ജില്ലയുടെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് ഉത്സവകാഴ്ചകള്‍ തേടിയുള്ള യാത്ര ഒരനുഭവമാണ്. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം. തുടക്കം ദക്ഷിണ മൂകാംബികയില്‍ നിന്നു തന്നെയാവാം. എടപ്പാളിനടുത്ത മുക്കുതലയിലെ മേലേക്കാവ് ഭഗവതി ക്ഷേത്രമാണ് ദക്ഷിണമൂകാംബിക എന്ന് പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം. വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ കാര്‍ത്തിക വിളക്കാണ് ഇവിടുത്തെ പ്രധാന ഉത്സവം. നവരാത്രി ഉത്സവവും കേമമാണ്. തൊട്ടടുത്ത് തന്നെയുള്ള കണ്ണങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി, ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൂരങ്ങളിലൊന്നാണ്. മകരമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ഈ കരിങ്കാളി പൂരം. അന്ന് നൂറുകണക്കിന് കരിങ്കാളി വേഷങ്ങള്‍ ക്ഷേത്ര സന്നിധിയിലെത്തും. ഈ കരിങ്കാളികളെയെല്ലാം ജാതിമതഭേദമന്യേ ഭക്തര്‍ വഴിപാടായി നേരുന്നതാണ്. ജനസമുദ്രമാവും അന്ന് കണ്ണങ്കാവ്.
കണ്ണങ്കാവിലെ തിരക്കില്‍ നിന്ന് നേരെ ശുകപുരത്തേക്ക്. മകരമാസത്തോടടുക്കുമ്പോള്‍ തന്നെ ഇവിടെ തോല്‍പ്പാവകൂത്തിന്റെ ശീലകളുയരും. കുളങ്ങര ഭഗവതീ ക്ഷേത്രത്തില്‍ നിന്നാണത്. കാടാമ്പുഴ ഭഗവതിയുടെ സഹോദരിയാണ് കുളങ്ങര ഭഗവതിയെന്നാണ് വിശ്വാസം. മകരമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഇവിടെ പ്രസിദ്ധമായ താലപ്പൊലി. ഇതിനു മുന്നോടിയായി 14 ദിവസത്തെ തോല്‍പ്പാവക്കൂത്തു മണ്ഡലമുണ്ടാവും. അപൂര്‍വ്വമായ ഒരു അനുഷ്ഠാനമാണിത്. വര്‍ഷത്തില്‍ 365 ദിവസവും തായമ്പകയുണ്ടാവുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെ. ജില്ലക്കകത്തും പുറത്തും നിന്നായി പതിനായിരങ്ങളാണ് ഉത്സവത്തിനെത്തിച്ചേരുക.
ഇനി കേരളത്തിലെ മക്കയിലേക്ക് കുളങ്ങരയില്‍ നിന്നും ഏകദേശം 18 കി.മീ. യാത്രചെയ്താല്‍ പെരുമ്പടപ്പിലെ പുത്തന്‍പള്ളിയിലെത്താം. തൃശൂര്‍ ജില്ലയോടുചേര്‍ന്ന് കിടക്കുന്ന ഈ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ആണ്ടുനേര്‍ച്ച, പുത്തന്‍പള്ളി നേര്‍ച്ച. കേരളത്തിലെ തന്നെ പ്രസിദ്ധമായ നേര്‍ച്ചയാണ്. കോഴിക്കോട്ടെ കൊടിയത്തൂരില്‍ നിന്നും മതപഠനത്തിനായി പൊന്നാനിയിലെത്തി നാടിന്റെ വഴികാട്ടിയായ ശൈഖ് മുഹമ്മദ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ വന്‍ ജനപ്രവാഹമായിരിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പുത്തന്‍പള്ളി നേര്‍ച്ചയുടെ സമാപനം അന്നദാനത്തോടെയാണ്. പതിനായിരക്കണക്കിന് നാനാജാതി മതസ്ഥര്‍ പങ്കെടുക്കും.
പൊന്നാനിയിലെ വലിയ പള്ളിയിലേക്കാവട്ടെ യാത്ര. ആയിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം നല്‍കിയ ദേവാലയം എ.ഡി. 1510ല്‍ ശൈഖ് സൈനുദ്ദീന്‍ നിര്‍മ്മിച്ചതാണെന്ന് മലബാര്‍ മാന്വലില്‍ കാണുന്നു. 1552ല്‍ പറങ്കിപടനായകന്‍ മെന്‍സിഡ് പൊന്നാനിക്ക് തീ വെച്ചപ്പോള്‍ ഈ പള്ളിക്കും നാശമുണ്ടായി. പിന്നീട് പുതുക്കിപണിയുകയായിരുന്നു. പള്ളിക്കകത്തെ തൂക്കുവിളക്കിനൊരു സവിശേഷതയുണ്ട്. ഈ വിളക്കിന് ചുറ്റുമിരുന്ന് പഠിക്കുന്നവരാണ് മുസ്ല്യാരാവുന്നത്. വിളക്കത്തിരുന്ന പഠിക്കുക എന്നാണ് ഇതിന് പറയുക. മക്ക, മദീന,യമന്‍, സിറിയ, ഈജിപ്ത്, ഇറാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തിയിരുന്നു. ഇവിടുത്തെ ശൈഖ് സൈനുദ്ദീന്റെ ആണ്ടുനേര്‍ച്ച പ്രസിദ്ധമാണ്.
ഇനിയെളുപ്പം തിരുനാവായയിലേക്കാണ് തെക്കന്‍ കാശിയെന്നറിയപ്പെടുന്ന ത്രിമൂര്‍ത്തി സംഗമസ്ഥാനം. ജനിമൃതികളുടെ പാപനാശനിയായി ഇവിടെ നിള നവാമുകുന്ദനെ വലം വെച്ചൊഴുകുന്നു. തന്റെ പിതൃക്കള്‍ക്ക് കുരുക്ഷേത്രത്തിലെ സമന്ത പഞ്ചക തീര്‍ത്ഥത്തില്‍ പിതൃക്രിയ നടത്തിയിട്ടും മോക്ഷം ലഭിക്കാത്തതിനാല്‍ പരശുരാമന്‍ വസിഷ്ഠാദികളുടെ നിര്‍ദ്ദേശ പ്രകാരം ഇവിടുത്തെ സംഗമ സ്ഥാനത്ത് പിതൃക്രിയ നടത്തിയത്രെ. കേരളത്തില്‍ നിന്നും പുറത്ത് നിന്നും നിരവധിയാളുകള്‍ പിതൃകര്‍മ്മങ്ങള്‍ക്കായി തിരുനാവായയിലെത്തുന്നു. വാവുബലി ദിവസം ജനത്തിരക്ക് ഇവിടെ നിയന്ത്രണാതീതമായിരിക്കും. കര്‍മ്മികളെ ദേവസ്വം തന്നെ തീരുമാനിക്കുന്നതാണ്. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ പ്രഗത്ഭരുടെ കലാപരിപാടികള്‍ ഉണ്ടാവും.
തുഞ്ചന്റെ മണ്ണിലേക്ക് ഇവിടുന്ന് ഏറിയാല്‍ പത്തു കിലോമീറ്റര്‍. മലയാളിയുടെ നാവില്‍ ഭാഷയുടെ തേനും വയമ്പും ചാലിച്ച എഴുത്തച്ഛന്റെ ജന്മദിനമാണ് തുഞ്ചന്‍ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയിലെ വിവിധ ദേശങ്ങളിലുള്ള സാഹിത്യകാരന്‍മാരുടെ കൂടിചേരല്‍, ഒരു സാംസ്കാരിക വിനിമയത്തിനുള്ള വഴി തുറന്നു വെച്ചപ്പോള്‍ ജനുവരി മാസത്തിലാണ് തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്‍ ഉത്സവം നടക്കാറുള്ളത്. 1961 ഡിസംബര്‍ 29ന് അന്നത്തെ മുഖ്യമന്ത്രിയായ പട്ടംതാണുപ്പിള്ളയാണ് തുഞ്ചന്‍ സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. വൈരങ്കോടു വേല കാണാതെ ഇനിയെവിടെയും പൊയ്ക്കൂടാ... മലപ്പുറത്തെ ഏറ്റവും വലിയ ജനകീയ ഉത്സവങ്ങളിലൊന്നാണിത്. തികച്ചും ഒരു കാര്‍ഷിക ഉത്സവം. കുംഭമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ആദ്യചടങ്ങായ മരംമുറി. തുടര്‍ന്ന് ആദ്യ ചൊവ്വാഴ്ച ചെറിയ തീയ്യാട്ടും, വെള്ളിയാഴ്ച വലിയ തീയ്യാട്ടും, കാളവരവുകളും പൂരാനും തെയ്യവുമായി വെളിച്ചപ്പാടുമായി ഒരു തനി നാടന്‍ ഉത്സവം. പൂഴി വാരിയിട്ടാല്‍ താഴെ വീഴാത്തത്ര ജനം അന്ന് എല്ലാ ഇടവഴികളും നീളുന്നത് വൈരങ്കോടു ഭഗവതീ ക്ഷേത്രത്തിലേക്കാണ്. ആതവനാട്, ചന്ദനക്കാവ് തുടങ്ങിയ ദേശങ്ങളിലെ വരവുകള്‍ പ്രസിദ്ധമാണ്.
ഹനുമാന്‍ കാവെന്നും പ്രസിദ്ധമായ ആലത്തൂര്‍ പെരും തൃക്കോവില്‍ ക്ഷേത്രം തിരൂര്‍ താലൂക്കില്‍ തന്നെയാണ്. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും ഭക്തരെത്തുന്ന ഇവിടെ മീനമാസത്തിലെ അത്തം നാളിലാണ് പ്രതിഷ്ഠാ ദിനാഘോഷം. ഹനുമാന് അവില്‍പൊതിയും, കദളിപ്പഴവുമാണ് പ്രധാന വഴിപാടുകള്‍. പ്രസിദ്ധമായ കാടാമ്പുഴ ഭഗവതീക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കുത്സവമാണ് പ്രധാനം. സാധാരണ ദിവസങ്ങളില്‍ പോലും നല്ല തിരക്കനുഭവപ്പെടുന്ന ഇവിടെ ഉത്സവ സമയത്തെ തിരക്ക് നിയന്ത്രിക്കാനാവാത്തതാണ്. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭഗവതിയുടെ പിറന്നാള്‍ സദ്യയുണ്ണാന്‍ പതിനായിരങ്ങള്‍ ക്യൂ നില്‍ക്കുന്നത് പതിവു കാഴ്ചയാണ്. കാര്‍ത്തിക നാളില്‍ അതിരാവിലെ കാര്‍ത്തിക ദീപം തെളിയിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. പൂമൂടലും മുട്ടറുക്കലുമാണ് പ്രസിദ്ധമായ വഴിവാടുകള്‍ .
ഭഗവതിയുടെ പിറന്നാള്‍ സദ്യയുണ്ടാല്‍ ഇനി കോട്ടക്കലേക്ക്. കോട്ടക്കല്‍ പൂരമെന്നറിയപ്പെടുന്ന ആര്യവൈദ്യശാലാ വിശ്വംഭര ക്ഷേത്രോത്സവം മീനമാസത്തിലെ തിരുവോണനാളിലാണ്. 1932ല്‍ ഇതേ നാളിലാണ് വിശ്വംഭരന്റെ പ്രതിഷ്ഠ നടന്നത്. ആ ദിനം പിന്നീട് കോട്ടക്കല്‍ പൂരമായി. ഇന്ത്യയിലെ പ്രശസ്തരായ മിക്കവാറും കലാകാരന്‍മാര്‍ വിശ്വംഭര സന്നിധിയെ ധന്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രമുഖര്‍ പങ്കെടുക്കുന്ന കഥകളിയും തായമ്പകവും അവസാന ദിവസം കൃഷ്ണാട്ടം കളിയും പതിവാണ്. ഏഴുദിവസമാണ് ഉത്സവം. പൂരപ്പറമ്പ് നിറഞ്ഞു കവിയുന്ന ജനമായിരിക്കും. ഒരു നാടിന്റെ ഉത്സവം തന്നെയാണിത്. വൈലത്തൂര്‍ കാവുങ്ങലിലെ പാറാള്‍ പള്ളിയിലെ ആണ്ടുനേര്‍ച്ചക്ക് ഒരു പ്രത്യേകതയുണ്ട്. ഉദ്ദിഷ്ട കാര്യത്തിന് ‘ആളോളം ഉയരത്തില്‍ പത്തിരി’ ഉണ്ടാക്കി ആളുകള്‍ക്ക് വിതരണം ചെയ്യും. അതൊരു കാഴ്ചയാണ്. ഗൗസുല്‍ അഅ്ലം അശൈഖ് മുഹയുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി തങ്ങളുടെ ആണ്ട് നേര്‍ച്ചയാണിത്. 124 വര്‍ഷമായി മുടങ്ങാതെ നടക്കുന്നു.
ഇനി നമുക്ക് പതിനൊന്നു നാള്‍ വള്ളുവനാടിന്റെ പൂരക്കാഴ്ചയിലൊഴുകി നടക്കാം. മീനമാസത്തിലെ മകയിരം നക്ഷത്രത്തില്‍ തുടങ്ങി പതിനൊന്നു നാളാണ് തിരുമന്ധാംകുന്ന് പൂരം. കൊടിയിറക്കവും കൊടികയറ്റവുമായി പതിനൊന്നു ദിവസം മേളയും, പഞ്ചവാദ്യവും മാത്രം മുഴങ്ങുന്ന അന്തരീക്ഷം. അവസാന ദിവസം ജനകീയ പൂരത്തോടെ സമാപനം. ഭാഗവതത്തില്‍ പരാമര്‍ശമുള്ള മന്ധാതാവു മഹര്‍ഷിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. വെള്ളാട്ടരചന്‍മാരുടെ കുലദൈവമായിരുന്നു തിരമന്ധാംകുന്നിലമ്മ.
വള്ളിക്കുന്നിലെ നിറം കൈതക്കോട്ട താലപ്പൊലി കൂടി കണ്ട് ഇവിടുന്ന് മടങ്ങാം... പരപ്പനാട് കോവിലകത്തിന്റെ മച്ചില്‍ ഭഗവതി രൗദ്രഗുണമൂര്‍ത്തിയായ ദേവീ സങ്കല്‍പ്പമാണ് മേക്കോട്ട ക്ഷേത്രത്തില്‍ പീഠത്തില്‍ ആവാഹിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 500 അടി ഉയരത്തിലുള്ള ഈ ക്ഷേത്രം എ.ഡി. 6ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. സ്ത്രീകള്‍ താലവുമേന്തി ദേവീ ക്ഷേത്രത്തിലേക്ക് കൂട്ടമായി ഓടുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.
മുസ്ലിങ്ങളുടെ ആത്മീയ നേതാവായിരുന്ന മമ്പുറത്തെ തങ്ങളുടെ മഖാമിലേക്കാവട്ടെ ഇനിയുള്ള യാത്ര. കര്‍മ്മ നിരതമായ ജീവിതം കൊണ്ട് ഒരു സമൂഹത്തിന് മുഴുവന്‍ വഴികാട്ടിയായ മമ്പുറം സയ്യിദ് അലവി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖാം. വെട്ടം വീഴുമ്പോഴേക്കും ഇവിടേക്ക് നേര്‍ച്ചയും പ്രാര്‍ത്ഥനയുമായി ഭക്തജനപ്രവാഹമാണ്. ജാറം മൂടലാണ് വലിയ നേര്‍ച്ച സദുദ്ദേശങ്ങള്‍ മനസ്സില്‍ കരുതി മഖാമില്‍ വെള്ളത്തുണി മൂടിയാല്‍ ആഗ്രഹം നിറവേറുമെന്നാണ് വിശ്വാസം. ഇവിടുന്ന് കിട്ടുന്ന വെളിച്ചെണ്ണയും അരിയും സിദ്ധൗഷധമായി ഭക്തജനങ്ങള്‍ കരുതുന്നു.
മമ്പുറത്ത് നിന്നും കൊണ്ടോട്ടിയിലേക്കുള്ള യാത്രയില്‍ അകലെ നിന്ന് മുഴങ്ങികേള്‍ക്കാം പീരങ്കിയുടെ വെടിയൊച്ച.. നേര്‍ച്ചപ്പാടത്ത് പ്രസിദ്ധമായ കൊണ്ടോട്ടി നേര്‍ച്ചയുടെ തോക്കെടുക്കല്‍ കര്‍മ്മം കഴിഞ്ഞു. എ.ഡി. 1800 കാലഘട്ടത്തില്‍ ചിസ്തി ഖാദരി ത്വരീഖത്തിന്റെ ഇസ്ലാം മത പ്രബോധനമായിരുന്നു ഷെയ്ഖ് മുഹമ്മദ് ഷാ തങ്ങള്‍ . ഇദ്ദേഹത്തിന്റെ ഗുരുക്കന്‍മാരായ മൊഹ്യുദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി, കാജാ മൊഹ്യുദ്ദീന്‍ ചിസ്തി എന്നിവരുടെ ഓര്‍മ്മ പുതുക്കലായിട്ടാണ് നേര്‍ച്ച നടന്നുവരുന്നത്. ഷാ തങ്ങളുടെ മഖ്ബറയും താമസിച്ചിരുന്ന തക്കിയാവും കേന്ദ്രീകരിച്ചാണ് പ്രധാന ചടങ്ങുകള്‍. നാലു ദിവസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയില്‍ ആകര്‍ഷകമായത് വിവിധ ദേശങ്ങളില്‍ നിന്നുള്ള പെട്ടിവരവുകളാണ്. അവസാനം ചന്ദനമെടുക്കല്‍ , ചന്ദനകുടം എഴുന്നള്ളത്ത്. മഖ്ബറയില്‍ ചന്ദനം പൂശുന്ന ചടങ്ങാണിത്. അടിസ്ഥാനപരമായി ഒരു കാര്‍ഷികോത്സവമാണ് കൊണ്ടോട്ടി നേര്‍ച്ച. കത്തി, കുട്ട, ചൂരല്‍, കൈകോട്ട് തുടങ്ങിയവയുടെ ഒരു വലിയ വിപണന കേന്ദ്രമാകും അന്ന് നേര്‍ച്ചപ്പാടം. ആരും ഒരു മത ചടങ്ങായി നേര്‍ച്ചയെ കാണാറില്ല. അടിയന്തിരാവസ്ഥ കാലത്തു പോലും കൊണ്ടോട്ടി നേര്‍ച്ച മുടങ്ങാതെ നടന്നിരുന്നുവത്രെ.
എടക്കര മേഖലയിലെ ആദ്യത്തെ കത്തോലിക്ക പള്ളിയാണ് മണിമൂളി ക്രിസ്തുരാജാ ദേവാലയം. ജില്ലയിലെ ഫെറോനാ പദവി ലഭിച്ച ആദ്യത്തെ പള്ളി. 1500 കുടുംബങ്ങള്‍ ഇടവകയിലുണ്ട്. ജനുവരി 11ന് നടക്കുന്ന പെരുന്നാളാണ് ഇവിടുത്തെ പ്രധാന ആഘോഷം. ദുഃഖ വെള്ളിയാഴ്ച വഴിക്കടവ് വെട്ടുകത്തിക്കോട്ടയിലേക്ക് നടത്തുന്ന 'കുരിശിന്റെ വഴി' വളരെ പ്രസിദ്ധമാണ്.
മലപ്പുറത്തിന്റെ മാത്രമല്ല മലബാറില്‍ തന്നെ ഉത്സവങ്ങള്‍ അവസാനിക്കുക മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കോഴിക്കളിയാട്ടത്തോടെയാണ്. കടലുണ്ടിയിലെ പേടിയാട്ടമ്മ തുറക്കാനും കളിയാട്ടക്കാവിലമ്മ അടക്കാനും എന്നൊരു ചൊല്ലു തന്നെയുണ്ട്. ജാതിമതഭേദമില്ലാത്ത ഒരു കാര്‍ഷിക മണ്ഡലമാണിത്. കാലവര്‍ഷത്തിന് വേണ്ടി ദാഹിച്ച പുതുമണ്ണ് പുതുമഴയില്‍ കുതിരുമ്പോള്‍ ഇടവത്തിലെ ആദ്യ തിങ്കളാഴ്ച മുതല്‍ 17 ദിവസമാണ് കളിയാട്ടം. പന്ത്രണ്ടാം നാളില്‍ പകല്‍ നടക്കുന്ന കോഴിക്കളിയാട്ടമാണ് പ്രധാനം. കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതോടൊപ്പമുണ്ടാവും. മേന്‍മയേറിയ വിത്തുകളും, ചെടികളും, കൃഷിയുപകരണങ്ങളും, ഉണക്കമത്സ്യവും, പച്ചക്കറിയും വാങ്ങി പുരുഷാരം പിരിയുന്നതോടെ സമൃദ്ധമായ ഒരാണ്ടിന്റെ ഉത്സവക്കാഴ്ചകള്‍ക്ക് പെരുമഴ തിരശ്ശീലയിടുകയുണ്ടായി.







Post new comment