Skip to main content

മലബാര്‍ കലാപം

കാറ്റഗറി :

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്വത്തില്‍ നിന്നുള്ള ദേശീയ വിമോചനത്തിന് വേണ്ടി നിറത്തോക്കുകള്‍ക്കു മുമ്പിലേക്ക് ആത്മബലം മാത്രം കൈമുതലാക്കി എടുത്തു ചാടിയ ഏറനാട്, കറുമ്പനാട്, വള്ളുവനാട് താലൂക്കുകളിലെ നിരവധി മുസ്ലിം ദേശ സ്നേഹികള്‍ ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരെയും, പ്രാദേശിക നാടുവാഴി ഭൂപ്രഭുത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഈ പ്രക്ഷോഭമാണ് മലബാര്‍ കലാപം എന്ന പേരില്‍ അറിയപ്പെടുന്നത്.

1761ല്‍ മലബാര്‍ കീഴടക്കിയ ഹൈദരലിയുടെ പിന്‍ഗാമിയായിരുന്ന ടിപ്പുസുല്‍ത്താന്‍ കാര്‍ഷിക രംഗത്ത് പല പുരോഗമന നടപടികളും കൈകൊള്ളുകയും, ജന്മി കുടിയാന്‍ ബന്ധങ്ങളില്‍ കുടിയാന്‍മാര്‍ക്കനുകൂലമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അര്‍ഷദ് ബേഗ്ഖാന്‍ ഒരു പുതിയ കാര്‍ഷിക നിയമം തന്നെ നടപ്പിലാക്കി. കൃഷിഭൂമി കര്‍ഷകനെന്ന വിപ്ലവ മുദ്രാവാക്യത്തിന്റെ പൊരുളടങ്ങിയ ഒരു നടപടി തന്നെയായിരുന്നു അത്. ഭൂപരിഷ്കരണ നിയമങ്ങളുടെയും, ജന്മി കൂടിയാന്‍ ബന്ധങ്ങളിലെ ഭേദഗതികളുടെയും ഫലമായി പ്രതാപത്തില്‍ കോട്ടം തട്ടിയ നാടുവാഴികളുടെയും ഭൂപ്രഭുക്കളുടെയും ഒത്താശകളോടെ ടിപ്പുവിനെ അക്രമിച്ച് ബ്രിട്ടീഷുകാര്‍ മലബാര്‍ തിരിച്ചു പിടിച്ചു. അര്‍ഷദ് ബേഗ്ഖാന്‍ നടപ്പാക്കിയ കാര്‍ഷിക നിയമം വെള്ളക്കാര്‍ റദ്ദാക്കുകയും ചെയ്തു. അതോടെ ജന്മിമാര്‍ക്കും ഭൂപ്രഭുക്കന്‍മാര്‍ക്കും അഴിഞ്ഞാടാന്‍ കൂടുതല്‍ അവസരം കൈവന്നു. ഭൂപ്രഭുക്കന്‍മാരായിരുന്ന ജന്മിമാരുടെ തേര്‍വാഴ്ചക്ക് കൂടുതലും ഇരയാകേണ്ടിവന്നത് കുടിയാന്‍മാരിലെ ഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിംകളായിരുന്നു.

1792ല്‍ അത്തന്‍ കുരിക്കള്‍ , ഉണ്ണിമൂസ മൂപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരം ജന്മി കുടിയാന്‍ സംഘട്ടനങ്ങളുടെ തുടക്കം മാത്രമായിരുന്നു. ബ്രിട്ടീഷ് മേല്‍കോയ്മയെ അംഗീകരിച്ചവരും അവരുടെ ആജ്ഞാനുവര്‍ത്തികളുമായിരുന്നു നാടുവാഴി പ്രഭുക്കന്‍മാരിലധികവും. പീഡിപ്പിക്കപ്പെട്ട കുടിയാന്‍മാരുടെ എതിര്‍പ്പ് സ്വാഭാവികമായും ബ്രിട്ടീഷ്കാര്‍ക്ക് നേരെ വെല്ലുവിളിയായി രൂപാന്തരപ്പെടുകയായിരുന്നു. ഭിന്നിച്ചു ഭരിക്കല്‍ ഒരു തന്ത്രമായി സ്വീകരിച്ച ബ്രിട്ടീഷുകാര്‍ ജന്മി കുടിയാന്‍ സംഘര്‍ഷങ്ങളെ വെറും വര്‍ഗ്ഗീയ സംഘട്ടനങ്ങളായി വര്‍ണിച്ചതിന് പുറമെ ഹിന്ദു മുസ്ലിം വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നതിന് സഹായകമായ പലവിധ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു.

ഒന്നാം ലോക യുദ്ധാനന്തരമുണ്ടായ ബ്രിട്ടന്റെ വാഗ്ദാന ലംഘനം തൂര്‍ക്കി സാമ്രാജ്യം പങ്കിടുവാനും മുസ്ലിം പുണ്യ സ്ഥലങ്ങള്‍ അന്യാധീനപ്പെടുത്തുവാനും ഉപകരിച്ചു. ഇത് ലോക മുസ്ലികളില്‍ അസ്വാസ്ഥ്യത്തിന്റെ വിത്തുപാകി. ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തിലേക്ക് ഇന്ത്യന്‍ മുസ്ലികളെ അടുപ്പിച്ചു. ദേശീയ തലത്തില്‍ അതോടെ ഖിലാഫത്ത് പ്രസ്ഥാനം ഉടലെടുത്തു. വിദേശ വസ്തു ബഹിഷ്കരണം പോലെയുള്ള നിസ്സഹകരണ പ്രസ്ഥാനങ്ങളും സജീവമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും ഖിലാഫത്ത് പ്രസ്ഥാനത്തിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും അപ്പോള്‍ കൈവന്നു. ഗാന്ധിജി, അലി സഹോദരന്മാര്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ ധീര നേതൃത്വം മലബാറിലെ ദേശാഭിമാനികളില്‍ പലരേയും ഇതിലേക്കാകര്‍ഷിച്ചു.

1921 ആഗസ്ത് 1ന് പൂക്കോട്ടൂരിലെ ഒരു ഖിലാഫത്ത് പ്രവര്‍ത്തകനായ കളത്തിങ്ങല്‍ മമ്മുദു എന്നയാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തോടെയാണ് മലബാര്‍ ലഹളയുടെ തുടക്കം. പിന്നീട് തിരൂരങ്ങാടിയിലെ വെടിവെപ്പോട് കൂടി ലഹള രൂക്ഷമായി. പക്ഷേ ലഹള ബ്രിട്ടിഷ് ഗവണ്‍മെന്റ് അടിച്ചമര്‍ത്തുകയാണുണ്ടായത്. ബ്രിട്ടീഷുകാര്‍ ഭീകരമായ മര്‍ദ്ദന മുറകളോടെയാണ് സമരത്തെ നേരിട്ടത്. 1921 നവംബര്‍ 10ന് തിരൂരില്‍ നിന്ന് കോയമ്പത്തൂര്‍ക്ക് റയില്‍വേ ഗുഡ്സ് വാഗണില്‍ കൊണ്ടുപോയ 60 പേര്‍ ശ്വാസംമുട്ടി മരിച്ചു. ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം വാഗണ്‍ ട്രാജഡി എന്ന പേരില്‍ അറിയപ്പെടുന്നു. മലബാര്‍ ലഹളയില്‍ കൊല്ലപ്പെട്ട മുസ്ലികളുടെ ശരിയായ കണക്ക് ഇതുവരെ ആരും പുറത്ത് കൊണ്ടുവന്നിട്ടില്ല. രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി അംഗീകരിക്കുകയും സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ആലി മുസ്ലിയാരെ പ്പോലെയുള്ള പണ്ഡിതവര്യരും, സായുധ സമരത്തിലൂടെ മാത്രമെ വെള്ളക്കാരനെ അടയറവ് പറയിക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മലബാറിന്റെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നെടും തൂണുകളായിയിരുന്നു..

4
Average: 4 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.