മലപ്പുറം ജില്ലയുടെ സംഗീത ചരിത്രത്തില്‍ ശരിയായ വിധത്തില്‍ മനസ്സിലാക്കപ്പെടാതെ പോയ ഒരു സമാന്തര ധാരയുണ്ട്. അത് ഹിന്ദുസ്ഥാന്‍ സംഗീത പാരമ്പര്യത്തിന്റേതാണ്. ചരിത്ര പുസ്തകങ്ങളില്‍ പേരു ചേര്‍ക്കപ്പെടാതെ പോയ കുറെ നാടോടികളായ സംഗീതജ്ഞര്‍ അവരുടെ ജീവിതം കൊണ്ട് സ്വരപ്പെടുത്തിയ ഒരു സംഗീത സഞ്ചാരമാണത്. ജീവിതാന്വേഷണം സംഗീതാലാപനമാക്കിത്തീര്‍ത്ത് അലഞ്ഞു തിരിഞ്ഞ് മലപ്പുറത്തെത്തിചേര്‍ന്നവര്‍, ഇവിടെ താവളമാക്കിയവര്‍, അവരില്‍ നിന്ന് സംഗീതം പഠിച്ചു വളര്‍ന്നവര്‍, അവരുടെ മെഹ്ഫിലുകള്‍ (സംഗീത കൂടലുകള്‍) കൊണ്ട് പുരലാതെ പുലര്‍ന്ന സംഗീത രാത്രികല എന്നിങ്ങനെ ബൊഹീമിയന്‍ ലാവണ്യമുയര്‍ന്ന ചരിത്രസ്മൃതികളില്‍ സ്പന്ദിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളിലാണ് ഉത്തരേന്ത്യയില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിച്ച കുറേ നാടോടികളായ സംഗീതജ്ഞര്‍ മലപ്പുറത്തും, തിരൂരും, പൊന്നാനി യിലുമൊക്കെ സംഗീത കമ്പക്കാരുടെ അതിഥികളായി എത്താന്‍ തുടങ്ങിയത്. കാസര്‍ക്കോട്ടെയും, കണ്ണൂരിലെയും, കോഴിക്കോട്ടെയും സംഗീത കൂട്ടായ്മയുടെ തുടര്‍ച്ചയായിരുന്നു അത്. മലപ്പുറം ജില്ലയിലെ (അന്ന് മലപ്പുറം ജില്ലയായിട്ടില്ല) ഗ്രാമഗ്രാമാന്തരങ്ങളില്‍ സാധാരണക്കാരായ മനുഷ്യരെ പാടാന്‍ പഠിപ്പിച്ചതും സംഗീതോപകരണങ്ങള്‍ വായിക്കാന്‍ പഠിപ്പിച്ചതും ഈ ഉസ്താദുമാരാണ്.
സംഗീതം കേള്‍ക്കാനും, പഠിക്കാനും സമ്പന്ന സവര്‍ണ്ണര്‍ക്കു മാത്രം അവസരവും അവകാശവുമുണ്ടാകുന്ന കാലത്ത് ഇവര്‍ തൊട്ടു കൂടാത്തവരെയും തീണ്ടികൂടാത്തവരെയും നാലാം വേദക്കാരെയും വേദമില്ലാത്തവരെയും പുറമ്പോക്കുവാസികളെയുമെല്ലാം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിപ്പിച്ചു. അവരില്‍ നിന്നും സംഗീതം പഠിച്ചവര്‍ പിന്നീട് ഗുരുനാഥന്‍മാരായി. അവര്‍ക്ക് ശിഷ്യപരമ്പരകളുണ്ടായി. അങ്ങനെ നമ്മുടെ സാംസ്ക്കാരിക ചരിത്രത്തില്‍ കോലാഹലങ്ങളൊന്നു മില്ലാതെ ഒരു ജനകീയ സംഗീത വിപ്ലവം നടന്നു. അതിനെ പിന്‍പറ്റിയാണ് പിന്നീട് നമ്മുടെ നാട്ടില്‍ കലാസമിതി-വായനശാലാ പ്രസ്ഥാനങ്ങള്‍ ബലപ്പെട്ടുവന്നത്. ആ സംഗീത നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ സംഗീതജ്ഞരാവട്ടെ സാംസ്ക്കാരിക ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റപ്പെടുകയും ചെയ്തു.
ഉസ്താദ് ബിച്ചാമു, ഉസ്താദ് സദക്കത്തുള്ള, പണ്ഡിറ്റ് രാംറാവു മങ്കേഷ്ക്കര്‍, ഉസ്താദ് കുമാര്‍, ഉസ്താദ് തിരൂര്‍ ഷാ, വിന്‍സെന്റ് മാഷ്, പൊന്നാനി മായിന്‍, ഉസ്താദ് യൂസുഫ് ഖാന്‍, തബലിസ്റ്റ് പുരന്ദരദാസ് തുടങ്ങി വലിയൊരു പരമ്പരയാണത്. പല കാര്യത്തിലും ഈ സംഗീതജ്ഞര്‍ക്ക് സമാനതകളേറെ യുണ്ടായിരുന്നു. ഇവര്‍ ആത്യന്തികമായി ജീവിതത്തെ സംഗീതം മാത്രമാക്കി മാറ്റിയവരായിരുന്നു. പലര്‍ക്കും മറ്റുതൊഴിലുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, സംഗീതം കൊണ്ട് ഭൗതിക ലാഭങ്ങളൊന്നും ഉണ്ടാക്കാനാഗ്രഹിച്ചതുമില്ല. സംഗീത പ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും പ്രതിഫലമൊന്നും ചോദിച്ചുവാങ്ങിയില്ല. ഒരിടത്തും സ്ഥിരമായി തങ്ങാതെ ക്ലബ്ബുകളിലും വായനാശാലകളിലും സംഗീത കമ്പക്കാരുടെ വീടുകളിലുമായി മാറിമാറിത്താമസിച്ച് അലഞ്ഞു തിരിഞ്ഞുജീവിച്ചു. പലരും ഭൗതികമായി ഒന്നും നേടാതെ അനാഥരായി കടന്നുപോവുകയും ചെയ്തു.
ഉസ്താദ് ബിച്ചാമു താനൂരിലെ ഗവ. ആശുപത്രിയില്‍ കിടന്നാണ് ഉറ്റവരൊന്നുമില്ലാതെ മരിച്ചത്. പണ്ഡിറ്റ് റാംറാവു മങ്കേഷ്ക്കര്‍ ഏതോ തെരുവോരത്ത് അനാഥനായി മരിച്ചു. അതൊക്കെ പഴങ്കഥ. എട്ടുപത്ത് വര്‍ഷം മുമ്പ് നമ്മുടെ ഹിന്ദുസ്ഥാനി സംഗീത ചരിത്രത്തിലെ വലിയ അദ്ധ്യാപകരിലൊരാളായിരുന്ന വിന്‍സെന്റ് മാഷ് തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഏഴു പതിറ്റാണ്ടിലേറെയായി നീണ്ട തന്റെ സമ്പന്നമായ സംഗീത ജീവിതം തീവണ്ടിക്കുമുന്നില്‍ അവസാനിപ്പിചു. അതിനിടയാക്കിയ സാഹചര്യങ്ങള്‍ പക്ഷെ സാമൂഹികമായി പഠിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രഭാവകാലങ്ങളില്‍ ഇത്തരം സംഗീതജ്ഞര്‍ പലരും പടപ്പാട്ടുകാരോ പ്രചാരണോപാദികളോ ആയിരുന്നു. വായന ശാലാ കലാസമിതി പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളില്‍ സാമൂഹിക മാറ്റത്തിനുള്ള പാട്ടുകള്‍ ചിട്ടപ്പെടുത്തിയും പാടിയും ഇവരില്‍ പലരും സജീവമായി പിന്നണിയിലുണ്ടായിരുന്നു. പക്ഷെ സാംസ്ക്കാരിക സമ്മേളനങ്ങളില്‍ മാറിയ സമൂഹം ഈ പിന്‍പാട്ടുകാരെ മറന്നു കളഞ്ഞു.
സംഗീതം ലഹരിയായി കൊണ്ടുനടക്കുകയും സംഗീത ചരിത്രങ്ങളില്‍ ഇടം കിട്ടാതെ പോവുകയും ചെയ്ത ഈ സംഗീതജ്ഞരുടെ പരമ്പരകളും കൂട്ടുകാരും ബന്ധുക്കളുമൊക്കെ ചേര്‍ന്ന് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും സമാന്തരമായ ഒരു സംഗീത സംസ്ക്കാരം കാത്തുപരിപാലിച്ചു പോരുന്നുണ്ട്. നമ്മുടെ സാംസ്ക്കാരിക ജീവിതത്തില്‍ ആഴത്തിലുള്ള ചലനങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ശക്തിമത്തല്ലെങ്കില്‍ കൂടി ഒറ്റപ്പെട്ടുപോകുന്ന ചില ദുര്‍ബല പ്രതിരോധങ്ങളായും സാംസ്ക്കാരിക ജീവിതത്തിന്റെ ഐക്യപ്പെടലുകളായും സംഗീതത്തിന്റെ കുടിലുകള്‍ എന്നറിയപ്പെടുന്ന കൂട്ടായ്മകള്‍ മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്നു.
കുറ്റിപ്പുറത്തെ കൈരളി ക്ലബ്ബില്‍ വിന്‍സെന്റ് മാഷുടെയും തിരൂര്‍ഷായുടേയും ശിഷ്യനായ സിത്താരിസ്റ്റ് എ.പി.ഭാര്‍ഗവന്‍ ഇപ്പോഴും സംഗീത ക്ലാസുമായി പഴയ നാടോടിത്വത്തിന്റെ ശക്തിയും ചെറുത്തുനില്‍പ്പും തുടര്‍ന്നുകൊണ്ടു പോകുന്നു. തബലിസ്റ്റ് വളാഞ്ചേരി സുഭ്രന്‍, തബലിസ്റ്റ് അപ്പുണ്ണി, മാന്റലിന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ ക്ലബ്ബിന്റെ സന്തതികളായ സംഗീതജ്ഞരാണ്. പൊന്നാനിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്‍നിരപാട്ടുകാരായിരുന്ന അസീസ് ഭായിയും പൊന്നാനി ബാവയും ഇന്നും സംഗീത പ്രവര്‍ത്തനം തുടരുന്നു. എഴുപതാം വയസ്സിലും അസീസ് ഭായിയുടെ വെങ്കലനാദത്തിന് മൈക്കിന്റെ സഹായം കൂടാതെ തന്നെ ആയിരങ്ങളെ ഉണര്‍ത്താനുള്ള ശേഷിയുണ്ട്. മലപ്പുറത്ത് വിന്‍സെന്‍ മാസ്റ്ററുടെ ശിഷ്യനായ ഹാര്‍മോണിസ്റ്റ് അസീസ് ഭായി തന്റെ കുടുംബം മുഴുവന്‍ സംഗീത കൂടലിന്റെ സംസ്ക്കാരത്തിലാണ് നിലനില്‍ക്കുന്നത്. മക്കളായ റഹ്മത്തുന്നിസയും അക്ബറും പേരെടുത്ത കലാകാരന്മാരാണ്.
സൂഫിയായ തബലിസ്റ്റ് ഹംസക്ക ഇപ്പോഴും പൊന്നാനിയില്‍ നിന്ന് തന്റെ നാടോടി യാത്രക്കാര്‍ക്കൊപ്പം സംഗീതത്തെ കൊണ്ട് നടക്കുന്നു. ഉപജീവനം തേടി കടല്‍ കടന്നു പോയെങ്കിലും ഇന്നും പാടാന്‍ വേണ്ടി മാത്രം മലപ്പുറത്തുകാരുടെ പഴയ മുഹമ്മദ് റാഫി ഖലീലുറഹ്മാന്‍ പൊന്നാനിയില്‍ മടങ്ങിയെത്തുന്നു. തിരൂരിലെ ഹനീഫ ഭായി ഈ അറുപത്തഞ്ചാം വയസ്സിലും കവാലി പാടുമ്പോള്‍ സ്വരങ്ങള്‍ താരപഞ്ചമം ചെന്നുതൊടുന്നു. സംഗീത പ്രേമികളുടെ സെയില്‍ട്ട്യാക്കയായ സൈതാലിക്കുട്ടി തിരൂരില്‍ തല എന്ന മ്യൂസിക് ക്ലബ് സംഘടിപ്പിച്ച് പഴയ മെഹ്ഫില്‍ സംസ്ക്കാരം നിലനിര്‍ത്തുന്നു. തിരൂര്‍ഷായുടെ മക്കളായ നൗഷാദും ബാബുവും സുനിയും വിന്‍സെന്‍മാഷുടെ ജോയിയും രാജുവും ഗസല്‍ ഗായകരായ ഷാഫിയും ഫാത്തിമയും ഒക്കെ തിരൂരിന്റെ പൊതു സംഗീതകൂടലുകളില്‍ സ്ഥിരക്കാരാണ്.
മലപ്പുറം നഗരത്തില്‍ പ്രശസ്ത ഗസല്‍ ഗായകനായ നജ്മല്‍ ബാബുവും ഇന്നു വന്നുചേര്‍ന്നിരിക്കുന്നു. മലബാര്‍ സൈഗാള്‍ ആയിരുന്ന പിതാവ് കോഴിക്കോട് അബ്ദുല്‍ഖാദറിന്റെ ആരാധനാ സൗകുമാര്യം ഇന്ന് പുത്രനില്‍ സര്‍വ്വ ചൈതന്യത്തോടെ നിലനില്‍ക്കുന്നു. മലപ്പുറത്ത് നിന്നും കേരളത്തിലെ യുവഗസല്‍ ഗായകന്മാരുടെ മുന്‍നിരയിലേക്ക് ഒരു പുതിയ ചെറുപ്പക്കാരന്‍ കൂടി വളര്‍ന്ന് വന്നിരിക്കുന്നു - റാഫി എന്ന ശഹ്ബാസ് അമന്‍.
മലപ്പുറം ജില്ലയുടെ ഹിന്ദുസ്ഥാനി സംഗീത സംസ്ക്കാരത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വികാസം ഹരിദാസ് ആണ്. പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ മലയാളിയായ ഒരേയൊരു ശിഷ്യന്‍ ഹരിദാസ് ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന സന്തൂര്‍ കലാകാരനാണ്. മലബാറിലെ സംഗീത പരമ്പരകള്‍ക്കെല്ലാം ഹാര്‍മോണിയം ഉണ്ടാക്കിക്കൊടുക്കുന്നതിലൂടെ സ്വയം ശ്രുതിയുടെ ചരിത്രമായവരാണ് വെന്നിയൂരിലെ പരേതനായ ചാത്തുക്കുട്ടി ആശാനും വളാഞ്ചേരിയിലെ ഇപ്പോഴുള്ള അറമുഖനും. ചാത്തുക്കുട്ടി ആശാന്‍ ഹാര്‍മോണിയത്തിലെ സ്വരങ്ങള്‍ ശ്രുതി ചേര്‍ത്തിരുന്നത് സ്വന്തം തൊണ്ടയുടെ ശ്രുതിക്കായിരുന്നു. അറമുഖന്റെ ഹാര്‍മോണിയമാവട്ടെ ഉത്തരേന്ത്യയില്‍ പോലും പ്രശസ്തമാണ്. വെട്ടിച്ചിറയിലെ ചന്ദ്രന്‍ നിര്‍മ്മിക്കുന്ന തബലയാണ് കേരളത്തില്‍ ഇന്നും കമ്പനി നിര്‍മ്മിതമല്ലാത്ത ഏറ്റവും പ്രശസ്തമായ തബല. താനൂരിലെ കുഞ്ഞനാശാന്‍, താനൂര്‍ യൂസുഫ്, തിരൂരില്‍ ചന്ദുമാഷ്, പരമേശ്വരന്‍ എന്ന ഉണ്ണിമാഷ്, കാഞ്ഞിരമുക്കില്‍ മലബാര്‍ മനോഹരന്‍, എടപ്പാളില്‍ വിജയമാഷ്, കാടഞ്ചേരിയില്‍ ഉസ്താദ് കുഞ്ഞിമോന്‍, പൊന്നാനിയിലെ ബാബുമോന്‍, തബലിസ്റ്റ് ഉസ്മാന്‍, അണ്ടത്തോട് ഹുസൈന്‍, ബി.പി. അങ്ങാടിയില്‍ ഉസ്താദ് യൂസുഫ് ബായി, ചങ്ങരംകുളത്തില്‍ മാന്തടത്തില്‍ തബലിസ്റ്റ് കൃഷ്ണന്‍, നടുവട്ടത്ത് ജോയി മാധവന്‍, നന്നംമുക്കില്‍ ഹാര്‍മോണിസ്റ്റ് രാമചന്ദ്രന്‍, കഞ്ഞിപ്പുരയില്‍ തബലിസ്റ്റ് പ്രഭാകരന്‍, കോട്ടക്കല്‍ ഗിറ്റാരിസ്റ്റ് രവി, തൃപ്രങ്ങോട്ട് സുന്ദരന്‍ എന്ന പുഷ്കരന്‍ തുടങ്ങി ഒട്ടേറെ സംഗീതജ്ഞര്‍ ഇന്നും വ്യവസ്ഥാപിതവും ചിട്ടപ്രകാരവുമുള്ളതല്ലെങ്കിലും, സംഗീത സംസ്ക്കാരത്തിന്റെ ഹൃദയസ്പര്‍ശവും, മാനവികതയുമുള്ള ക്ലാസുകളുടെ മലപ്പുറത്തിന്റെ സംഗീത സംസ്ക്കാരം നിലനില്‍ക്കുന്നു.







Post new comment