Skip to main content

മലപ്പുറം ജില്ല

1969 ജൂണ്‍ 16നാണ് കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ഏറനാട്, തിരൂര്‍ , പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകള്‍ വേര്‍‌പെടുത്തി മലപ്പുറം ജില്ല രൂപീകരിച്ചത്. മലരണിക്കാടുകളും, മരതകപ്പട്ടുടുത്ത മാമലകളും, പച്ചപ്പാടങ്ങളും, കൊച്ചരി പ്രാവുകളും, സൗഹൃദത്തിന്റെ സ്നേഹഗീതി പാടുന്ന മാനുഷരും, സ്വാതന്ത്ര്യത്തിന് വേണ്ടി ചോര കൊടുത്ത ധീര ദേശാഭിമാനികളും, സമന്വയത്തിന്റെ തേരു തെളിച്ച സാംസ്കാരിക നായകരും വീരചരിതം രചിച്ച ദൈവത്തിന്റെ സ്വന്തം നാട് മലപ്പുറം തന്നെയാണ്. നിളാ നദിയും, ചാലിയാറും, കടലുണ്ടിപ്പുഴയും തന്ന സമൃദ്ധിയുടെ തേരിലേറി, ഫലഭൂയിഷ്ഠമായ മണ്ണും, തഴച്ചു വളരുന്ന മാമരങ്ങളും, നിബിഢ വനങ്ങളുമെല്ലാം സ്വന്തമാക്കി, മണ്ണിനെ പൊന്നാക്കി മാറ്റിയ കര്‍മശീലരെ കൊണ്ട് ചരിത്രത്തെ സമ്പന്നമാക്കിയ നാടാണിത്. തൃക്കാവ് ക്ഷേത്രത്തിലെ ശംഖൊലിയും, വലിയ പള്ളിയിലെ ബാങ്കൊലിയും സംഗമിക്കുമ്പോള്‍ മലപ്പുറം സൗഹാര്‍ദ്ദത്തിന്റെ സംഗീത സദസ്സൊരുക്കുകയാണ്. കളിയാട്ടക്കാവിലമ്മക്ക് കാവൊരുക്കിയ മമ്പുറം തങ്ങളുടെ മഖ്ബറ കാണാന്‍ ഇങ്ങു മലപ്പുറത്തു തന്നെ വരണം. മലയാളത്തിന്റെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരും, ഭക്ത കവി പൂന്താനവും പിറന്നത് ഈ മാമല നാട്ടിലാണ്. പാരതന്ത്ര്യത്തോടൊരിക്കലും രാജിയാകാത്ത മാധവന്‍ നായരും, മൊയ്തു മൗലവിയും ഇവിടത്തുകാരാണ്. ബ്രഹ്മദത്തന്‍ നമ്പൂതിരിയും, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടും, മലയാള സാഹിത്യത്തിന്റെ സാമ്രാട്ടുകളായ ഇടശ്ശേരിയും, ഉറൂബും, മാരാരും, എം.ഗോവിന്ദനും, ചെറുകാടും  മലപ്പുറത്തിന്റെ ചുണക്കുട്ടികളാണ്. മലപ്പുറത്തെ മഹനീയ സംസ്കാരത്തിലേക്ക് നയിച്ച പാണക്കാട്ടെയും, മലപ്പുറത്തെയും തങ്ങന്മാരും ഇതേ പൈതൃകത്തിന്റെ കണ്ണികള്‍ തന്നെയാണ്.

സിവില്‍ സര്‍വീസ് പരിശീലനം

കാറ്റഗറി :

പൊന്നാനി സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍ ) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്നു. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. റഗുലര്‍ ബാച്ചും ജോലി ചെയ്യുന്നവര്‍ക്കായി വീക്ക്എന്‍ഡ് ക്ലാസുകളുമുണ്ട്. അപേക്ഷാഫോം ഇന്ന് (മെയ്15) മുതല്‍ പ്രവൃത്തിദിവസങ്ങളില്‍ 100രൂപ ഫീസ് അടച്ചാല്‍ പൊന്നാനി ഐ.സി.എസ്.ആര്‍ ല്‍ നിന്നും ലഭിക്കും. അപേക്ഷാഫോം ccek.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. Director, center for continuing  education Kerala യുടെ പേരില്‍ തിരുവനന്തപുരത്ത് ദേശസാത്കൃത ബാങ്കില്‍ മാറാവുന്ന 100 രൂപയുടെ ക്രോസ് ചെയ്ത ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ മെയ് 30 നകം കോഡിനേറ്റര്‍ , ഐ.സി.എസ്.ആര്‍ , ഈശ്വരമംഗലം (പി.ഒ), പൊന്നാനി വിലാസത്തില്‍ ലഭിക്കണം.

ജില്ലയില്‍ ഉടന്‍ ഇ. ഡിസ്ട്രിക്റ്റ് നടപ്പാക്കും - വ്യവസായ മന്ത്രി

കാറ്റഗറി :

ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഉടന്‍ ഇ.ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ - ഐ.റ്റി വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു. 2002-03 ല്‍ അക്ഷയ പദ്ധതി മികച്ച നിലയില്‍ നടപ്പാക്കിയതിന് 2005 ല്‍ ജില്ലയ്ക്ക് ലഭിച്ച ഗോള്‍ഡന്‍ നിക്ക അവാര്‍ഡ് ജില്ലാ പഞ്ചായത്തിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രസ്റ്റി നിയമനം

കാറ്റഗറി :

പെരിന്തല്‍മണ്ണ താലൂക്ക് ചെമ്മലശ്ശേരി ശ്രീകൃഷ്ണപുരം ദേവസ്വത്തിലും പൊന്നാനി താലൂക്ക് ആലങ്കോട് വില്ലേജിലെ ശ്രീ അഷ്ടയില്‍ ചേന്ദമംഗലം മേതൃക്കോവില്‍ ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമത ധര്‍മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശീയര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം മലപ്പുറം അസി. കമ്മീഷണറുടെ ഓഫിസിലും ബോര്‍ഡിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും. ശ്രീകൃഷ്ണപുരം ദേവസ്വത്തിലേക്ക് മെയ് 31 നകവും മേതൃക്കോവില്‍ ക്ഷേത്രത്തിലേക്ക് ജൂണ്‍ ആറിനകവും അപേക്ഷിക്കണം.

സ്മാര്‍ട്ട് ക്ലാസ് റൂം : 111 സ്കൂളുകള്‍ക്ക് ലാപ്‌ടോപ്

കാറ്റഗറി :

സംസ്ഥാനത്തെ സ്കൂളുകളില്‍ കംപ്യൂട്ടറധിഷിഠിത പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്.എയുടെ ലാപ്‌ടോപ് വിതരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും `സ്മാര്‍ട്ട് ക്ലാസ്' റൂം നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലയിലെ 111 സ്കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ മന്ത്രി വിതരണം ചെയ്തു.തിരൂര്‍ ജി.എം.യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ സി.മമ്മുട്ടി എം.എല്‍ .എ അധ്യക്ഷനായിരുന്നു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി.

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കാറ്റഗറി :

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2011-12 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയ്ഡഡ്/അംഗീകൃത സ്കൂളുകള്‍ / സെന്‍ട്രല്‍ /ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്കൂളുകളില്‍ 8-ാം ക്ലാസ് മുതല്‍ പഠിക്കുന്നവര്‍ക്കും കോളേജില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷ ജൂണ്‍ 15 നകം പൂരിപ്പിച്ച് നല്‍കണം.

പിന്നാക്ക വികസനം: താലൂക്ക് തലത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസ് തുടങ്ങും - മന്ത്രി എ.പി.അനില്‍കുമാര്‍

കാറ്റഗറി :

പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആനുകുല്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ താലൂക്ക് തലത്തില്‍ ഓഫീസ് ആരംഭിക്കുമെന്ന് പട്ടികജാതി-പിന്നാക്ക-ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്ള ലഘുവായ്പാ വിതരണവും ബോധവത്കരണ കാംപും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഐ.എച്ച്.ആര്‍ .ഡി കോളെജ് കെട്ടിടം: ശിലാ സ്ഥാപനം 17 ന്

കാറ്റഗറി :

വട്ടംകുളത്ത് ഐ.എച്ച്.ആര്‍ .ഡിയുടടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലൈഡ് സയന്‍സിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  നെല്ലിശ്ശേരി എ.യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ മെയ് 17 ഉച്ചക്ക് ഒരു മണിയ്ക്ക് നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.ടി.ജലീല്‍ എം.എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാറ്റഗറി :

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തര മേഖലയിലെ നീലേശ്വരം, (കാസര്‍ഗോഡ്)മാടായി(കണ്ണൂര്‍ ), കുറുവങ്ങാട്, എലത്തൂര്‍ ,(കോഴിക്കോട്), പാിക്കാട്, പാതായ്ക്കര, പൊന്നാനി(മലപ്പുറം), പാലപ്പുറം, ചിറ്റൂര്‍ , മംഗലം(പാലക്കാട്), മായന്നൂര്‍, എങ്കക്കാട്, പുല്ലൂറ്റ്, നടത്തറ, ഇടത്തുരുത്തി,വി.ആര്‍ പുരം, ഹെര്‍ബര്‍ട്ട് നഗര്‍ , എരുമപ്പെട്ടി (തൃശൂര്‍ ), ഐ.റ്റി.ഐകളില്‍ കംപ്യൂട്ടര്‍ സാക്ഷരതാ കോഴ്‌സ് പഠിപ്പിക്കുന്നതിന് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്.മണിക്കൂറിന് 225 രൂപ നിരക്കില്‍ ഒരുമാസം 7500 രൂപയാണ് വേതനം.

തിരൂര്‍ കോടതി സമുച്ചയത്തിന്റെ ഉദ്ഘാനം നാളെ

കാറ്റഗറി :

തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ ആധുനിക സജ്ജീകരണങ്ങോളോടുകൂടി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (മെയ് 17) വൈകീട്ട് 3 ന് കോടതി പരിസരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷത വഹിക്കും. എം.എ.സി.റ്റി കോടതിയുടെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ താക്കോല്‍ദാനം പട്ടികജാതി-പിന്നാക്ക വികസന ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും നിര്‍വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍ .എ. മാരായ സി. മമ്മൂട്ടി, അഡ്വ. എന്‍ . ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, മുന്‍ എം.എല്‍ .എ. പി.പി.അബ്ദുള്ളക്കുട്ടി, കൗണ്‍സിലര്‍ കെ.കെ.അബ്ദുള്‍സലാം എന്നിവര്‍ ആശംസ നേരും.

അധ്യാപക ഒഴിവ്

കാറ്റഗറി :

 പാങ്ങ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസ വേതാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സൈക്കോളജി, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഷയങ്ങള്‍ക്കാണ് ദിവസ വേതാടിസ്ഥാനത്തില്‍ നിയമനം. താത്പര്യമുള്ളവര്‍ മെയ് മൂന്നിന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍ . 04933244492, 9947264151

ചെത്തുകടവ് പാലം നിര്‍മാണം : മുഖ്യമന്ത്രി 17 ന് ശിലയിടും

കാറ്റഗറി :

വണ്ടൂൂര്‍ നിയോജക മണ്ഡലത്തിലെ വണ്ടൂൂര്‍ - കാളികാവ് റോഡില്‍ കാളികാവ് പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചെത്തുകടവ് പാലത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെയ് 17 ന് ശിലയിടും. വൂര്‍ - കാളികാവ് റോഡിന്റെ പുരോഗമന പവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. വൈകീട്ട് 6 ന് നടക്കുന്ന പരിപാടിയില്‍ പിന്നാക്ക ക്ഷേമ - ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജെ.മറിയക്കുട്ടി ടീച്ചര്‍ , അജിത കുതിരാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആലിപ്പത്ത് ജമീല, ബീന സുരേഷ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സിമിയ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, മെമ്പര്‍ പി.ഖാലിദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഗോള്‍ഡന്‍നിക്ക അവാര്‍ഡ് സമര്‍പ്പണം നാളെ

കാറ്റഗറി :

സംസ്ഥാനത്ത് ആദ്യമായി ഇ-ലിറ്ററസി നേടിയ മലപ്പുറം ജില്ലയ്ക്ക് ലഭ്യമായ അന്തര്‍ദേശീയ അംഗീകാരമായ ഗോള്‍ഡന്‍നിക്ക അവാര്‍ഡ് സമര്‍പ്പണം നൂറടി റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നാളെ (ഏപ്രില്‍ 28) രാവിലെ പതിനൊന്നിന് ഐ ടി - വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡ് സുഹറ മമ്പാട് ഏറ്റുവാങ്ങും. പി ഉബൈദുല്ല എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. അക്ഷയ അവാര്‍ഡ് വൈദ്യുതി-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ്, പട്ടികജാതി-പിന്നോക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ യഥാക്രമം അഡ്വ. എം ഉമ്മര്‍ എം എല്‍ എ, അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ, മുന്‍ ജില്ലാ കലക്ടര്‍ ശിവശങ്കരന്‍ എന്നിവര്‍ക്ക് നല്‍കും.

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

കാറ്റഗറി :

കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാളെ (മെയ് 17) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര-വിദേശ-മാനവ വിഭവ വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വെദ്യുത-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടുറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ , വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.പി. ഇ.ടി.മുഹമ്മദ് ബഷീര്‍ , മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എം.എല്‍ .എമാരായ കെ.ടി.ജലീല്‍ , പി.ശ്രീരാമകൃഷ്ണന്‍ , സി.മമ്മുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ എം.എല്‍ .എ പി.പി.അബ്ദുള്ളക്കുട്ടി, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍ .അമലോര്‍ പവനാഥന്‍ , തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അപകട ഇന്‍ഷുറന്‍സും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും:ആബി അംഗമാവാം 30 വരെ

കാറ്റഗറി :

ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതര്‍ക്കും അഞ്ച് സെന്റോ അതില്‍ കുറവോ ഭൂമിയുളള കുടുംബങ്ങള്‍ക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ആം ആദ്മി ബിമ യോജന (ആബി) പദ്ധതിയില്‍ അംഗമാകാന്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ , വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ ശേഷം തിരികെ നല്‍കണം. 18 മുതല്‍ 59 വരെ പ്രായമുളളവര്‍ക്ക് അംഗമാകാം.

ഫുഡ് ക്രാഫ്റ്റ് കോഴ്‌സ്: അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് അപേക്ഷിക്കാം

കാറ്റഗറി :

സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് തിരൂര്‍ , അങ്ങാടിപ്പുറം സെന്ററുകളില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ , ഫുഡ് ആന്‍ഡ് ബവ്‌റിജ് സര്‍വീസ്, ഫ്രന്‍ഡ് ഓഫീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നഗരസഭ പ്രദേശത്ത് താമസിക്കുന്നവരും കുടുംബശ്രീ അയല്‍ക്കൂട്ട അംഗത്വമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരും എസ്.എസ്.എല്‍ .സി പാസായവരുമാവണം. ഫീസ് പൂര്‍ണ്ണമായും കുടുംബശ്രീ വഹിക്കുമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.

പച്ചക്കറി - സംരക്ഷിത കൃഷി സെമിനാര്‍ നടത്തി

കാറ്റഗറി :

`ആത്മ'യുടെ ആഭിമുഖ്യത്തില്‍ ഒതുക്കുങ്ങല്‍ കൃഷിഭവന്‍ നടത്തിയ കാര്‍ഷിക സെമിനാര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊട്ടനാലന്‍ മമ്മതുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആമിന വെങ്കിട്ട മുഖ്യപ്രഭാഷണം നടത്തി. സംരക്ഷിത കൃഷിയെക്കുറിച്ച് ആനക്കയം കശുമാവ് ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി രാജേന്ദ്രനും പച്ചക്കറി കൃഷിയിലെ കീടനിയന്ത്രണത്തെക്കുറിച്ച് തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫസ്സര്‍ ഡോ. ബെറിന്‍ പത്രോസ് ക്ലാസ്സെടുത്തു. കൃഷി അസി. ഡയറക്ടര്‍ ടി പുഷ്കരന്‍ , കുരുണിയന്‍ ഹസീന, കൃഷി ഓഫീസര്‍ റോസിലി മാത്യു, അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

അറ്റന്‍ഡര്‍ , സ്വീപ്പര്‍ ഒഴിവ് പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം

കാറ്റഗറി :

പട്ടികജാതി വകുപ്പുമായുള്ള സംയുക്ത സംരഭമായ ഹോമിയോ ഹെല്‍ത്ത് കെയര്‍ സെന്ററിലേക്ക് പട്ടികജാതി കോളനികളില്‍നിന്ന് അറ്റന്‍ഡര്‍ , പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരെ നിയമിക്കുന്നതിന് മെയ് 14 ന് കൂടിക്കാഴ്ച നടത്തും. കാളികാവ് പഞ്ചായത്തിലെ അടയ്ക്കാകുണ്ട്, നെടിയിരുപ്പ്, കാട്ടാശ്ശേരി കോളനി, താനൂര്‍ ഓട്ടുമ്പുറം പട്ടിക ജാതി കോളനികളിലെ സ്ഥിരം താമസക്കാരായ എസ്.എസ്.എല്‍ .സിയും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ അറ്റന്‍ഡര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍ .സിക്ക് താഴെ യോഗ്യതയുള്ളവര്‍ സ്വീപ്പര്‍ തസ്തികയിലേക്കും തെരഞ്ഞെടുപ്പിന് സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പുമായി മെയ് 14 ന് രാവിലെ 10 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

സൗജന്യ ഹോസ്പിറ്റാലിറ്റി പരിശീലനം

കാറ്റഗറി :

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി നടത്തുന്ന തൊഴില്‍ സാധ്യതയുളള ഹ്രസ്വകാല ഹോസ്പിറ്റാലിറ്റി ഹോട്ടല്‍ മാനെജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍ , ഫുഡ് ആന്‍ഡ് ബവ്‌റിജ് സര്‍വീസ് ട്രേഡുകളില്‍ യഥാക്രമം എട്ട്, ആറ് ആഴ്ച്ച വീതമുളള കോഴ്‌സുകള്‍ക്ക് എട്ടാം ക്ലാസ് പാസായ 18 നും 25 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പഠനോപകരണങ്ങളും യൂനിഫോമും ഉള്‍പ്പെടെയുളള സൗജന്യ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈപെന്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ക്ലാസ്സുകള്‍ മെയ് ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് തിരൂര്‍ ഏഴൂര്‍ റോഡിലുളള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം. ഫോണ്‍ 0494 2430802, 9447539585, 9895510650.

പ്രൊജക്റ്റ് മാനേജരെ ആവശ്യമുണ്ട്

കാറ്റഗറി :

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹോപ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന സുരക്ഷാ പ്രൊജകറ്റില്‍ പ്രൊജക്റ്റ് മാനേജരെ ആവശ്യമുണ്ട്. എം.എസ്.ഡബ്ല്യ, എം.പി.എച്ച്, എം.എ സൊഷ്യോളജി എന്നിവയില്‍ ഏതെങ്കിലും കൂടാതെ എച്ച്.ഐ.വി/എയ്ഡ്‌സ് നിയന്ത്രണ പരിപാടിയിലോ സാമൂഹിക പ്രവര്‍ത്തനത്തിലോ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭിലഷണീയം. ശമ്പളം 8000 രൂപയും യാത്രാ ബത്തയും. താത്പര്യമുള്ളവര്‍ ബയോഡാറ്റാ സഹിതമുള്ള അപേക്ഷ മെയ് 15 നകം ഹോപ് ഐഡിയു സുരക്ഷാ പ്രൊജക്റ്റ്, 12/156 നന്ദനം നിവാസ്, കാവുങ്ങല്‍ , മലപ്പുറം. ഫോണ്‍ 0483 2734180.

ആധാര്‍ രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ബഹു.എം.എല്‍ .എ അബ്ദു റഹ‍്മാന്‍ രണ്ടത്താണി നിര്‍വഹിച്ചു

കാറ്റഗറി :

Unique Identification Authority of india നടപ്പിലാക്കുന്ന പദ്ധതിയാണ് ആധാര്‍ . ആധാര്‍ നമ്പര്‍ ലഭിക്കുന്നതിന് വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങളും റസിഡന്‍ഷ്യല്‍ വിവരങ്ങളും ആവശ്യമാണ്. ബയോമെട്രിക് ഡാറ്റയില്‍ എന്‍റോള്‍ ചെയ്യുന്ന വ്യക്തിയുടെ ഫോട്ടോ, കൃഷ്ണമണിയുടെ അടയാളവും പത്തുവിരലുകളുടെ അടയാളവും എടുക്കേണ്ടതാണ്. ഈ വിവരങ്ങള്‍ യു.ഐ.ഡിയിലേക്ക് അയച്ചതിനുശേഷം വ്യക്തികള്‍ക്ക് ആധാര്‍ നമ്പര്‍ പോസ്റ്റല്‍ മുഖേന എത്തുന്നതാണ്. ഒന്നാം ഘട്ടത്തില്‍ എറ്റവും കൂടുതല്‍ എന്‍റോള്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. ആധാര്‍ രണ്ടാംഘട്ടം എന്‍റോള്‍മെന്റ് മലപ്പുറം ജില്ലയില്‍ ആരംഭിച്ചതിന്റെ ഉദ്ഘാടനം  ബഹുമാനപ്പെട്ട എം.എല്‍ .എ ശ്രീ. അബ്ദു റഹ്‍മാന്‍ രണ്ടത്താണി നിര്‍വഹിച്ചു.

Syndicate content