Skip to main content

സ്കൂളുകളില്‍ ബോധവത്ക്കരണ പരിപാടികള്‍ : ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം

കാറ്റഗറി :

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ സ്കൂളുകളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെ തീയതികളില്‍ സ്കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ , ശില്പശാലകള്‍ , പ്രദര്‍ശനങ്ങള്‍ , ചര്‍ച്ചകള്‍  , സാംസ്ക്കാരിക പരിപാടികള്‍ , പ്രധാന ദിന ആഘോഷങ്ങള്‍ എന്നിവ നടത്തുന്നതിന് പരമാവധി 4000 രൂപ വീതമാണ് ഒരു സ്കൂളിന് നല്‍കുക. പരിപാടികള്‍ നടത്തുന്നതിന് താത്പര്യമുള്ള സര്‍ക്കാര്‍ -എയ്ഡഡ്-അണ്‍  എയ്ഡഡ്-സി.ബി.എസ്.ഇ സ്കൂളുകള്‍ പരിപാടികളുടെ വിശദ വിവരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ diomlpm@gmail.com ലോ ഫെബ്രുവരി 16 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 സ്കൂളുകള്‍ക്കാണ് ധനസഹായം അനുവദിക്കുക. 

ഈ സ്കൂളുകള്‍ക്ക് അനുമതി പത്രത്തോടൊപ്പം ആദ്യ ഗഡു അനുവദിയ്ക്കും. പരിപാടിയുടെ റിപ്പോര്‍ട്ട് ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ ഹാജരാക്കുമ്പോള്‍ ബാക്കി തുക അനുവദിയ്ക്കും. പരിസ്ഥിതി-കാര്‍ഷിക-ടൂറിസം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ഈ ക്ലബുകള്‍ക്ക് പ്രാധാന്യം നല്‍കി പരിപാടികള്‍ നടത്തണം. പി.റ്റി.എ. യുടെ സഹകരണത്തോടെ പരിപാടികള്‍ സംഘടിപ്പിയ്ക്കാം.

ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ 'അറിയപ്പെടാത്ത മലപ്പുറം', റോഡ് മര്യാദ തുടങ്ങിയ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. കൂടാതെ പ്രശസ്തരായ വ്യക്തികളുടെ ജീവിതത്തെ ആധാരമാക്കി ഐ-പി.ആര്‍ .ഡി തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിയ്ക്കും. ഇവയുടെ പകര്‍പ്പെടുത്ത് സ്കൂളുകളില്‍ പ്രദര്‍ശിപ്പിയ്ക്കാം. പത്താം ക്ലാസ് പരീക്ഷ എഴുതുന്നവര്‍ക്ക് കൗണ്‍സലിങ്, പ്രത്യേക ക്ലാസുകള്‍ , പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ക്ലാസുകള്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ , പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് മെഡിക്കല്‍ കാംപ്, അവധിക്കാലം പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍ , കംപ്യൂട്ടര്‍ പഠനം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആരോഗ്യം, ശുചിത്വമിഷന്‍ , കൃഷി, ഗ്രാമ വികസന വകുപ്പുകളുമായി സഹകരിച്ച് നടത്താം. കൂടുതല്‍ വിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അറിയാം.