Skip to main content

മലപ്പുറത്തിന്റെ നാട്ടു വൈദ്യ പാരമ്പര്യം

കാറ്റഗറി :

പ്രാഥമികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഔഷധം. ഔഷധം ഒരുവനെ ശരിയായ രീതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്നു. പ്രതിരോധം എന്ന നിലയിലും രോഗശമനം എന്ന നിലയിലും രോഗത്തിന് പ്രതിവിധി എന്ത് എന്ന മനുഷ്യന്റെ അന്വേഷണത്തിന് രോഗത്തോളം തന്നെ പഴക്കമുണ്ടാകും. അതിനാല്‍ മനുഷ്യനോളം തന്നെ പഴക്കം വൈദ്യത്തിനുമുണ്ടാകും.  ഒരു സമൂഹത്തിന്, വ്യക്തിക്ക് ശരിയെന്ന് തോന്നുന്ന കാര്യം മറ്റൊരു വ്യക്തിക്ക് ശരിയായിരിക്കണമെന്നില്ല. അതുപോലെത്തന്നെയാണ് രോഗചികിത്സയുടെ കാര്യവും. എല്ലാ ചികിത്സാരീതികളും എല്ലാ സമൂഹവും അംഗീകരിക്കണമെന്നില്ല. ചില സമൂഹത്തില്‍ വ്യക്തികളില്‍ പ്രസ്തുത ചികിത്സക്ക് പ്രസക്തി ഉണ്ടാകുന്നതു കൊണ്ടാണ് അത് നിലനില്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മനസ്സിലാക്കുമ്പോഴാണ് എല്ലാത്തരം വൈദ്യത്തിനും പ്രസക്തിയുണ്ട് എന്ന് സാമന്യാര്‍ത്ഥത്തില്‍ പറയുന്നത്.

വാനത്തോളം പുകഴ്‌ത്താവുന്ന വൈദ്യപാരമ്പര്യമുണ്ട് മലപ്പുറത്തിന്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല മലപ്പുറം ജില്ല. ആയുര്‍‌വേദത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കോട്ടക്കല്‍ മലപ്പുറം ജില്ലയിലാണ്. അഷ്ദവൈദ്യ കുടുംബങ്ങളില്‍ ചിലത് മലപ്പുറം ജില്ലയിലും ബാക്കിയുള്ളവ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ആണ്. അതിനാല്‍ അവയുടെ സ്വാധീനം ജനതയുടെ ആരോഗ്യ ബോധത്തില്‍ പ്രകടമാണ്. ഇതിനു പുറമെ നിരവധി പാരമ്പര്യ ഹിന്ദു – മുസ്ലിം കുടുംബങ്ങളിലെ വ്യത്യസ്ഥ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ കാണാവുന്നതാണ്.
കളരി ചികിത്സയിലും മറ്റു ആയുര്‍വേദ ചികിത്സകളിലും പ്രമുഖനായിരുന്നു ചങ്ങമ്പള്ളി ഗുരുക്കള്‍ . ഇദ്ദേഹമാണ് ചങ്ങമ്പിള്ളി ആയുര്‍വേദ ശാല സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ മറ്റു പ്രമുഖ മുസ്ലിം വൈദ്യ കുടുംബങ്ങളാണ് കൊട്ടാമ്പാറ സന്നിപാത ചികിത്സാലയം, വൈദ്യരത്ന പ്രഭ, വിശ്വകീര്‍ത്തി തുടങ്ങിയവ. ഈ മൂന്ന് വൈദ്യശാലകള്‍ക്കും ജില്ലക്കകത്തും പുറത്തും ഏജന്‍സികളും വൈദ്യശാസകളും ഉണ്ട്.

‘പറങ്ങോടന്‍ കുട്ടി’ എന്ന തീയ്യ വിഭാഗത്തില്‍പ്പെട്ട വൈദ്യന്‍ ഒരു തലമുറക്കുമുമ്പ് ജീവിച്ചിരുന്ന വ്യക്തിയായിരുന്നെങ്കിലും ഇന്നും അദ്ദേഹത്തിന്റെ നാമം ജനഹൃദയത്തിലുണ്ട്. അദ്ദേഹത്തിന്റെ മര്‍മ്മചികിത്സ വഴി ധാരാളം വ്യക്തികള്‍ക്ക് ആശ്വാസം ലഭിച്ചിട്ടുണ്ട് എന്നതാണ് കാരണം. ആധുനിക ചികിത്സ ഇല്ലാതിരുന്ന അക്കാലത്ത് ഒടിവ്, ചതവ്, മുറിവ് എന്നിവയ്ക്ക് അത്താണി പറങ്ങോടന്‍കുട്ടിയായിരുന്നു. ഇതേ പ്രശസ്തി അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഇന്നും നിലനിര്‍ത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മഞ്ചേരി, മലപ്പുറം, വണ്ടൂര്‍ , കോട്ടക്കല്‍ , നിലമ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇവരുടെ വൈദ്യശാലകള്‍ ഇന്നും സജീവമാണ്. മര്‍മ്മരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ മലപ്പുറത്തുകാര്‍ ആദ്യം വൈദ്യോപദേശം തേടുന്നത് ഇന്നും ഇവരെത്തന്നെയാണ്.

വിഷ ചികിത്സയില്‍ പ്രമുഖരായ നിരവധി വൈദ്യ കുടുംബങ്ങള്‍ ജില്ലയില്‍ പലയിടത്തും ഉണ്ടായിരുന്നു. എന്നാല്‍ പലതും കാലപ്രവാഹത്തില്‍ കുറ്റിയറ്റുപോയി. അപൂര്‍വ്വം സ്ഥലങ്ങളില്‍ ഇന്നും ചിലത് നിലനില്‍ക്കുന്നുണ്ട്. ചുങ്കത്തറയിലെ ഷൈന്‍ വൈദ്യര്‍ പ്രസിദ്ധനാണ്. പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും പാരമ്പര്യമായി തനിക്ക് ലഭിച്ച കഴിവ് ഇദ്ദേഹം വിഗദ്ധമായി പ്രയോഗിക്കുന്നു. പെരിന്തല്‍മണ്ണക്കടുത്തുള്ള ചെറുകരയിലെ സൈഫുന്നീസ എന്ന മുസ്ലിം യുവതി പാരമ്പര്യ വിഷചികിത്സയില്‍ പ്രമുഖയാണ്.

നിരവധി ഏജന്‍സികളും ബ്രാഞ്ചുകളുമുള്ള വൈദ്യശാലകള്‍ക്കു പുറമെ ഇവിടെ പ്രസിദ്ധ വൈദ്യകുടുംബങ്ങള്‍ നിരവധിയാണ്. ഓരോ പട്ടണത്തിലും ഗ്രാമ പ്രദേശങ്ങളിലും വമ്പന്‍മാരുടെ വൈദ്യശാല ഏജന്‍സികള്‍ ഉണ്ടെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ക്കിന്നും ഇഷ്ടം വീട്ടില്‍ വെച്ച് ഔഷധം തയ്യാറാക്കുന്ന വൈദ്യ കുടുംബങ്ങളുടെ വൈദ്യശാലകള്‍ ആണ്. അരീക്കോട് ഉണ്ണിക്കുട്ടി വൈദ്യര്‍ , മഞ്ചേരി ബാപ്പു വൈദ്യര്‍ , മേലാറ്റൂര്‍ വാഴക്കിളിയില്‍ അപ്പുക്കുട്ടന്‍ വൈദ്യര്‍ , മലപ്പുറത്ത് മോഹന്‍ ഫാര്‍മസി, വേങ്ങരയില്‍ കുറിഞ്ഞിക്കാട്ടില്‍ ഫാര്‍മസി, വളാഞ്ചേരിയില്‍ പി.കെ വൈദ്യര്‍ , ചങ്ങമ്പിള്ളി വൈദ്യന്‍മാര്‍ , പൂക്കാട്ടിരിയില്‍ കൊട്ടാമ്പാറ, തിരൂര്‍ മജീദ് ഗുരുക്കള്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. മുസ്‌ലിം, വേലന്‍ , തിയ്യന്‍ , മണ്ണാന്‍ തുടങ്ങിയ സമുദായങ്ങളില്‍ വൈദ്യ കുടുംബങ്ങള്‍ നിരവധിയാണ്.

ചില പ്രത്യേക രോഗങ്ങള്‍ക്കുമാത്രം ചികിത്സിക്കുന്നവരും ജില്ലയിലുണ്ട്. മനോരോഗ ചികിത്സയില്‍ പ്രമുഖരാണ് പൂങ്കുടില്‍ മനക്കാര്‍, അവിടെ എല്ലാ വര്‍ഷവും ആധുനിക മനോരോഗ ചികിത്സകരുമായി ഒത്തുചേര്‍ന്നുള്ള മനോരോഗ സെമിനാര്‍ സംഘടിപ്പിക്കാറുണ്ട്. പാരമ്പര്യമായുള്ള നേത്രരോഗ ചികിത്സയില്‍ പ്രമുഖരാണ് പത്തപ്പിരിയം കുടുംബം. ഈ കുടുംബത്തിന് പാരമ്പര്യമായി കിട്ടിയ അറിവ് അവര്‍ ഇന്നും വിദഗ്ധമായി പ്രയോഗിക്കുന്നു. സന്നിപാത ജ്വരത്തിന് മാത്രമുള്ള പ്രത്യേക ചികിത്സാ കുടുംബമാണ് വളാഞ്ചേരിക്കടുത്ത പൂക്കാട്ടിരിയിലെ കൊട്ടാമ്പാറ ചികിത്സാലയം. മഞ്ഞപ്പിത്തത്തിന് മാത്രം ചികിത്സിക്കുന്ന ചില കുടുംബങ്ങള്‍ ഊരകം, വേങ്ങര എന്നിവിടങ്ങളിലുണ്ട്.

ആയുര്‍വ്വേദവും നാട്ടുവൈദ്യവും ഇടകലര്‍ന്നുള്ള ഒരു വൈദ്യ രീതിയാണ് വൈദ്യര്‍ കുടുംബങ്ങള്‍ക്കുള്ളത്. തങ്ങളുടെ കുടുംബങ്ങള്‍ക്കുമാത്രമറിയുന്ന ചില പ്രത്യേകതരം മരുന്നുവിധികളും ഇവര്‍ക്കുണ്ട്. പാരമ്പര്യമായി ഹോമിയോ, യൂനാനി, സിദ്ധ തുടങ്ങിയവ പ്രയോഗിക്കുന്ന വൈദ്യന്‍മാര്‍ ജില്ലയില്‍ ഉടനീളമുണ്ട്. പലരും വീട്ടിലോ കടയിലോ വെച്ചാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. ബോര്‍ഡുകളോ ബാനറുകളോ ഉപയോഗിച്ച് പരസ്യം ചെയ്യുന്ന രീതി നാട്ടുവൈദ്യന്‍മാര്‍ക്ക് കുറവാണ്. തങ്ങളുടെ പ്രിയ വൈദ്യനെ നാട്ടുകാര്‍ക്ക് അറിയാം. അദ്ദേഹം തങ്ങളെ ചതിക്കുകയില്ലെന്നും. ഈ വിശ്വാസമാണ് ജനങ്ങളെ നാട്ടുവൈദ്യന്‍മാരോട് അടുപ്പിക്കുന്നത്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.