ഏറെ സാസ്കാരിക പാരമ്പര്യമുള്ള ദേശങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ല കലാ പാരമ്പര്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. നാടനെന്നും ക്ലാസിക്കെന്നും അറിയപ്പെടുന്ന രണ്ടു കലാധാരകള്‍ക്കും പ്രാമുഖ്യം ഉള്ള നാടാണിത്. വ്യത്യസ്തങ്ങളായ ഒട്ടേറെ നാടന്‍ കലകള്‍ നാട്ടിന്‍ പുറങ്ങളില്‍ അരങ്ങേറിവരുന്നു. ജനങ്ങളുടെ ആചാരം, വിശ്വാസം, ജീവിതം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ ഓരോന്നും രൂപപ്പെട്ടുവരുന്നത്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടാണ് ക്ലാസിക് കലകള്‍ അവതരിപ്പിച്ചു വരുന്നത്. ഇവ നാടിന് ശാസ്ത്ര പദ്ധതികളനുസരിച്ച് ചിട്ടപ്പെടുത്തിയവയും മാറ്റങ്ങളെ ഉപരോധിക്കുന്നവയുമാണ്.
നാടന്‍ കലകളില്‍ അനുഷ്ഠാനകലകള്‍ക്കാണ് ഏറെ പ്രാധാന്യമുള്ളത്. കളമെഴുത്തുപാട്ട്, തിറപൂതനും തിറയും, ഭഗവതിയാട്ട്, പാന, കാളകളി അയ്യപ്പന്‍ വിളക്ക് എന്നിവയാണ് പ്രധാനപ്പെട്ട അനുഷ്ഠാന കലകള്‍ . പരിചമുട്ടുകളി, ചവിട്ടുകളി, വട്ടക്കളി എന്നിങ്ങനെ അനുഷ്ഠാനേതരമായ നാടന്‍ കലകളും അവതരിപ്പിച്ചുവരുന്നുണ്ട്. കാവുകളിലും ക്ഷേത്രങ്ങളിലും സാധാരണയായി അവതരിപ്പിച്ചു വരുന്ന അനുശഷ്ഠാന കലാരൂപമാണ് കളമെഴുത്തും പാട്ടും. കളമ്പാട്ട് എന്ന പേരിലും അറിയപ്പെടുന്നു. പഞ്ചവര്‍ണ്ണപൊടികള്‍ കൊണ്ട് ആരാധിയ്ക്കപ്പെടുന്ന മൂര്‍ത്തിയുടെ രൂപം വരക്കുകയും ആ മൂര്‍ത്തിയെ സ്തുതിക്കുന്ന പാട്ടുകള്‍ പാടുകയുമാണ് കളമ്പാട്ടിന്റെ രീതി. ഭദ്രകാളി, വേട്ടയ്ക്കാരന്‍ , കരുമകന്‍ , അയ്യപ്പന്‍ എന്നീ മൂര്‍ത്തികള്‍ക്കു വേണ്ടിയുള്ള കളമാണ് പൊതുവെ കാണപ്പെടുന്നത്. കല്ലാറ്റ് കുറുപ്പ് വിഭാഗത്തില്‍പ്പെട്ടവരാണ് കളമെഴുതി പാട്ടു നടത്തുന്നത്. നന്തുണി എന്ന വാദ്യോപകരണത്തിന്റെ അകമ്പടിയോടുകൂടിയാണ് പാടുന്നത്. പുള്ളുവര്‍ നാഗക്കളവും പക്ഷിക്കളവും എഴുതി, പാട്ടു നടത്തുന്നുണ്ട്.
മുസ്‌ലിം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കലകള്‍ മലപ്പുറത്തിന്റെ സവിശേഷതയാണ്. മാപ്പിളപ്പാട്ട്, ഒപ്പന, ദഫ് മുട്ട്, അറബന മുട്ട്, കോല്‍ക്കളി എന്നിവ ഇക്കൂട്ടത്തില്‍ വരുന്നു. വിവാഹ വേളകളിലാണ് മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിക്കുന്നത്. ചടുലമായ താളത്തില്‍ തികഞ്ഞ അഭ്യാസ പ്രകടനം പോലെയുള്ള നൃത്തമാണ് കോല്‍ക്കളി.
കാവ്, മണ്ടകം, തറ, കോട്ട എന്നിവിടങ്ങളിലെ വേല, താലപ്പൊലി, പൂരം എന്നിവയോടനുബന്ധിച്ച് അവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലാപൂരമാണ് തിറ. ഇതിന് തിറയാട്ടം എന്നും പറയുന്നു. ഭഗവതി, കരിങ്കാളി, ക്ഷേത്രപാലകന്‍ , കുട്ടിച്ചാത്തന്‍ , ഘണ്ടാകര്‍ണ്ണന്‍ , നാഗം എന്നിങ്ങനെയാണ് പ്രധാനമായും കെട്ടിയാടപ്പെടുന്ന തിറകള്‍ , വള്ളുവനാടിന്റെ കലാരൂപമായിട്ടാണ് പൂതനും തിറയും അറിയപ്പെടുന്നത്. ദാരികാവധം കഴിഞ്ഞ് വരുന്ന കാളിയാണ് തിറ സങ്കല്‍പം. കാളിയെ ശാന്തമാക്കാന്‍ ശിവനയയ്ക്കുന്ന ഭൂതഗണത്തിന്റെ പ്രതിനിധിയാണ് പൂതം. മണ്ണാന്‍ /വണ്ണാന്‍ സമുദായക്കാരാണ് പൂതനും തിറയും കെട്ടുന്നത്. വെട്ടത്തു നാടിന്റെ അനുഷ്ഠാനമായി അറിയപ്പെടുന്ന ഭഗവതിയാട്ട്, തറ, മണ്ടകം, കോട്ട എന്നീ ആരാധനാകേന്ദ്രങ്ങളിലാണ് അവതരിപ്പിക്കുന്നത്. പെരുവണ്ണാന്‍ സമുദായക്കാരാണ് കോലം കെട്ടിയാടുന്നത്. ഭഗവതി സങ്കല്‍പം, മൂകാംബികയുടെ അംശമായി കണക്കാക്കിവരുന്ന തണ്ണീര്‍ ഭഗവതിയാണ്. ഇതിനു തോറ്റം പാട്ടുകളുണ്ട്. വള്ളുവനാട്ടിലെ മറ്റൊരനുഷ്ഠാനമാണ് പാന. പാനപ്പന്തല്‍ , പാനപിടുത്തം, പാനച്ചാട്ടം തുടങ്ങി ഒട്ടേറെ പദങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ഒരനുഷ്ഠാനമാണിതും. കാവിലെ വേലയോടനുബന്ധിച്ച് നടത്തുന്ന ഒന്നാണ് കാളകളി. മുള, വൈക്കോല്‍ എന്നിവയുടെ രൂപമുണ്ടാക്കി, തലയില്‍ വെച്ച് പാട്ടുപാടികളിക്കുന്ന രീതിയാണുള്ളത്. ഇതിന് കാര്‍ഷിക സംസ്കൃതിയുമായിട്ടാണ് കൂടുതല്‍ ബന്ധം. അയ്യപ്പ പ്രീതിയ്ക്കായി നടത്തിവരുന്നതാണ് അയ്യപ്പന്‍വിളക്ക്. അയ്യപ്പനുപുറമെ ഭഗവതിയേയും ഇതിലൂടെ ആരാധിക്കപ്പെടുന്നുണ്ട്. പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഇതിന്റെ ഒരു പ്രധാന ചടങ്ങാണ്. ഉടുക്കു കൊട്ടി പാട്ട്, കനലാട്ടം, വെട്ടും തടവും തുടങ്ങിയവ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചുവരുന്നു.
അനുഷ്ഠാനങ്ങളല്ലെങ്കിലും, പലപ്പോഴും അനുഷ്ഠാന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു നില്‍ക്കുന്ന കലാരൂപമാണ് ചവിട്ടുകളി. പാട്ടിനനുസരിച്ച് താളത്തില്‍ പുരുഷന്മാര്‍ നടത്തുന്ന സംഘനൃത്തമാണിത്. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചവിട്ടുകളി ഏറെ പ്രസിദ്ധമാണ്. വാളും പരിചയുമേന്തി നടത്തുന്ന സംഘ നൃത്തമാണ് പരിചമുട്ടുകളി. ആഘോഷ വേളകളില്‍ ഇത് അവതരിപ്പിച്ച് വരുന്നു. വട്ടക്കളിയും പുരുഷന്മാരുടെ സംഘനൃത്തമാണ്. ഇതിന് പാട്ടുകളുണ്ട്. സ്ത്രീകളുടെ സംഘനൃത്തമായ കൈകൊട്ടിക്കളി (തിരുവാതിരക്കളി)ക്കും ഇവിടെ ഏറെ പ്രചാരമുണ്ട്. ഓണം, തിരുവാതിര തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ് ഇത് അവതരിപ്പിയ്ക്കപ്പെടുന്നത്.
ക്ലാസിക് കലയായ കഥകളിക്കു രൂപം നല്‍കിയ നാടാണ് മലപ്പുറത്തെ വെട്ടത്തുനാട്. കൊട്ടാരക്കര തമ്പുരാന്റെ പരിശ്രമ ഫലമായി രൂപപ്പെട്ട രാമനാട്ടത്തെ, മലബാറില്‍ കൊണ്ടുവന്ന്, കഥകളിയാക്കി രൂപപ്പെടുത്തിയത് വെട്ടുത്തുരാജാവായിരുന്നു. അദ്ദേഹം നടപ്പാക്കിയ സമ്പ്രദായത്തെ വെട്ടത്തുസമ്പ്രദായം എന്നാണ് അറിയപ്പെടുന്നത്. വെട്ടത്തു തമ്പുരാന്‍ പ്രധാനമായും നാലുകാര്യങ്ങളാണ് കഥകളിക്ക് വേണ്ടി ചെയ്തത്. നടന്മാര്‍ക്ക് വാചികാഭിനയം വേണ്ടെന്ന് വെക്കുകയും മുദ്രകളോട് കൂടിയ ആംഗ്യാഭിനയത്തിനു പ്രധാന്യം നല്‍കുകയും ചെയ്തു. പാടിക്കളിച്ചിരുന്ന രീതി മാറ്റി, പാട്ടിനെ പിന്നണിയിലേക്കു കൊണ്ടുവന്നു. കൂടിയാട്ടത്തെ അനുകരിച്ച് പച്ച, കത്തി, താടി എന്നിങ്ങനെ മുഖത്തു തേപ്പിനെ അടിസ്ഥാനമാക്കിയുള്ള വേഷ വിഭജനം കൊണ്ടുവന്നു. തത്തി, താടി വേഷങ്ങള്‍ക്ക് തിരനോട്ടം ഏര്‍പ്പെടുത്തി. രാമനാട്ടത്തിന്റെ അരങ്ങില്‍ തൊപ്പി മദ്ദളവും ശുദ്ധ മദ്ദളവുമായിരുന്നു വാദ്യങ്ങള്‍ . തൊപ്പി മദ്ദളത്തിന് പകരം കഥകളി അരങ്ങില്‍ ചെണ്ട ഏര്‍പ്പെടുത്തി. കഥകളിയുടെ ഈ പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലുള്ള പി.എസ്.വി. നാട്യസംഘം കഥകളി വിദ്യാലയമാണെന്നു മാത്രമല്ല, ഒട്ടേറെ കഥകളി അവതരിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്.
സംസ്കൃത രൂപകാഭിനയമായ കൂടിയാട്ടത്തിന് വളരെ കൂടുതല്‍ പ്രചാരം ലഭിക്കുകയുണ്ടായില്ല. തിരുമന്ധാംകുന്നില്‍ ചെറിയൊരു കൂത്തമ്പലം ഉണ്ടായിരുന്നു. തൃപ്രങ്ങോട്, ഗോവിന്ദപുരം (വന്നേരി), പന്നിയൂര്‍ (കുറ്റിപ്പുറം) എന്നീ ക്ഷേത്രങ്ങളില്‍ കൂത്തമ്പലത്തിന്റെ സ്ഥാനം മാത്രമാണുള്ളത്. കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി ഉണ്ടായിരുന്ന കൂത്തമ്പലങ്ങള്‍ ചുരുക്കമായിരുന്നു എന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാകും. കേരളത്തില്‍ പതിനെട്ട് ചാക്യാര്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നതില്‍ പന്തല്ലൂര്‍ (ഏറനാട്) മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ കുടുംബം വളരെ കാലങ്ങള്‍ക്കു മുമ്പുതന്നെ ഇല്ലാതായി. ആ നിലക്ക് കൂടിയാട്ടത്തിന്റെ അവതരണം മലപ്പുറം പ്രദേശങ്ങളില്‍ വ്യാപകമായിരുന്നു എന്നു പറയാന്‍ കഴിയില്ല.
കോഴിക്കോട് സാമൂതിരി മാനവേദന്‍ രൂപപ്പെടുത്തിയ കൃഷ്ണനാട്ടത്തിന് ഈ ഭാഗങ്ങളില്‍ ഏറെ പ്രചാരമുണ്ടായിരുന്നു. പഴയകാലത്ത് സാമൂതിരിയുടെ അധീനതയിലുണ്ടായിരുന്ന കോവിലകങ്ങളിലും ക്ഷേത്രങ്ങളിലും കൃഷ്ണനാട്ടം അവതരിപ്പിച്ചുപോന്നു. മങ്കട, നെടിയിരുപ്പ്, നിലമ്പൂര്‍ എന്നീ കോവിലകങ്ങളിലും തൃക്കാവ് (പൊന്നാനി), തൃക്കണ്ടിയൂര്‍ , ആലത്തിയൂര്‍ ഹനുമാന്‍ കാവ്, കേരളാധീശപുരം, നിറകൈതക്കോട്ട എന്നീ ക്ഷേത്രങ്ങളിലും കൃഷ്ണനാട്ടം അവതരിപ്പിച്ചിരുന്നു. ക്ഷേത്ര കലകളായി കണക്കാക്കിയിരുന്ന ചാക്യാര്‍കൂത്ത്, പാഠകം, ഓട്ടന്‍തുള്ളല്‍ എന്നിവക്കും ഇവിടെ ഏറെ പ്രചാരമുണ്ട്. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഇവയെല്ലാം ഇന്നും അവതരിപ്പിച്ചുവരുന്നു. ഈ വിധത്തില്‍ നാടന്‍ -ക്ലാസിക് കലാപാരമ്പര്യം മലപ്പുറത്തിനും അഭിമാനിക്കാവുന്നതാണ്.







Post new comment