Skip to main content

വാഗണ്‍ ട്രാജഡി

കാറ്റഗറി :

ബ്രിട്ടീഷ് ഭരണ കാലത്ത് 1921 നവംബര്‍ 21നാണ് വാഗണ്‍ ട്രാജഡി എന്ന പേരില്‍ പ്രസിദ്ധമായ സംഭവം നടന്നത്. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാര്‍ പിടികൂടിയ മലബാര്‍ കലാപകാരികളെ ബലാരിയിലേയും, കോയമ്പത്തൂരിലെയും ജയിലുകളിലേക്ക് കൊണ്ടു പോയത് ചരക്കു വണ്ടികളില്‍ അടച്ച് ആയിരുന്നു. വാഗണ്‍ ട്രാജഡിക്കു മുമ്പു തന്നെ 3000 ത്തോളം പേരെ ഇങ്ങനെ 32 പ്രാവശ്യമായി കൊണ്ടു പോയിരുന്നു. വാഗണ്‍ ട്രാജഡി സംഭവം ഇങ്ങനെ:-

നവംബര്‍ 20 ന് രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി കഴുതവണ്ടികളിലും, കാളവണ്ടികളിലുമായി കയറ്റി. പട്ടാളക്കാരും ആയുധങ്ങളമായി കയറിക്കൂടി. സന്ധ്യയോടെ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. അപ്പോള്‍ ഏകദേശം 600 തടവുകാരെ അവിടെ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഏഴ് മണിയോടെ എം.എസ്.എല്‍ .വി 1711 എന്ന മുദ്രണം ചെയ്ത മരണ വാഗണ്‍ തിരൂര്‍ സ്റ്റേഷനിലെത്തി ആളുകളെ കുത്തി നിറച്ചു തുടങ്ങി. 100 പേരെ കയറ്റിയപ്പോഴേക്കും വാഗണ്‍ നിറഞ്ഞിരുന്നു. വാതില്‍  ഭദ്രമായി അടച്ച് കുറ്റിയിട്ടു. 200 പാദങ്ങള്‍ ഒന്നിച്ച് അമരാനുള്ള വിസ്തീര്‍ണ്ണമില്ലാതിരുന്ന വാഗണില്‍ ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലം തൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ശ്വാസം മുട്ടിയപ്പോള്‍ കണ്ഠം പൊട്ടുമാറ് അവര്‍ ആര്‍ത്തു വിളിക്കുകയും, കൈയെത്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കൂരാകൂരിരുട്ടില്‍ പലരും മേല്‍ക്കുമേല്‍ മലര്‍ന്നു വീണു. ബോധം നഷ്ടപ്പെട്ടു.

കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നു നിന്ന 77-ാം നമ്പര്‍ വണ്ടിയിലെ എല്‍​.വി. 1711 എന്ന കാറ്റും വെളിച്ചവും കയറാന്‍ പോലും പഴുതില്ലാതിരുന്ന ആ ഗുഡ്സ് വാഗണ്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് ഒന്നിനു മീതെ ഒന്നായി കുമിഞ്ഞ് കൂടി കിടക്കുന്ന മരിച്ചവരുടെയും, ബോധം കെട്ടവരുടെയും കൂമ്പാരമായിരുന്നു. കണ്ണുകള്‍ തുറിച്ചും, നാവുകള്‍ നീട്ടിയും, കടിച്ചു കീറിയും, മാന്തിപ്പൊളിച്ചും വികൃതമായ മനുഷ്യ രൂപങ്ങളുടെ കൂമ്പാരം. 56 പേരാണ് ആ വാഗണില്‍ മരിച്ചു കിടന്നത്. ബോധമറ്റ 44 പേരെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയെങ്കിലും 16 പേര്‍ കൂടി മരിച്ചു.

അവശേഷിച്ചവരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തനൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. അവരെ തിരൂരിലേക്ക് തന്നെ മടക്കി. ആശുപത്രിയില്‍ എത്തും മുമ്പെ 8 പേര്‍ കൂടി മരിച്ചു. 28 ഭാഗ്യവാന്മാര്‍ മാത്രം ദൈവാനുഗ്രഹത്താല്‍ രക്ഷപ്പെട്ടു. ഒരു മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ബെല്ലാരി ജയിലിലേക്ക് തന്നെ അവരെ കൊണ്ടു വന്നു. 10 മാസത്തെ ജയില്‍ വാസം കഴിഞ്ഞപ്പോള്‍ അവരെ വിട്ടയച്ചു.

2
Average: 2 (1 vote)
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.