രക്ത പങ്കിലമായ യുദ്ധോത്സവമായിരുന്നു മാമാങ്കം. രക്തവര്‍ണ്ണമുള്ള കഥകള്‍ മാമാങ്കം ചരിത്രത്തെ ഭയാനകമാക്കി. നിലപാട് നില്‍ക്കുന്ന സാമൂതിരിയെ വധിച്ചു സാമൂതിരിപ്പട്ടം ലഭിക്കാന്‍ പാഞ്ഞടുക്കുന്ന ചാവേറുകളെ സാമൂതിരിപ്പട അരിഞ്ഞുവീഴ്ത്തും. ഒടുവില്‍ ആനയെകൊണ്ട് ചവിട്ടിച്ച് മണിക്കിണറിലേക്ക് തള്ളുന്നു. പന്ത്രണ്ടാണ്ടിലൊരിക്കല്‍ മകം നാളിലായിരുന്നു മാമാങ്കം ആഘോഷിച്ചത്. ചേര സാമ്രാജ്യത്തിന്റെ അധ:പതനത്തോടെ മാമാങ്കം നടത്താനുള്ള അവകാശം വള്ളുവക്കോനാതിരിക്കെതിരായി. മാമാങ്കത്തിന് നേതൃത്വം നല്‍കുക എന്നത് അഭിമാന ചിഹ്നമായി. കേരളത്തിലെ പലരാജാക്കന്‍മാരും മാമാങ്കത്തിന്റെ ആതിഥേയത്വം വഹിക്കാന്‍ മത്സരിച്ചു. കോഴിക്കോട് സാമൂതിരി രാജാവ് തിരുനാവായ അക്രമിച്ചു കീഴടക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അധീനത്തിലായി മാമാങ്കം. ഈ മഹത്തായ സ്ഥാനം തിരിച്ചു പിടിക്കാന്‍ വള്ളുവകോനാതിരിയുടെ ചാവേര്‍പട ശ്രമിച്ചു പോന്നു. 1755-ലാണ് അവസാന മാമാങ്കം.
മാമാങ്ക ശേഷിപ്പുകള്‍
മാമാങ്കത്തിന്‍റെ ചരിത്ര ശേഷിപ്പുകളായി നിരവധി സ്മാരകങ്ങള്‍ നിളാ തീരത്ത് ചിതറിക്കിടക്കുന്നു. പഴുക്ക മണ്ഡപം, ചങ്ങമ്പള്ളിക്കളരി, നിലപാട് തറ, മരുന്നറ, പട്ടിണിത്തറ, വാകയൂര്‍ മണിത്തറ തുടങ്ങിയവ മാമാങ്കത്തിന്‍റെ സ്മരണകളായാണ് ചരിത്രകാരന്‍മാര്‍ കുറിച്ചിട്ടുള്ളത്.
മണിക്കിണര്‍
ആന ചവിട്ടി മെതിച്ചു ജഡങ്ങള്‍ അവസാനമായി കിണറ്റിലേക്കു തള്ളിയിടുന്നു. ആഴമുള്ള ഈ കിണര്‍ മണ്ണും ചെളിയും അടിക്കാടും കൊണ്ട് ഇപ്പോള്‍ മിക്കവാറും തൂര്‍ന്ന് മൂടിയ മട്ടാണ്. ഇതില്‍ ചാവേര്‍ ഭടന്‍മാരുടെ ജഡങ്ങള്‍ തള്ളിയിരുന്നോ എന്ന് കിണര്‍ തോണ്ടി പരിശോധിച്ചാല്‍ അറിയാവുന്നതാണ്- മലബാര്‍ മാന്വല്‍ . മാമാങ്കത്തില്‍ വെട്ടേറ്റു വീണ എത്രയോ യോദ്ധാക്കളുടെ മൃതദേഹങ്ങള്‍ കൊമ്പനാനകള്‍ കാല് കൊണ്ട് തട്ടി മണികിണറിലേക്കെറിഞ്ഞിട്ടുവെന്നാണ് ചരിത്രം. ഈ കിണര്‍ കൊടക്കലിലെ മണിക്കിണര്‍ തന്നെയാണെന്നു പുരാവസ്തുവകുപ്പ് ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലപാട് തറ
കൊടക്കല്‍ ഓട്ടുകമ്പനി വളപ്പില്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ടുള്ള ഭാഗം മാമാങ്ക ശേഷിപ്പാകാമെന്ന് പുരാവസ്തു വകുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമൂതിരി നിലപാട് അറിയിക്കാനായി ഉപയോഗിച്ചിരുന്ന തറ രണ്ട് പാളികളായിട്ടാണ് ഖനനത്തില്‍ കണ്ടെത്തിയത്. പീഠത്തില്‍ തൂണ് നാട്ടി അതിനു മുകളില്‍ പാളികള്‍ സ്ഥാപിച്ചാണ് നിലപാട് തറ തയ്യാറാക്കിയതെന്ന് കരുതുന്നു.
മരുന്നറ
കൊടയ്ക്കല്‍ കമ്പനിയുടെ പഴയ ബംഗ്ലാവ് നിലനിന്ന സ്ഥലത്തെ ഗുഹ ഇതുവരെ മരുന്നറയായാണ് ചരിത്രം എഴുതിയത്. പോരാട്ടം രക്ത പങ്കിലമാകുമ്പോള്‍ പരുക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ ഒരുക്കിയതാണ് ഈ ഗുഹയെന്നും കരുതിപ്പോന്നു. ഇവിടെ മരുന്നുകള്‍ സൂക്ഷിക്കുകയും വൈദ്യന്മാരെ ഒരുക്കി നിര്‍ത്തിയിരുന്നെന്നും ചില ചരിത്ര രേഖകളില്‍ പറയുന്നുണ്ട്.







Post new comment