Skip to main content

മലപ്പുറം ജില്ല

കാറ്റഗറി :

മലരണിക്കാടുകളും മരതകപ്പട്ടുടുത്ത മാമലകളും പച്ചപ്പാടങ്ങളും കൊച്ചരി പ്രാവുകളും സൗഹൃദത്തിന്റെ സ്നേഹ ഗീതി പാടുന്ന മാനുഷരും. മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ മനുഷ്യ സ്നേഹികളുടെ മനസ്സിലൂറുന്ന ചിത്രമിതാണ്. ഇത് മാത്രം പോരാ. സ്വാതന്ത്ര്യത്തിന് വേണ്ടി ചോര കൊടുത്ത ധീര ദേശാഭിമാനികളും, സമന്വയത്തിന്റെ തേരു തെളിച്ച സാംസ്കാരിക നായകരും വീരചരിതം രചിച്ച ദൈവത്തിന്റെ സ്വന്തം നാട്  മലപ്പുറം തന്നെയാണ്. മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ട് നിന്നും അമ്പത് കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറി നീലഗിരിക്കുന്നുകളുടെ മടിയില്‍ തലവെച്ച്, അറബിക്കടലിലേക്ക് കാല് നീട്ടി, കൊച്ചരുവികളുടെ കളകളാരവം കേട്ട് ചെഞ്ചായമണിഞ്ഞ മേലാപ്പിനിടയിലൂടെ കിന്നാരം പറഞ്ഞ് പറന്നു പോകുന്ന പറവകളേയും നോക്കിക്കിടക്കുന്ന മലപ്പുറത്തിന്റെ മനോഹാരിത പറഞ്ഞാലൊടുങ്ങില്ല. നിളാ നദിയും, ചാലിയാറും, കടലുണ്ടിപ്പുഴയും  തന്ന സമൃദ്ധിയുടെ തേരിലേറി ഫലഭൂയിഷ്ഠമായ മണ്ണും, തഴച്ചു വളരുന്ന മാമരങ്ങളും, നിബിഢ വനങ്ങളും എല്ലാം സ്വന്തമാക്കി മണ്ണിനെ പൊന്നാക്കിയ കര്‍മശീലരെ കൊണ്ട് ചരിത്രത്തെ സമ്പന്നമാക്കിയ മറ്റൊരു നാട് ലോകത്തെവിടെയെങ്കിലുമുണ്ടോ?

പശ്ചിമക്കാറ്റിന്റെ മര്‍മരത്താല്‍ പുളകം കൊള്ളുന്ന തെങ്ങോലകളില്‍ നൃത്തം വെക്കുന്ന കുഞ്ഞാറ്റക്കിളികളുടെ രാഗസുധ കേള്‍ക്കണമെങ്കില്‍ ഇങ്ങു മലപ്പുറത്തു തന്നെ വരണം. അറബികളും, ചൈനക്കാരും, പേര്‍ഷ്യക്കാരും പൊന്‍നാണയച്ചാക്കുകളുമായി വന്ന് സമൃദ്ധമാക്കിയ പൊന്നാനിയുടെ പൊന്നണിഞ്ഞ കടലോരത്തിന് കാവലായി നില്‍ക്കുന്ന തിരുമനശ്ശേരിത്തമ്പുരാന്റെ കണ്ണെത്താത്ത തെങ്ങിന്‍തോപ്പിന് കഥയേറെ പറയാനുണ്ട്. മാമാങ്കത്തില്‍ വിജയ ധ്വജമേന്തിയ സാമൂതിരിയുടെ രണ്ടാം തലസ്ഥാനമാണ് ഈ കടലോര നഗരം. തൃക്കാവ് ക്ഷേത്രത്തിലെ ശംഖൊലിയും, വലിയ പള്ളിയിലെ ബാങ്കൊലിയും സംഗമിക്കുമ്പോള്‍ മലപ്പുറം സൗഹാര്‍ദ്ദത്തിന്റെ സംഗീത സദസ്സൊരുക്കുകയാണ്. കാടാമ്പുഴ ഭഗവതിയും, തിരുമാന്ധാംകുന്ന് ദേവിയും കുടികൊള്ളുന്നത് ഈ ദേശത്താണല്ലോ! കളിയാട്ടക്കാവിലമ്മക്ക് കാവൊരുക്കിയ മമ്പുറം തങ്ങളുടെ മഖ്ബറ കാണാന്‍ ഇങ്ങു മലപ്പുറത്തു തന്നെ വരണം. അറബിക്കഥകളിലേതു പോലെ രോമാഞ്ച ജനകമായ കഥകളാണ് ഈ പൊന്നോമന നാടിന് പറയാനുള്ളത്. വാകയും, ഇലഞ്ഞിയും, അശോകവും പൂത്തുല്ലസിച്ച് നില്‍ക്കുന്ന മലപ്പുറത്തിന്റെ വസന്തം ഒന്നു വേറെ തന്നെയാണ്. ചിങ്ങപ്പുലരികളില്‍ ഏലേലം പാടുന്ന വയലോലകളുടെ വരമ്പുകളില്‍ പൂവട്ടികളുമേന്തി പൂ പറിക്കുന്ന പൂമ്പാറ്റക്കുട്ടികളെ കാണാനെന്തു ചന്തമായിരുന്നു. ‌ഓണപ്പാട്ടും, ഒപ്പനയും മനം നിറയെ പാടിത്തിമര്‍ക്കുന്ന പണ്‍കിടാങ്ങളും മലപ്പുറത്തിന്റെ സ്വന്തം.

മലയാളത്തിന്റെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരും, ഭക്ത കവി പൂന്താനവും പിറന്നത് ഈ മാമല നാട്ടില്‍ . ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വിദ്വല്‍ സദസ്സും, മഖ്ദൂമിന്റെ പള്ളിയിലെ ദര്‍സും നല്‍കിയ ആത്മചൈതന്യം ഇവിനെ ഇന്നും ത്രസിച്ച് നില്‍ക്കുന്നു. മലയാള സാഹിത്യത്തിന്റെ സാമ്രാട്ടുകളായ ഇടശ്ശേരിയും, ഉറൂബും, മാരാരും, എം.ഗോവിന്ദനും, ചെറുകാടും മലപ്പുറത്തുകാരാണെന്ന് ഏത്ര പേര്‍ക്കറിയാം?

ക്രിസ്തു വര്‍ഷം  തൊട്ട് തുടങ്ങിയതാണ് അധിനിവേശത്തിനെതിരെയുള്ള മലപ്പുറത്തിന്റെ പോരാട്ടം. നമ്മളുണ്ടാക്കുന്ന  നെല്ലും, ഫലങ്ങളും നമ്മുടെ നെഞ്ചകങ്ങളില്‍ തഴച്ചു വളര്‍ന്ന സംസ്കൃതിയും വെള്ളക്കാരനും, കൂട്ടാളികള്‍ക്കും കൊടുക്കില്ലെന്ന് ശപഥമെടുത്ത് രണാങ്കണത്തിലിറങ്ങിയ മലപ്പുറത്തുകാരെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. അന്ന് ഇരുപത്തൊന്നില്‍ വെള്ളപ്പിശാചുകള്‍ക്കെതിരെ  നാമൊന്നിച്ചത് മലപ്പുറത്ത് വച്ചായിരുന്നു.  അത്തന്‍ കുരിക്കളും, ആലി മുസ്ല്യാരും, മൂസ്സ മൂപ്പനും, കുട്ടിപ്പോക്കരും, കുഞ്ഞഹമ്മദാജിയും ഒപ്പം ആയിരക്കണക്കിന് പോരാളികളും സ്വാതന്ത്ര്യത്തിന് വേണ്ടി രക്തം ചിന്തിയത് ഈ മണ്ണിലാണ്. എത്രയെത്ര ചരിത്ര സ്മരണകളാണ് നമ്മുടെ പൂര്‍വ്വീകര്‍ ഈ മണ്ണില്‍ ഇട്ടേച്ചു പോയത്. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും, എം.പി. നാരായണ മേനോനും തുവ്വൂര്‍ പള്ളിയില്‍ ചെന്ന് പോരാളികളോട് പ്രസംഗിച്ചതും, ഇരുവര്‍ക്കും വേണ്ടി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയതും മലപ്പുറത്തിന്റെ മാത്രം കഥയാണ്.

തൊള്ളായിരത്തി മുപ്പതിലെ ഉപ്പു സത്യാഗ്രഹത്തെ തുടര്‍ന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെയും, കെ.കേളപ്പനെയും അറസ്റ്റ് ചെയ്തപ്പോള്‍ മലപ്പുറത്തുകാരനുണ്ടായ രോഷം ബ്രിട്ടീഷധികാരികള്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. പാരതന്ത്ര്യത്തോടൊരിക്കലും രാജിയാകാത്ത മാധവന്‍ നായരും, മൊയ്തു മൗലവിയും ഇവിടത്തുകാരാണ്. ബ്രഹ്മദത്തന്‍ നമ്പൂതിരിയും, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടും മലപ്പുറത്തിന്റെ ചുണക്കുട്ടികളാണ്. മലപ്പുറത്തെ മഹനീയ സംസ്കാരത്തിലേക്ക് നയിച്ച പാണക്കാട്ടെയും, മലപ്പുറത്തെയും തങ്ങന്മാരും ഇതേ പൈതൃകത്തിന്റെ കണ്ണികളാണ്.  

പൊതു സവിശേഷതകള്‍
കിഴക്ക് തമിഴ് നാട്ടിലെ നീലഗിരി കുന്നുകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കോഴിക്കോട്-വയനാട് ജില്ലകളും, തെക്ക് തൃശൂര്‍ - പാലക്കാട് ജില്ലകളും മലപ്പുറത്തെ അതിരിടുന്നു. മലപ്പുറം ജില്ലയുടെ ആകെ ഭൂമിശാസ്ത്ര വിസ്തീര്‍ണ്ണം 3550 ചി.കി.മീ.ആണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുട 9.13 ശതമാനം വരും. വിസ്തൃതിയില്‍ മൂന്നാം സ്ഥാനമാണ് ജില്ലക്കുള്ളത്.

ലേഖനങ്ങള്‍ക്ക് കടപ്പാട് : 'മലപ്പുറത്തിന്റെ സ്വന്തം'

2.5
Average: 2.5 (2 votes)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.