മറുനാട്ടുകാര്‍ക്ക് മലപ്പുറം ഒരു മാപ്പിള നാട് മാത്രമാണ്. തലയില്‍ വട്ടക്കെട്ടും അരയില്‍ മലപ്പുറം കത്തിയും തിരുകിയ മാപ്പിളമാരുടെ നാട്. ഖിലാഫത്ത് സമരവും പൂക്കോട്ടൂര്‍ യുദ്ധവും ഭാഷാ സമരവുമെല്ലാം ഉഴുതു മറിച്ച സമര ഭൂമി. എന്നാല്‍ പലരും ഓര്‍ക്കാത്ത ചിലതുണ്ട്. ഈ മണ്ണില്‍ നിന്നാണ് മലയാള ഭാഷ ചിറകടിച്ചുയര്‍ന്നത്. ഇവിടത്തെ ഇടവഴികളിലാണ് മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ ഇതള്‍ പൊഴിഞ്ഞത്. നിളയും ചാലിയാറും നീരും വളവും നല്‍കിയ ഈ മണ്ണില്‍ സമ്പന്നമായ ഒരു കാര്‍ഷിക സംസ്കൃതി ഉണ്ടായിരുന്നു. ആഹ്ലാദവും പരിഭവവുമെല്ലാം പാട്ടുകളിലൂടേയും ആഘോഷങ്ങളിലൂടേയും ആടിയും പാടിയും തീര്‍ത്തിരുന്ന ഒരു കൂട്ടം മനുഷ്യര്‍ . അവര്‍ക്കിടയില്‍ ജാതിയുടെയോ മതത്തിന്റെയോ അതിരുകളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ആഘോഷങ്ങള്‍ക്കും അതിരുകളില്ലായിരുന്നു. ഇന്നും മലപ്പുറത്തെ എണ്ണമറ്റ പൂരങ്ങളിലും നേര്‍ച്ചകളിലും വേലകളിലുമെല്ലാം ഈ ജനകീയ കൂട്ടായ്മ കാണാവുന്നതാണ്. റവന്യൂ രേഖകളില്‍ മലപ്പുറം ജില്ല എന്ന് വ്യവഹരിക്കപ്പെട്ടു പോരുന്ന ഈ പ്രദേശം കേരളീയ സംസ്കാരത്തിന്റെ ഒരാദിമ കേദാരമാണെന്നു പറയാം. വികസന കാര്യങ്ങളില്‍ വളരെയേറെ പിന്നിലാണെങ്കിലും സാംസ്കാരികമായി മലപ്പുറം ജില്ലയുള്‍പ്പെട്ട പ്രദേശങ്ങള്‍ ഒരു കാലത്തും പിന്നിലായിരുന്നില്ല.
സമര്‍പ്പിച്ചത് space തീയതി വെള്ളി, 11/13/2009 - 12:45
കാറ്റഗറി :







Post new comment