്‍ക്കകത്തെ കൊച്ചു കാര്യങ്ങള്‍ പോലും അദ്ദേഹം വിട്ടുകളഞ്ഞില്ല. അഗാഥമായ ഹിന്ദു മുസ്ലിം മൈത്രീ ബന്ധത്തിന്റെ ഉള്ളറകളിലേക്കാണിത് വെളിച്ചം വീശുന്നത്. വലിയ കൂട്ടുകാരായിരുന്ന മങ്ങാട്ടച്ഛനും,കുഞ്ഞായിന്‍ മുസ്ലിയാരും, ഫലിതത്തില്‍ ചാലിച്ച അവരുടെ പരസ്പര ബന്ധവും കേരളത്തിലെ സാംസ്കാരിക ചരിത്രത്തിലെ തന്നെ രസനീയമായ അധ്യായമാണല്ലോ. രസിക സാമ്രാട്ടും, കവിയുമായിരുന്ന കുഞ്ഞായിന്‍ മുസ്ലിയാര്‍ പഠിച്ചതും വളര്‍ന്നതും പൊന്നാനിയില്‍ ആയിരുന്നു.

സാമൂതിരിയുടേയും കുഞ്ഞാലിമരക്കാരുടെയും ഈടുറ്റ ബന്ധം പുറത്തുനിന്നെത്തിയ പറങ്കിപ്പടയില്‍ നിന്നും കേരളത്തിന്റെ തീരത്തെ കാക്കാന്‍ മത്രമല്ല, സമുദായ സൗഹ്യദം ശക്തിപ്പെടുത്താനും ഹേതുകമായി തീര്‍ന്നു. ചരിത്ര രേഖകളില്‍ കുഞ്ഞാലിമാരുടെ ആദ്യത്തെ സ്ഥാനമായി നാം പരിചയപ്പെടുന്നതും പൊന്നാനിയാണ്. പിന്നീട് അവര്‍ താനൂരിലേക്കും അവിടെ നിന്ന് വടകരക്കടുത്ത ഇരിങ്ങല്‍ കോട്ടക്കലേക്കും പ്രവര്‍ത്തന കേന്ദ്രം മാറ്റി. എന്നാല്‍ അതിനുശേഷവും അറബികടലിന്റെ ഓളങ്ങളെ വിറകൊള്ളിച്ച മരക്കാര്‍മാരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഇന്നത്തെ മലപ്പുറം ജില്ലയുടെ തീരങ്ങളും ഉള്‍പ്പെട്ടിരുന്നു.

പഴശ്ശിരാജാവിന്റെ വലംകൈയ്യായിരുന്ന ഉണ്ണിമൂസ മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാരെ ചെറുത്തു തോല്‍പ്പിച്ച് തന്റെ മോല്‍ക്കോയ്മ സ്ഥാപിക്കുകയുണ്ടായി. പഴശ്ശിയും മൂസയും തമ്മിലുള്ള ബന്ധം ദേശ വിരുദ്ധ ശക്തികള്‍ക്കെതിരായ പോരാട്ടത്തിലെ സമുദായമൈത്രിയുടെ രോമാഞ്ചകമായ അധ്യായമാണ്. മമ്പുറം സയ്യിദ് അലവി തങ്ങള്‍ മലബാറില്‍ വളരെ സ്വാധീനമുള്ള മുസ്ലിം നേതാവായിരുന്നു. ബ്രട്ടീഷുക്കാര്‍ക്കെതിരെ ജനതയെ സംഘടിപ്പിക്കുകയും സ്വയം പടനയിക്കുകയും ചെയ്ത ഹിന്ദു-മുസ്ലിം മൈത്രിയുടെ ശക്തമായ വക്താവായിരുന്നു അദ്ദേഹമെന്നും ചരിത്രം.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.