നിളയുടെ തീരത്തു നിന്നു തുടങ്ങി അറബിക്കടല്‍ത്തീരം ആസ്വദിച്ച് കുന്നുകളും മലകളും കയറിയിറങ്ങി പടയോട്ടങ്ങളുടേയും ചെറുത്തുനില്‍പ്പിന്റേയും വീരേതിഹാസം രചിച്ച മണ്ണില്‍ ചവിട്ടി നീലഗിരിയുടെ താഴ്വാരത്തിലേക്ക് ഒരു യാത്ര. നിളയില്‍ മുങ്ങിക്കുളിച്ചു വരുന്ന കതിരിനോടൊപ്പം നമുക്കും യാത്ര പുറപ്പെടാം. പ്രകൃതി മലപ്പുറത്തിന് നല്‍കിയ ദൃശ്യവിസ്മയങ്ങളുടെ ലോകത്തേക്കുള്ള യാത്ര. പുലരിയില്‍ നിളയുടെ മാറില്‍ പൊന്‍പ്രഭയാണ്. ഈ തീരത്തു നില്‍ക്കമ്പോള്‍ പോയ കാലത്തേക്കുള്ള തിരിച്ചുപോക്കിന്റെ അനുഭൂതി. പേരുകേട്ട തൂലികകള്‍ അക്ഷരങ്ങള്‍ കൊണ്ടു വരച്ച നിള. കെ സി.എസ്. പണിക്കരും, ടി.കെ. പത്മിനിയും, നമ്പൂതിരിയും പിന്നെ പേരറിയാത്ത എത്രയോ പേരും നമ്മുടെ മനസ്സില്‍ വരച്ചിട്ട നിള സ്ക്രീനില്‍ പാട്ടിനും പടയ്ക്കും സംഘട്ടനത്തിനും പശ്ചാത്തലമാകുന്ന നിള. നിളയുടെ മണല്‍ത്തിട്ടയിലൂടെ പുലരിയില്‍ തുടങ്ങിയ യാത്ര സന്ധ്യയായാലും അവസാനിപ്പിക്കണമെന്ന് തോന്നില്ല.
ഇനി ബിയ്യം കായലിലേക്ക്. പ്രകൃതിയാണ് ഈ കായലിന്റെ ആര്‍ക്കിടെക്റ്റ്. പൊന്നാനി അഴിമുഖം വരെ നീണ്ടു കിടക്കുന്ന കായല്‍ ബോട്ടില്‍ കയറി ചുറ്റിക്കാണാം. പക്ഷേ അത്ര വേഗം ഒന്നും ചുറ്റിത്തീരില്ല. പത്തു കിലോമീറ്ററോളമുണ്ട് കായലിന്റെ ചുറ്റളവ്. എല്ലാവര്‍ഷവും ഓണക്കാലത്ത് നടക്കുന്ന ജലോത്സവം കാണാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ പെഡല്‍ ബോട്ടുകള്‍, തുഴച്ചില്‍ ബോട്ടുകള്‍, സ്പീഡ് ബോട്ട് എന്നിവ ലഭ്യമാണ്. പ്രകൃതി രമണീയമായ ഈ തടാകം സഞ്ചാരികള്‍ക്ക് ഹൃദ്യമായ ഒരനുഭൂതി സമ്മാനിക്കുന്നു.
ചരിത്രമുറങ്ങുന്ന പൊന്നാനി പട്ടണം സന്ദര്‍ശിക്കാതെ എങ്ങനെ യാത്ര തുടരാനാകും. കേരളത്തിലെ മക്ക അഥവാ ചെറിയ മക്ക എന്ന പേര്‍ പൊന്നാനിക്കു ലഭിച്ചതിന് പിന്നിലെ മിനാരപ്പെരുമയുടെ കാഴ്ചകള്‍ ചെറുതും വലുതും പഴക്കമേറിയതും പുതുതായതും പൊന്നാനിയിലെ പള്ളികളുടെ എണ്ണം നൂറിലേറെയാണ്. പൊന്നാനി ജുമാഅത്ത് പള്ളിയുടെ ചരിത്രപ്പഴമയും വാസ്തുശില്‍പ ചാതുരിയും സഞ്ചാരികളെ ക്ഷണിക്കുന്നു. വിശ്വാസവും ഭക്തിയും മാടിവിളിക്കുമ്പോള്‍ അതിലേറെ തീര്‍ത്ഥാടകരും സൈനുദ്ദീന്‍ ഇബ്നു അലി എന്ന വലിയ സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ സ്ഥാപിച്ച വലിയ ജുമാഅത്ത് പള്ളിയുടെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും പൂരഭംഗിയും ശ്രദ്ധേയം. പ്രകൃതി സൃഷ്ടിച്ച തുറമുഖം കൂടി കണ്ട ശേഷം യാത്ര തുടരാം.
പടിഞ്ഞാറേക്കര ബീച്ചില്‍ നിന്നു പൂരപ്പുഴയിലൂടെ വള്ളത്തില്‍ പോയാല്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനു സമീപമെത്താം. തിരൂരിലെത്തുമ്പോള്‍ സ്വന്തം തറവാട്ടു മുറ്റത്തെത്തിയ അനുഭൂതിയാണ് ഓരോ മലയാളിക്കും. ഭാഷയുടെ പിതാവിന്റെ ജന്മനാടല്ലേ അത്. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചന്‍ പറമ്പ്. സാഹിത്യകൃതികള്‍ക്കും അന്വേഷികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരം. തുഞ്ചത്തെഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന എഴുത്താണി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
തിരിച്ചു ദേശീയപാതയിലെത്തുമ്പോള്‍ നാം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിനടുത്താണ്. വിഘ്നങ്ങള്‍ അകറ്റുന്ന ദേവിക്കരികില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുട്ടറക്കല്‍ (വിഘ്നങ്ങള്‍ തീര്‍ക്കല്‍) വഴിപാടു നടക്കുന്ന ഇവിടെ പ്രതിദിനം ആയിരങ്ങളാണ് വഴിപാടിനെത്തുന്നത്. കാമ്യകവനം പിന്നീടു കാടാമ്പുഴയായതാണെന്ന് ഐതിഹ്യം. 13 വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം പാശുപതാസ്ത്ര ലബ്ധിക്കായി പരമശിവനെ തപസ്സുചെയ്യാന്‍ അര്‍ജുനന്‍ തിരഞ്ഞെടുത്ത സ്ഥലമാണത്രെ കാമ്യകവനം.
തിരൂര്‍ വിടുമ്പോള്‍ മുതല്‍ മനസ്സില്‍ ഒരു കനല്‍ എരിഞ്ഞു തുടങ്ങിയിരുന്നു. വാഗണ്‍ ട്രാജഡിയുടെ ഉണങ്ങാത്ത മുറിവുകള്‍ നഗരസഭാ ടൗണ്‍ഹാളിന് മുന്നിലെ ദുരന്ത വാഗണ്‍ മാതൃകയും കൂടി കണ്ടപ്പോള്‍ മനസ്സ് പഴയ ബ്രിട്ടീഷ് കാലത്തേക്കു തിരിച്ചുപോയതാണ്. ഖിലാഫത്തിന്റെ യുദ്ധഭൂമയിലൂടെയാണു നാമിപ്പോള്‍ യാത്ര ചെയ്യുന്നത്.
മമ്പുറം മഖാമിലേക്കുള്ള ദൂരം കാണിച്ചു വിനോദ സഞ്ചാരവകുപ്പ് സ്ഥാപിച്ച പച്ചബോര്‍ഡ് അപ്പോള്‍ കണ്‍മുന്നില്‍. അങ്ങോട്ടു തന്നെ പോകാം. ഖുത്തുബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഹസന്‍ ജിഫ്രി ഹസ്രമി എന്നിവരുടെതുള്‍പ്പെടെ ഏറെ പ്രമുഖരുടെ മഖ്ബറകള്‍ മമ്പുറം മഖാമിലാണ്. മനുഷ്യന്‍ മാത്രമാണോ സഞ്ചാരികള്‍ . ഒരു പക്ഷേ മനുഷ്യരേക്കാള്‍ ദേശാടനം നടത്തുന്നത് കിളികളായിരിക്കില്ലേ? യാത്ര തുടരുന്നു.
ഇനി ദേശാടനപ്പക്ഷികളുടെ പുണ്യഭൂമിയിലേക്ക്. കടലുണ്ടിയിലെ വിരുന്നുകാരെ കാണാന്‍ കൊതിയാകുന്നു. അവിടെ വിദേശികളാണേറെ. ഹോളണ്ട്, കാപ്സിയന്‍ കടല്‍ , വടക്കന്‍ ചൈന എന്നിവിടങ്ങളില്‍ കാണുന്ന അവോസെറ്റ്, കരിങ്കടല്‍, കാപ്സിയന്‍ കടല്‍, അറ്റ്‌ലാന്റിക്, മെഡിറ്ററേനിയന്‍ തീരങ്ങള്‍, ബ്രിട്ടീഷ് തീരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന സാന്‍ഡ് വിച്ച് ടണ്‍ (ആളകള്‍). വടക്കന്‍ യൂറോപ്പ്, വടക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ സ്വദേശികളായ കറുത്തവാലന്‍, വരവാലന്‍ ഗോഡ്വിറ്റുകള്‍, തെക്കന്‍ സൌദി അറേബ്യ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിരുന്നുകാരായ പവിഴക്കാലി, ആര്‍ട്ടിക് പ്രദേശത്തുകാരുടെ ചാര ഫ്ലവര്‍ , യൂറോപ്പിലും ഏഷ്യയിലും താമസക്കാരായ കരണ്ടിക്കൊക്കന്‍, വടക്കന്‍ റഷ്യയിലും സൈബീരിയയിലും കാണപ്പെടുന്ന ടെറക് മണലൂതി തുടങ്ങി, കടലുണ്ടിയുടെ പക്ഷിക്കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ തുരത്തുകളുടെ കൂട്ടമാണിവിടെ, കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധം.
തീരപ്രദേശത്തോടു വിടപറയുകയാണ്. മലകളും താഴ്വരകളും കാണാന്‍ ആദ്യമെത്തുന്നത് ഊരകം മലയില്‍ . ഈ മല കയറിയാല്‍ രണ്ടു ഗുണം മലബാറിന്റെ കാഴ്ചഗോപുരം എന്നു വിശേഷിപ്പിക്കുന്ന മലയ്ക്കു മുകളില്‍ നിന്നു നോക്കി മലബാറിന്റെ പ്രകൃതി ആസ്വദിക്കാം. അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ജൈനക്ഷേത്രം സന്ദര്‍ശിക്കാം. സാഹസിക സഞ്ചാരികളോടാണ് ഊരകം മലയ്ക്കുപ്രിയം.
ഊരകത്തു നിന്നു മലപ്പുറത്തേക്കുള്ള വഴിയില്‍ ബ്രിട്ടീഷ് പട്ടാളത്തോടുള്ള സമരത്തിന്റെ സ്മാരകം പോലെ മലപ്പുറം വലിയ പള്ളി. പള്ളിക്കുചുറ്റും രക്തസാക്ഷികളുടെ ഖബറുകള്‍. ഇപ്പോള്‍ നാം മലപ്പുറത്തെത്തി. മലപ്പുറം കലക്ടറുടെ ഓഫീസിനടുത്തു നിന്നു നോക്കുമ്പോള്‍ കടലുണ്ടിപ്പുഴ എത്ര സുന്ദരി. അതിനപ്പുറം നോക്കെത്താ ദൂരത്ത് പച്ചപ്പും.
തിരിച്ച് അല്‍പം മുന്നോട്ടു പോയാല്‍ കോട്ടക്കുന്നിലേക്കു തിരിയുകയായി. മലപ്പുറം പട്ടണത്തിന് നടുവില്‍ പീഠം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഭൂമിയില്‍ ചരിത്രമുറങ്ങുന്നു. എണ്ണൂറോളം വര്‍ഷം മുമ്പു മലപ്പുറം പാറ നമ്പിയുടെ അധീനതയിലായിരുന്നപ്പോള്‍ മുതല്‍ കോട്ടക്കുന്ന് തന്ത്രപ്രധാനമായ പ്രദേശമായിരുന്നു. ഇവിടെ വലിയ കോട്ടയുണ്ടായിരുന്നുവെന്നു ചരിത്രം. കോട്ടപ്പടി, മൂന്നാം പടി തുടങ്ങിയവ ആ കോട്ടയുടെ പടികളായിരുന്നുവത്രെ. കോടക്കുന്നില്‍ നിന്നു രക്ഷപ്പെടാന്‍ പ്രത്യേക തുരങ്കങ്ങളുണ്ടായിരുന്നുവത്രെ. ബ്രിട്ടീഷുകാരുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വെടിവെയ്പു പരിശീലന കേന്ദ്രമായിരുന്നു കോട്ടക്കുന്ന്. പില്‍ക്കാലത്ത് മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റുവീണതും കോട്ടക്കുന്നിന്റെ ചരിവില്‍ .
സൂര്യന്‍ പടിഞ്ഞാറ് താഴ്ന്നിറങ്ങുമ്പോള്‍ കോട്ടക്കുന്ന് ചുട്ടുപഴുത്ത ഇരുമ്പിനെപ്പോലെ ചുവപ്പ്. നേര്‍ത്ത കാറ്റേറ്റ് കുന്നിനുമുകളില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഇത്തിരി അഹങ്കാരം കൂടി. പച്ചയണിഞ്ഞ ഈ ഭൂമി നമുക്കു മാത്രമാണല്ലോ. കോട്ടക്കുന്നിന് താഴെ കുട്ടികളുടെ പാര്‍ക്കുണ്ട്. ഓഡിറ്റോറിയവും ഗ്രന്ഥശാലയും ഉണ്ട്.
ഇനി കൊണ്ടോട്ടിയിലേക്ക്. അവിടെയെത്തുമ്പോള്‍ ചുണ്ടിലൊരു മാപ്പിളപ്പാട്ട് അറിയാതെയെത്തും. മാപ്പിളപ്പാട്ടിന്റെ ആചാര്യന്‍ മോയിന്‍കുട്ടി വൈദ്യരുടെ തട്ടകമായിരുന്നല്ലോ അത്. ഇന്നു കൊണ്ടോട്ടിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു വൈദ്യര്‍ സ്മാരകം.
ദേശീയ പാതയില്‍ പെരിന്തല്‍മണ്ണയിലേക്ക്. ഭക്തകവി പൂന്താനത്തിന്റെ ജന്മഗേഹം മധ്യകാല മലയാള സാഹിത്യത്തിന്റെ തറവാട്, പൂന്താനം മനയും നാലുകെട്ടും പടുകൂറ്റന്‍ പത്തായപ്പുരയും കാണാം. നാലുകെട്ടിനകത്ത് തിരുമാന്ധാംകുന്നു ഭഗവതിയുടെ പ്രതിഷ്ഠയും നിത്യപൂജയുമുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി ഉടലോടെ സ്വര്‍ണ്ണം പുല്‍കിയെന്നാണ് ഐതിഹ്യം. മനയുടെ മുറ്റത്ത് അദ്ദേഹം സ്വര്‍ഗം പുല്‍കിയ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
അങ്ങാടിപ്പുറത്ത് തിരുമന്ധാംകുന്ന് ഭഗവതി ക്ഷേത്രം, വള്ളുവനാടിന്റെ ദേശീയോത്സവം എന്നറിയപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം ഇവിടെയാണ്. പൂരത്തിന് 500 ലേറെ വര്‍ഷത്തെ പഴക്കം ഉണ്ട്. പഴയ വള്ളുവനാടിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറത്തു കുന്നിന്‍ മുകളിലാണ് ക്ഷേത്രം. പഴയ പേര് തിരുമാനാം കുന്ന്. സുര്യവംശജനായ മാന്ധതാവു മഹര്‍ഷിയുടെ തപസ്സുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രോല്‍പത്തിയുടെ പ്രധാന ഐതിഹ്യം. മംഗല്യ സൗഭാഗ്യത്തിന്റെ പേരില്‍ പുകള്‍പ്പെട്ട തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാട് മംഗല്യപൂജ തന്നെ. ഭക്തര്‍ക്കു മനശാന്തിയുടെ തീരമായ തളിമഹാദേവ ക്ഷേത്രം. മതസൗഹാര്‍ദ്ദത്തിന്റെ സംസാരിക്കുന്ന തെളിവുകൂടിയാണ് ഈ പ്രദേശം. വലുപ്പത്തില്‍ ചെറുതെങ്കിലും കീര്‍ത്തിയില്‍ ഒന്നാം നിലയിലാണ് തളിക്ഷേത്രം.
വീണ്ടും ഉയരങ്ങളിലേക്ക് കൊടികുത്തിമല. മലപ്പുറത്തെ ഊട്ടിയെന്നാണ് നാം അതിനെ വിളിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരമേയുള്ളൂ. അതിനേക്കാള്‍ തണുപ്പേറിയ കാലാവസ്ഥ. 1000 അടി താഴചയുള്ള മുനമ്പും ഉണ്ട്. 1921 ലെ മലബാര്‍ സര്‍വ്വേയില്‍ പ്രധാന സിഗ്നല്‍ സ്റ്റേഷനായിരുന്നു ഈ പ്രദേശം. കൊടികുത്തിമല എന്ന പേരിന് പിന്നിലെ ചരിത്രമിത് തന്നെ. 55 ഏക്കര്‍ പുല്‍മേട്ടില്‍ മൂന്ന് നില ഉയരമുള്ള നിരീക്ഷണ ഗോപുരം. മുകളില്‍ അനന്തമായ നീലാകാശം. താഴെ കുന്നും താഴ്വരകളും തീര്‍ത്ത പച്ചപ്പ് കൊടികുത്തിമല നമ്മെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നു.
നാം കിഴക്കു നീലഗിരിയോടടുക്കുകയാണ്. നിലമ്പൂരില്‍ കേരള വനഗവേക്ഷണ സ്ഥാപനത്തിന്റേയും വനം വകുപ്പിന്റേയും നേതൃത്വത്തില്‍ 1996ല്‍ സ്ഥാപിച്ച തേക്ക് മ്യൂസിയം 25 ഏക്കര്‍ വ്യാപിച്ച് കിടക്കുന്നു. നിലമ്പൂരിലെ തേക്കിന്‍ കാടുകളെ ജീവനു തുല്യം സ്നേഹിച്ച ഡോസന്‍ സായിപ്പിന്റെ ശവകുടീരം സന്ദര്‍ശിക്കാതെ നിലമ്പൂര്‍ വിട്ടുപോകാന്‍ മനസ്സുവരില്ല. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായി 1922 ല്‍ നെടുങ്കയത്തെത്തിയ ഡോസനും ഭാര്യയും കാടിന് നടുവില്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാവിലായിരുന്നു താമസം. താന്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ഗര്‍ഡന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മുങ്ങാന്‍ കുഴിയിട്ട ഡോസന്‍ കാണാചുഴിയില്‍ പെട്ട് മുങ്ങിമരിക്കുകയായിരുന്നു. 1983ല്‍ നെടുങ്കയവും തേക്കും കാടും പുഴയും ഡോസന് വിട്ടുപിരിയാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഭാര്യ അദ്ദേഹത്തിന് അവിടെ തന്നെ ശവകുടീരമൊരുക്കി. ശവകുടീരത്തിന് വിളിപ്പാടകലെയാണ് നെടുങ്കയം ആനപ്പന്തിയും, ഫോറസ്റ്റ് ക്യാമ്പും.
ഡി.എഫ്.ഒ. ബംഗ്ലാവ് കാണാതെ എങ്ങനെയാണ് നിലമ്പൂരിനോട് വിടപറയുക. കാലത്തിന് പോറലേല്‍പ്പിക്കാന്‍ കഴിയാത്ത വലിയ കമാനങ്ങളും ചുവരും തറയും ബ്രിട്ടീഷുകാരും നാട്ടുകാരുമായ അനേകം ഡി.എഫ്.ഒ. മാര്‍ക്ക് ഈ കെട്ടിടം ആതിഥ്യമരുളി. അതിനേക്കാളേറെ വിനോദസഞ്ചാരികള്‍ക്ക് സ്വീകരണവും. സാഹസികരുടെ പുണ്യ കേന്ദ്രമായ കാളികാവിലൊരു ട്രക്കിങ്. കരുവാരക്കുണ്ട് കൂമ്പന്‍ മലയിലെ വെള്ളച്ചാട്ടം, ഒടുവിലിപ്പോള്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികെ താഴെ പ്രകൃതി സൃഷ്ടിച്ച നീന്തല്‍കുളം ട്രക്കിങിന് അനുയോജ്യം.
നാം കാണാതെ പോന്ന എത്രയെത്ര മനോഹര ദൃശ്യങ്ങള്‍ . അഴിഞ്ഞിലം, പുറത്തൂര്‍ , ഒലിപ്രം തുടങ്ങിയ പക്ഷി സങ്കേതങ്ങള്‍ . ചാലിയാര്‍ , കരിമ്പുഴ, കാഞ്ഞിരപ്പുഴ എന്നിവ സംഗമിക്കുന്ന ചാലിയാര്‍ മുക്കിലെ ത്രിവേണി സംഗമം മമ്പാട്ടെ ഒലിച്ചാട്ടം, പുത്തന്‍പള്ളി മഖാം, നിലമ്പൂര്‍ കോവിലകം, ഏലംകുളം മന, ടിപ്പുവിന്റെ കോട്ട, കൊളപ്പുറത്ത് മന, കാട്ടുമാടം മന, ചാലിയാറിലെ എടശ്ശേരി കടവില്‍ നാട്ടുകാര്‍ നടത്തുന്ന ജലോത്സവം ഈ പട്ടിക നീളുകയാണ്.







Post new comment